ട്രംപ് വൈറ്റ് ഹൗസിൽ തിരിച്ചെത്തി; ഈയാഴ്ച പ്രചാരണം പുനരാരംഭിക്കും

ന്യൂയോർക്ക്: മൂന്നു ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം   അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ തിരിച്ചെത്തി. താൻ വീണ്ടും തിരഞ്ഞെടുപ്പു പ്രചാരണ  രംഗത്തു സജീവമാകുമെന്നു ട്രംപ് വ്യക്തമാക്കി.

വൈറ്റ് ഹൗസിൽ എത്തിയ ഉടനെ മുഖാവരണം വലിച്ചു മാറ്റിയ പ്രസിഡണ്ട് തനിക്കു ഇപ്പോൾ യാതൊരു ആരോഗ്യപ്രശ്നവുമില്ലെന്നും  അമേരിക്കക്കാർ കൊറോണാ രോഗബാധയെ ഭയക്കേണ്ടതില്ലെന്നും ട്വിറ്ററിൽ കുറിച്ചു. എന്നാൽ പ്രസിഡണ്ടിന്റെ നടപടികൾ അമേരിക്കക്കാരെ കൂടുതൽ ആപത്തിലാക്കുന്നതാണെന്ന് വിവിധ  മാധ്യമങ്ങൾ ആരോപിച്ചു. ഇതിനകം തന്നെ രാജ്യത്തു 210,000 പേരിലധികം ആളുകൾ കൊറോണാ  രോഗബാധ കാരണം മരിച്ചിട്ടുണ്ട്. രോഗഭീഷണിയെ  കുറച്ചു കാണിക്കുന്ന പ്രസിഡന്റിന്റെ നടപടികൾ അതിനാൽ പൊതുസമൂഹ താൽപര്യങ്ങൾക്കു വിരുദ്ധമാണെന്നു പല നിരീക്ഷകരും ചൂണ്ടിക്കാട്ടി.

അടുത്ത 15നു നടക്കേണ്ട പ്രസിഡണ്ട് സ്ഥാനാർത്ഥികൾ തമ്മിലുള്ള രണ്ടാം വട്ട ഡിബേറ്റ് കൃത്യസമയത്തു നടക്കുമോ എന്ന കാര്യത്തിൽ ഇനിയും ഉറപ്പില്ല. പ്രസിഡണ്ട് ക്വാറന്റൈനിൽ കഴിയേണ്ട അവസരമാണെങ്കിലും ഡോക്ടർമാർ അനുവദിക്കുകയാണെങ്കിൽ താൻ സംവാദത്തിനു തയ്യാറാണെന്ന് ഡെമോക്രാറ്റിക്‌ പാർട്ടി സ്ഥാനാർഥി ജോ ബൈഡൻ അറിയിച്ചിട്ടുണ്ട്. 

Leave a Reply