രോഗവ്യാപനം കുറയുന്നു; ഇന്ത്യ പ്രതിസന്ധിയിൽനിന്ന് പുറത്തുവരികയാണെന്നു ധനമന്ത്രാലയം

ന്യൂദൽഹി: ആറു മാസമായി രാജ്യത്തെ വരിഞ്ഞുമുറുക്കിയ കോവിഡ് പ്രതിസന്ധിയിൽ നിന്നു  രാജ്യം  വിമോചനം നേടാൻ തുടങ്ങിയെന്നും അതിന്റെ ഫലമായി സാമ്പത്തികരംഗത്തു തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടതായും കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ പ്രതിമാസ അവലോകനം ചൂണ്ടിക്കാണിക്കുന്നു.

ആഗസ്റ്റ്-സപ്റ്റംബർ മാസങ്ങളിലെ   സ്ഥിതിഗതികൾ സംബന്ധിച്ചു മന്ത്രാലയത്തിലെ സാമ്പത്തിക വിഭാഗം  തയ്യാറാക്കിയ കുറിപ്പ് ഇന്നലെയാണ് പുറത്തിറങ്ങിയത്. എല്ലാ സാമ്പത്തിക പ്രവർത്തന മേഖലകളിലും വീണ്ടും തളിരുകൾ പ്രത്യക്ഷപ്പെടുന്നതായി റിപ്പോർട്ടിൽ അവകാശപ്പെടുന്നു. മെച്ചപ്പെട്ട കാലവർഷം കാർഷിക മേഖലയിൽ വലിയ വളർച്ച സംബന്ധിച്ച പ്രതീക്ഷ നൽകുന്നതായും റിപ്പോർട്ട് പറയുന്നു. ഈ വർഷം  ഏപ്രിൽ-ജൂൺ വരെയുള്ള ആദ്യപാദത്തിൽ സാമ്പത്തിക  വളർച്ചയിൽ 24 ശതമാനം പിന്നാക്കം പോയ ഏറ്റവും ഗുരുതരമായ അവസ്ഥയിൽ നിന്നു രാജ്യം പുറത്തു കടക്കുകയാണെന്നാണ്  കണക്കുകൾ സൂചിപ്പിക്കുന്നത്.

സപ്റ്റംബർ 17 മുതൽ 30 വരെയുള്ള ആഴ്ചകളിലെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ രോഗവ്യാപനം കുറയുന്ന പ്രവണത ദൃശ്യമാവുന്നുണ്ട്. നേരത്തെ പ്രതിദിനം 93,000 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട അവസ്ഥയിൽ നിന്നുമാറി അതു ശരാശരി 83,000 ആയി കുറഞ്ഞിട്ടുണ്ട്. അതേസമയം ടെസ്റ്റുകൾ വർധിക്കുകയും മരണനിരക്കും രോഗവിമുക്തി നിരക്കും മെച്ചപ്പെടുകയും ചെയ്തിട്ടുണ്ട്. ടെസ്റ്റുകൾ പ്രതിദിനം  115,000 എന്ന നിലയിൽനിന്ന് 124,000 എന്ന നിലയിൽ എത്തിയിട്ടുണ്ട്.

നിർമാണ-വ്യാവസായിക മേഖലകളിലെ തിരിച്ചുവരവിന്റെ ലക്ഷണമായി മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നത് കയറ്റുമതി രംഗത്തു പ്രത്യക്ഷപ്പെട്ട കുതിപ്പാണ്. മാർച്ചിനുശേഷം ആദ്യമായി  സെപ്‌റ്റംബറിലാണ്‌ ഈ മേഖലയിൽ മുന്നേറ്റം പ്രത്യക്ഷപ്പെടുന്നത്. നിർമാണ-വാണിജ്യ രംഗങ്ങളിൽ 2012   ജനുവരിക്കു ശേഷമുള്ള ഏറ്റവും മെച്ചപ്പെട്ട പ്രകടനം കാണുന്നതു ഇപ്പോൾ കഴിഞ്ഞുപോയ മാസത്തിലാണെന്നും റിപ്പോർട്ട് അവകാശപ്പെട്ടു. വിവിധ മേഖകളിലെ ഗുരുതരമായ പിന്നാക്കംപോക്കിന്റെ ഗതിവേഗം കഴിഞ്ഞമാസം കാര്യമായി  കുറഞ്ഞതായും അതു അടുത്ത മാസങ്ങളിലെ കുതിപ്പിന്റെ ലക്ഷണമാണെന്നും റിപ്പോർട്ട് പറയുന്നു. 

Leave a Reply