ലൈഫ് മിഷൻ തട്ടിപ്പു കേസിൽ പ്രതികളും സിപിഎം നേതൃത്വവും തമ്മിൽ ഒത്തുകളിയെന്നു അഡ്വ.ആസഫലി
കൊച്ചി: ലൈഫ് മിഷൻ കേസിലെ അഴിമതി പുറത്തു കൊണ്ടുവന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അപകീർത്തിപ്പെടുത്താനായി കേസിലെ പ്രതികളുമായി സിപിഎം സംസ്ഥാന നേതൃത്വം ഒത്തുകളിക്കുകയാണെന്ന് പ്രമുഖ അഭിഭാഷകനും മുൻ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലുമായ അഡ്വ. ടി ആസഫലി ആരോപിച്ചു. ഹൈക്കോടതിയിൽ നൽകിയ ഒരു ഹർജിയിൽ പ്രതിപക്ഷ നേതാവിനെതിരെ വ്യാജമായ ആരോപണം ഉന്നയിച്ച യൂണിറ്റാക് ഉടമ സന്തോഷ് ഈപ്പനെതിരെ മാനനഷ്ടത്തിന് കേസ് നൽകുന്നതിന്റെ ഭാഗമായി നാളെ നോട്ടീസ് അയക്കുമെന്ന് ജനശക്തിയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം അറിയിച്ചു.
ലൈഫ് മിഷൻ അഴിമതിയിൽ സിബിഐ എടുത്ത കേസ് റദ്ദാക്കണമെന്നു ആവശ്യപ്പെട്ടു കൊണ്ടു സർക്കാർ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് പ്രതിപക്ഷ നേതാവിനു ഐഫോൺ നൽകിയതായി സന്തോഷ് ഈപ്പൻ ആരോപണം ഉന്നയിച്ചത്. എന്നാൽ താൻ ആരിൽ നിന്നും ഫോൺ വാങ്ങിയിട്ടില്ലെന്നും യുഎഇ കോൺസുലേറ്റിൽ നിന്നു ഫോൺ കിട്ടിയവരിൽ സിപിഎം സെക്രട്ടറി കൊടിയേരിയുടെ മുൻ പഴ്സണൽ സ്റ്റാഫ് അംഗവും ഉണ്ടെന്നും ചെന്നിത്തല ഇന്നലെ വ്യക്തമാക്കിയിരുന്നു. തനിക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച സന്തോഷ് ഈപ്പനെതിരെ മാനനഷ്ടത്തിന് നടപടി എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കേസിൽ പ്രതിപക്ഷ നേതാവിനെ ബോധപൂർവം അപകീർത്തിപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നതെന്നു അഡ്വ . ആസഫലി ചൂണ്ടിക്കാട്ടി. ഫോൺ പ്രതിപക്ഷ നേതാവ് വാങ്ങിയിട്ടില്ല. അതു ആരാണ് വാങ്ങിയതെന്നു കണ്ടുപിടിക്കണം എന്നു അദ്ദേഹം സംസ്ഥാന പോലീസ് മേധാവിക്ക് കത്തെഴുതിയെങ്കിലും അതിൽ അന്വേഷണം നടത്തി കാര്യങ്ങൾ പുറത്തു കൊണ്ടുവരാൻ പോലീസ് തയ്യാറാവുന്നില്ല. അതേസമയം, തീർത്തും വ്യാജമായ ഈ ആരോപണം എടുത്തുയർത്തി പ്രതിപക്ഷ നേതാവിനെ അപമാനിക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടറി തയ്യാറായത്. ഇതു ബോധപൂർവമായ ഒരു ഗൂഢാലോചനയുടെ ഭാഗമാണെന്നും ആസഫലി പറഞ്ഞു.
ലൈഫ് മിഷനിൽ അന്വേഷണം മുന്നേറുന്നത് സർക്കാരിന്റെ കള്ളക്കളികൾ പുറത്തു കൊണ്ടുവരും എന്ന ഭയമാണ് സിപിഎം നേതൃത്വത്തെ നയിക്കുന്നത്. നേരത്തെ എസ്എൻസി ലാവലിൻ കേസിൽ നടത്തിയ ഭീമമായ തട്ടിപ്പിന്റെ ഒരു ആവർത്തനമാണ് ലൈഫ് മിഷൻ തട്ടിപ്പിലും നടന്നത്. യുഎഇ റെഡ് ക്രസന്റ് സംഘടനയിൽ നിന്നു വാഗ്ദാനം ചെയ്ത 20 കോടി തട്ടിയെടുക്കാനായാണ് സന്തോഷ് ഈപ്പന്റെ പേരിലുള്ള രണ്ടു കമ്പനികളെ രംഗത്തിറക്കിയത്. കേരളത്തിൽ പൊതുമേഖലയിലും സഹകരണ മേഖലയിലും വളരെ പ്രശസ്തമായ നിർമ്മാണകമ്പനികൾ ഉണ്ടായിട്ടും കരാർ ഈ തട്ടിക്കൂട്ടു സംഘത്തിനു നൽകിയത് തട്ടിപ്പു നടത്താനായാണ്. സന്തോഷ് ഈപ്പൻ സർക്കാരിലെ പ്രമുഖരുടെ ബിനാമിയാണെന്നും അദ്ദേഹത്തെ ഉപയോഗിച്ചു പ്രതിപക്ഷ നേതാവിനെ അപകീർത്തിപ്പെടുത്തി നിശ്ശബ്ദനാക്കാനുള്ള തന്ത്രമാണ് ഇപ്പോഴത്തെ സിപിഎം നീക്കങ്ങളിൽ കാണുന്നതെന്നും അഡ്വ .ആസഫലി പറഞ്ഞു.