ഹത്രാസ് കാണിക്കുന്നത് കോൺഗ്രസ്സിൽ കരുത്തുള്ള നേതൃത്വത്തിന്റെ ഉദയം

ഉത്തർപ്രദേശിലെ ഹത്രാസിൽ ഉന്നതജാതിക്കാർ ബലാത്സംഗം ചെയ്തു  കൊന്ന ദളിത് പെൺകുട്ടിയുടെ വീട്ടിലേക്കു എല്ലാവിധ പ്രതിബന്ധങ്ങളെയും തകർത്തുകൊണ്ടു രാഹുലും പ്രിയങ്കയും എത്തിയ സംഭവം വിരൽ ചൂണ്ടുന്നത് വർഷങ്ങൾ നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കും രാഷ്ട്രീയമായ തിരിച്ചടികൾക്കും ശേഷം കോൺഗ്രസ്സ് പാർട്ടിയിൽ ശക്തമായ ഒരു നേതൃത്വത്തിന്റെ തിരിച്ചുവരവാണ്.

ദൽഹി-യുപി അതിർത്തിയിൽ ദേശീയപാതയിൽ രണ്ടുദിവസം നീണ്ടുനിന്ന നാടകീയ സംഭവങ്ങൾ രാജ്യം ഉത്കണ്ഠയോടെയാണ് നോക്കിക്കണ്ടത്. ദേശീയമാധ്യമങ്ങൾക്കു പുറമെ മിക്ക അന്താരാഷ്ട്ര മാധ്യമങ്ങളും യുപിയിലെ ദളിത് പീഡനവും അതിന്റെ  രാഷ്ട്രീയ പ്രാധാന്യവും കഴിഞ്ഞ ദിവസങ്ങളിൽ ചർച്ച ചെയ്യുകയുണ്ടായി. രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഒരു ടീമായി കോൺഗ്രസ്സ് നേതൃത്വത്തിൽ ഉയർന്നുവരുന്ന നിർണായകമായ സന്ദർഭവുമാണ് ഹത്രാസിൽ കണ്ടത്.

ദളിത്  കുടുംബത്തെ സന്ദർശിക്കാനുള്ള കോൺഗ്രസ്സ് നേതാക്കളുടെ ശ്രമങ്ങളെ വളരെ മൃഗീയമായ രീതിയിലാണ് ഉത്തർപ്രദേശിലെ ആദിത്യനാഥ് സർക്കാർ നേരിട്ടത്.  രണ്ടു നേതാക്കളെയും ബലാൽക്കാരമായി തടയാൻ ശ്രമിച്ചതും രാഹുൽ ഗാന്ധിയെ റോഡിൽ തള്ളി വീഴ്‌ത്തിയതും പ്രിയങ്കയുടെ കുർത്തയ്‌ക്ക്‌ മേൽ ഒരു പോലീസുകാരൻ പിടിമുറുക്കിയതും  കടുത്ത പ്രതിഷേധത്തോടെയാണ് ജനങ്ങൾ വീക്ഷിച്ചതെന്നു സാമൂഹിക മാധ്യമങ്ങളിലെ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നു. എല്ലാവിധ പ്രതിബന്ധങ്ങളെയും നേരിട്ടു ദളിത് കുടുംബത്തെ കഴിഞ്ഞ ദിവസം  സന്ദർശിച്ച ഇരുനേതാക്കളും വലിയ പ്രതീക്ഷയും പ്രതികരണങ്ങളുമാണ് രാജ്യത്തെങ്ങും ഉയർത്തിയിരിക്കുന്നത്. സമീപകാലത്തു  കോൺഗ്രസ്സിന്റെ ഒരു രാഷ്ട്രീയ നീക്കവും ഇത്രയേറെ ദേശീയ, അന്തർദേശിയ ശ്രദ്ധ നേടിയിട്ടില്ലെന്ന് ഉറപ്പിച്ചു പറയാൻ കഴിയും.  

ഇതു കോൺഗ്രസ്സിലും ബിജെപിയിലും മാത്രമല്ല മറ്റു പ്രധാന രാഷ്ട്രീയ  കക്ഷികളിലും പല തരത്തിലുള്ള പ്രത്യാഘാതങ്ങൾക്കു ഇടയാക്കുന്നുണ്ട്. കോൺഗ്രസ്സിൽ രാഹുൽ-പ്രിയങ്കാ നേതൃത്വത്തെ ചോദ്യം ചെയ്ത കത്തെഴുത്തു സംഘം  പൂർണമായും അപ്രസക്തമായി എന്നതാണ് ഒരുകാര്യം.  കത്തെഴുത്തു സംഘത്തിലെ  ശശി തരൂർ മുതൽ ഗുലാം നബി വരെയുള്ള നേതാക്കളാരും നോയിഡ അതിർത്തിയിലെ തെരുവു യുദ്ധസമയത്തു പരിസരത്തെങ്ങും ഉണ്ടായിരുന്നില്ല. പാർലമെന്റിന്റെയും അന്താരാഷ്ട്ര സമ്മേളനവേദികളുടെയും ശീതളച്ഛായയിലാണ് അവരിൽ പലരുടെയും രാഷ്ട്രസേവനം ചുറ്റിത്തിരിയുന്നത്. അവരുടെ വിമർശനങ്ങളെ ഒറ്റയടിക്ക് അപ്രസക്തമാക്കി, ജനകീയ മുന്നേറ്റത്തിലൂടെ രാഹുൽ-പ്രിയങ്കാ ടീം പാർട്ടി നേതൃത്വം പൂർണമായും വരുതിയിലാക്കിക്കഴിഞ്ഞു. പാർട്ടിയിൽ ഈ പുതിയ നേതൃത്വത്തെ ചോദ്യം ചെയ്യുകയെന്നത് ഇനി എളുപ്പമാവില്ല.

ബിജെപിയിലും ഈ സംഭവം അനുരണനങ്ങൾ സൃഷ്ടിക്കുന്നു എന്നതിനു തെളിവ് സീനിയർ നേതാവ് ഉമാ ഭാരതിയുടെ വാക്കുകളാണ്. ആദിത്യനാഥിന്റെ ഭരണത്തെ പരോക്ഷമായി അതിനിശിതമായി വിമർശിക്കുകയാണ് അവർ ചെയ്തിരിക്കുന്നത്. താക്കൂർ ഗ്രാമത്തിൽ നിന്നും ദളിത് കുടുംബങ്ങളെ ആട്ടിയോടിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് പെൺകുട്ടിയുടെ നേരെ നടന്ന അതിക്രമമെന്നു പകൽപോലെ വ്യക്തമാണ്. പക്ഷേ താക്കൂർ സമുദായക്കാരനായ ആദിത്യനാഥ് പ്രതികളെ രക്ഷിക്കാനാണ് നിരന്തരം ശ്രമിച്ചതെന്നു സംഭവത്തിലെ പോലീസ് വീഴ്ചകളിൽ പ്രകടമാണ്. ബിജെപിയിലെ  പിന്നാക്ക സമുദായക്കാരായ നേതാക്കൾക്കുപോലും അതു ദഹിച്ചിട്ടില്ലെന്നു ഉമാഭാരതിയുടെ വാക്കുകൾ വെളിപ്പെടുത്തുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പോലും രാഹുലിനെ പപ്പു എന്നു  വിളിച്ചു കളിയാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇനിയൊരിക്കലും അതു സാധ്യമാവില്ല എന്നും രാഹുൽ ഗാന്ധി തെളിയിച്ചു കഴിഞ്ഞു. പൊലീസ് പീഡനത്തിൽ നടുറോഡിൽ വീണുകിടക്കുന്ന രാഹുലിന്റെ ചിത്രം ഒരിക്കലും രാജ്യത്തിൻറെ മനസ്സിൽ നിന്നു മാഞ്ഞു പോവാനിടയില്ല. അച്ഛനും മുത്തശ്ശിയും മുതുമുത്തച്ഛനും രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനം അലങ്കരിച്ച ഒരു കുടുംബത്തിലെ ഇളമുറക്കാരനോട് മോദി-ആദിത്യനാഥ് സംഘത്തിന്റെ പോലീസ് എടുത്ത സമീപനം അവരുടെ രാഷ്ട്രീയമായ  തിരിച്ചടികളുടെ കാലം വരുന്നു എന്നതിന്റെ സൂചനയാണ്.

 സാമുദായികമായി, നേരത്തെ കോൺഗ്രസ്സിനെ കൈവിട്ട  ദളിത് സമുദായങ്ങളുടെ പിന്തുണ ഉറപ്പിച്ചെടുക്കാൻ കോൺഗ്രസ്സിന് ഈ സംഭവങ്ങൾ സഹായകമായേക്കും. യുപിയിൽ  പതിറ്റാണ്ടുകളായി ദളിത്, പിന്നാക്ക സമുദായങ്ങൾ കോൺഗ്രസ്സിനെ വിട്ടു ബിഎസ്പി, എസ്പി കക്ഷികളുടെ കൂടെയാണ് നിൽക്കുന്നത്.എന്നാൽ നിർണായകമായ ഒരു സന്ദർഭത്തിൽ യുപിയിലെ രണ്ടു പ്രധാന പ്രതിപക്ഷകക്ഷികളെയും പ്രക്ഷോഭ രംഗത്തു കാണാനുണ്ടായിരുന്നില്ല. അധികാര രാഷ്ട്രീയത്തിൽ ആകമാനം മുഴുകിയ മായാവതിക്കു അടിതെറ്റി എന്ന ചിന്തയാണ് നി രീക്ഷകർ പങ്കുവെക്കുന്നത്. എസ്പിയുടെ അഖിലേഷ് യാദവിനും ജനകീയമായ  ചോദ്യങ്ങൾക്കു മുന്നിൽ ഉത്തരം പറയാൻ പ്രയാസമുണ്ടാവും. 

ഹത്രാസിലെ രാഹുൽ-പ്രിയങ്കാ ടീമിന്റെ പ്രകടനം ചൂണ്ടിക്കാണിക്കുന്നത് ജനാധിപത്യ രാഷ്ട്രീയത്തിലെ  ഏറ്ററ്വും സുപ്രധാനമായ ഒരു പാഠമാണ്:  അന്തിമമായി നേതൃത്വം സംബന്ധിച്ച തർക്കങ്ങൾ  തീരുമാനിക്കപ്പെടുന്നതു തെരുവിൽ ജനങ്ങൾക്കിടയിലാണ്. നാൽപതു വർഷം മുമ്പ്‌ 1977ൽ ബീഹാറിലെ ബെൽച്ചിയിൽ ദളിത്  കുടുംബത്തെ ചുട്ടുകൊന്നപ്പോൾ പ്രകൃതി ഒരുക്കിയ എല്ലാ പ്രതിബന്ധങ്ങളെയും  മറികടന്നു ഇന്ദിരാഗാന്ധി അവിടെയെത്തിയ സന്ദർഭം ഓർക്കുക.  അടിയന്തിരാവസ്ഥയിലെ അതിക്രമങ്ങളുടെ കരിനിഴലിലാണ് അന്നു കോൺഗ്രസ്സിൽ ഒറ്റപ്പെട്ടു നിന്ന ഇന്ദിര അവിടെ എത്തിയത്.  റായ്  ബറേലിയിൽ തോറ്റമ്പിയ ഇന്ദിര അന്നു പാർലമെന്റ് അംഗം പോലുമായിരുന്നില്ല.  പക്ഷേ  “അരപ്പട്ടിണി കിടന്നാലും ശരി,ഇന്ദിരയെ തിരിച്ചുകൊണ്ടുവരും” എന്ന മുദ്രാവാക്യം  ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ മുഴങ്ങാൻ തുടങ്ങിയത് അന്നത്തെ ജൈത്രയാത്രയോടെയാണ്.  അതിന്റെ ഒരു തനിയാവർത്തനമാണ് കഴിഞ്ഞ ദിവസം ഹത്രാസിൽ കണ്ടത്. ഇതൊക്കെയാണെങ്കിലും ,ഇപ്പോൾ താടിനീട്ടി പുതുനാടകങ്ങൾക്കു വേണ്ടി വേഷമിടുന്ന മോദിക്കും അനുയായികൾക്കും  ചരിതം വീണ്ടുമൊരു വിപ്ലവകരമായ പരിവർത്തനത്തിന്റെ സൂചന നൽകുന്നതായി തോന്നാനിടയില്ല. കാരണം ഭരണത്തിന്റെ ആറു വർഷങ്ങളിൽ മോദിയും ജനങ്ങളും തമ്മിലുള്ള ബന്ധങ്ങൾ ശിഥിലമായിക്കഴിഞ്ഞു.  കോവിഡ് അടച്ചുപൂട്ടലിന്റെ കാലത്തു രാജ്യത്തിൻറെ നാനാഭാഗങ്ങളിലും ഗതിയറ്റ നിലയിൽ ഉഴറി നടന്ന സാധാരണജനങ്ങൾ കാണിച്ചു തന്നത് ആ വസ്തുതയാണ്. ഹത്രാസിൽ കാണുന്നതു ആദിത്യനാഥിന്റെ തനിനിറം മാത്രമല്ല, മോദിയുടെ  നല്ലനാളുകളുടെ അന്ത്യം കൂടിയാണ്. 

Leave a Reply