കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾക്കു വിലക്ക്; അമേരിക്ക വീണ്ടും മക്കാർത്തി യുഗത്തിലേക്ക്
ഹോങ്കോങ്: കമ്മ്യൂണിസ്റ്റ് പാർട്ടി അംഗത്വമോ പാർട്ടിയുമായി അടുത്ത ബന്ധമോ ഉള്ള വ്യക്തികൾക്ക് അമേരിക്കയിൽ ദീർഘകാല താമസത്തിനും പൗരത്വത്തിനും വിലക്ക് ഏർപ്പടുത്തിക്കൊണ്ടു യു എസ് എമിഗ്രെഷൻ വകുപ്പ് എല്ലാ എംബസ്സികൾക്കും നിർദേശങ്ങൾ അയച്ചതായി പ്രമുഖ പത്രമായ സൗത്ത് ചൈനാ മോർണിങ് പോസ്റ്റ് ഇന്നലെ റിപ്പോർട്ട് ചെയ്തു.
പ്രധാനമായി ചൈനയിൽ നിന്നുള്ള റസിഡൻസി, പൗരത്വ അപേക്ഷകരെയാണ് പുതിയ നിർദേശങ്ങൾ ബാധിക്കുകയെന്നു പത്രം റിപ്പോർട്ട് ചെയ്തു. ചൈനയുമായുള്ള തർക്കങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ ഇത്തരം നിയന്ത്രണങ്ങൾ കൊണ്ടുവരാൻ അമേരിക്കൻ വിദേശകാര്യ വകുപ്പ് ആലോചന നടത്തുന്നതായി ജൂലൈ 15നു ന്യൂയോർക്ക് ടൈംസാണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. ചൈനയിൽ നിന്നുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾക്ക് അമേരിക്കയിൽ പഠിക്കുന്നതും ജോലിചെയ്യുന്നതും അവിടെ പൗരത്വം സ്വീകരിക്കുന്നതും പ്രായോഗികമായി അസാധ്യമാക്കുകയെന്നതാണ് ട്രംപ് ഭരണകൂടത്തിന്റെ പുതിയ നയത്തിന്റെ ലക്ഷ്യമെന്നു ന്യൂയോർക്ക് ടൈംസ് ചൂണ്ടിക്കാട്ടിയിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾക്കു അമേരിക്കയിലേക്ക് യാത്രാവിസ നൽകുന്നതുപോലും ഒഴിവാക്കുന്ന കാര്യം നേരത്തെ പരിഗണിച്ചിരുന്നുവങ്കിലും ഈയാഴ്ച എംബസ്സികൾക്കു നൽകിയ സർക്കുലറിൽ അക്കാര്യം പറയുന്നില്ല.
ട്രംപ് ഭരണകൂടം ചൈനക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന വാണിജ്യയുദ്ധങ്ങളുടെ ഭാഗമായാണ് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. ചൈനയുമായുള്ള വ്യാപാരബന്ധങ്ങൾ നിയന്ത്രിക്കുകയും ചൈനീസ് നിക്ഷേപങ്ങൾ നിരുത്സാഹപ്പെടുത്തി ആ രാജ്യത്തെ സാമ്പത്തിക ഉപരോധത്തിലൂടെ തകർക്കുകയുമാണ് അമേരിക്കയുടെ ലക്ഷ്യമെന്നു വിവിധ മാധ്യമങ്ങളും നിരീക്ഷകരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
എന്നാൽ ശീതയുദ്ധകാലത്തെ ഇത്തരം നയങ്ങൾ നടപ്പാക്കുകയെന്നത് അമേരിക്കയ്ക്ക് വളരെ പ്രയാസമായിരിക്കുമെന്നു ന്യൂയോർക്ക് ടൈംസ് ഒരു അവലോകനത്തിൽ ചൂണ്ടിക്കാണിക്കുന്നു. ചൈനയിൽ ഒമ്പതുകോടിയിലേറെ വ്യക്തികൾ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളാണെന്നാണ് ഔദ്യോഗിക കണക്കുകൾ പറയുന്നത്. ചൈനീസ് സർക്കാരിലെയും വിവിധ സ്ഥാപനങ്ങളിലെയും സർവ്വകലാശാലകൾ അടക്കം സാംസ്‌കാരിക, വിദ്യാഭ്യാസ, സാമ്പത്തിക മേഖലകളിലേയും പ്രധാനികൾ കമ്മ്യൂണിസ്റ്റ് പാർട്ടിഅംഗങ്ങളാണ്. അവരിൽ പലരും ചൈനീസ് സർക്കാരുമായി കടുത്ത ഭിന്നതയുളളവരും രാജ്യത്തു വിമത സ്വരം ഉയർത്തുന്നവരുമാണെന്നും പത്രം ചൂണ്ടിക്കാട്ടി. ഉദാഹരണത്തിന് ചൈനയിൽ കോവിഡ് വൈറസ് വ്യാപനം സംബന്ധിച്ചു ആദ്യ സൂചന നൽകിയ ഡോ. ലി വെൻലിയാങ് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായിരുന്നു. രോഗം സംബന്ധിച്ചു പുറത്തു പറഞ്ഞതിന്റെ പേരിൽ പോലീസ് അദ്ദേഹത്തെ ചോദ്യം ചെയ്യുകയുണ്ടായി. അതേപോലെ വൈഗുർ വിമതനും സഖറോവ് സമ്മാനം നേടിയ വ്യക്തിയുമായ സാമ്പത്തിക ശാസ്ത്രജ്ഞൻ ഇൽഹാം തോത്തി കമ്മ്യൂണിസ്റ്റ് പാർട്ടിഅംഗമാണ്. കഴിഞ്ഞ മാസം അഴിമതിയുടെ പേരിൽ 18 വർഷം തടവിനു വിധിക്കപ്പെട്ട ചൈനീസ് വിമതനും പ്രമുഖ ബിസിനസ്സുകാരനുമായ റെൻ ഷിഖിയാങ് പാർട്ടി അംഗമായിരുന്നു എന്ന് സൗത്ത് ചൈനാ മോർണിങ് പോസ്റ്റ് ചൂണ്ടിക്കാട്ടി. അദ്ദേഹത്തെ ഈയിടെയാണ് പാർട്ടിയിൽ നിന്നു പുറത്താക്കിയത്. ആലിബാബ എന്ന ലോകത്തെ പ്രമുഖമായ കമ്പനിയുടെ ഉടമ ജാക്ക് മാ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അംഗത്വമുള്ളയാളാണ്. ഈ കാര്യങ്ങൾ പരിഗണിക്കുമ്പോൾ അമേരിക്കയ്ക്ക് പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കൽ ഭാവിയിൽ തിരിച്ചടികൾക്കു കാരണമാകുമെന്ന് മാധ്യമങ്ങൾ വിലയിരുത്തി.
അതേസമയം അമേരിക്കയുടെ പുതിയ നിയന്ത്രണങ്ങൾ ചൈനയ്ക്കു ഗുണം ചെയ്യുമെന്നു ചൈനയിലെ ഔദ്യോഗിക പത്രമായ ഗ്ലോബൽ ടൈംസ് പത്രാധിപർ ഹു ഷിജിൻ അഭിപ്രായപ്പെട്ടു. ചൈനയിൽ ഏറ്റവും പ്രഗത്ഭരായ പലരും അമേരിക്കയിലേക്ക് കുടിയേറാൻ താല്പര്യം പ്രകടിപ്പിക്കുന്നവരാണ്. അതിനു തടയിടാനും കൂടുതൽ കഴിവുള്ളവരെ രാജ്യത്തുതന്നെ നിലനിർത്താനും അതു സഹായകമാണ്. നിലവിൽ 25 ലക്ഷത്തിലേറെ ചൈനീസ് വംശജർ അമേരിക്കയിൽ പൗരത്വം നേടുകയോ ദീർഘകാല വിസയിൽ അവിടെ കഴിയുകയോ ചെയ്യുന്നുണ്ട് എന്നു വാഷിങ്ങ്ടണിലെ മൈഗ്രേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ട് കണക്കാക്കിയിട്ടുണ്ട്. 2018ൽ മാത്രം 67,000 ചൈനക്കാർ അമേരിക്കയിൽ ദീർഘകാല താമസത്തിനുള്ള വിസ നേടിയിട്ടുണ്ട്. മെക്സിക്കോയും ക്യൂബയും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേർ ചൈനയിൽ നിന്നാണ് ഇത്തരം വിസ നേടുന്നത്. അമ്പതുകളിൽ ശീതയുദ്ധകാലത്തു ഐസനോവർ ഭരണകൂടമാണ് കമ്മ്യൂണിസ്റ്റുകൾക്ക് അമേരിക്കയിൽ നിരോധനം ഏർപ്പടുത്തി ആദ്യമായി നിയമം കൊണ്ടുവന്നത്. റിപ്പബ്ലിക്കൻ സെനറ്റർ ജോസഫ് മക്കാർത്തിയാണ് നിയമം കർശനമായി നടപ്പാക്കാനായി നടപടികൾ സ്വീകരിച്ചത്. അതിന്റെ ഭാഗമായി നിരവധി എഴുത്തുകാരെയും അക്കാദമിക പണ്ഡിതന്മാരെയും ശാസ്ത്രജ്ഞരെയും കലാകാരന്മാരെയും അന്നു അമേരിക്കൻ ഭരണകൂടം വേട്ട യാടി. പ്രശസ്ത കലാകാരൻ ചാർളി ചാപ്ലിൻ ഈ വേട്ടയാടലിൽ പ്രതിഷേധിച്ചു അമേരിക്ക വിട്ടു സ്വിറ്റ്‌സർലണ്ടിലേക്കു പോയതു അക്കാലത്തെ ഒരു പ്രധാന സംഭവമായിരുന്നു. പിന്നീട് മക്കാർത്തിയെ അമേരിക്കൻ കോൺഗ്രസ്സ് വിചാരണ ചെയ്ത സംഭവവും ആഗോള മാധ്യമ ശ്രദ്ധ നേടുകയുണ്ടായി