കൊറോണയും അധികാരകേന്ദ്രങ്ങളും: ട്രംപ് കൊറോണയുടെ ഏറ്റവും പുതിയ ഇര

വാഷിംഗ്ടൺ:  എട്ടുമാസം മുമ്പ് കൊറോണാ വൈറസ് ലോകത്തെങ്ങും പടർന്നുപിടിക്കാൻ തുടങ്ങിയതോടെ അതിന്റെ ഇരകളിൽ നൂറുകണക്കിന് പ്രമുഖ രാഷ്ട്രീയനേതാക്കളും  രാഷ്ട്രത്തലവന്മാരും പ്രധാന  വ്യക്തികളും ഉൾപ്പെട്ടിട്ടുണ്ട്. മിക്കവാറും  എല്ലാ രാജ്യങ്ങളിലും പ്രമുഖർ രോഗത്തിനു ഇരയായതായിപ്രശസ്തമായ നയതന്ത്രകാര്യ പ്രസിദ്ധീകരണം ഫോറിൻ പോളിസി മാഗസിന്റെ പ്രത്യേക പഠനം ചൂണ്ടിക്കാണിക്കുന്നു. വിവിധ രാജ്യങ്ങളിൽ  കോവിഡിന്റെ പ്രമുഖരായ ഇരകളുടെ വിശദമായ ലിസ്റ്റ് തന്നെ അവർ തയ്യാറാക്കിയിട്ടുണ്ട്. അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് മുമ്പ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും ബ്രസീൽ പ്രസിഡണ്ട് ജൈർ  ബോത്സനാറോയും റഷ്യൻ പ്രധാനമന്ത്രി മിഖായിൽ മിശ്സ്റ്റിനും കോവിഡ് ബാധിതരായി ആശുപത്രിയെ അഭയം പ്രാപിച്ചവരാണ്. 

അമേരിക്കൻ പ്രഥമ വനിത മെലാനിയാ ട്രംപിനെ രോഗം പിടികൂടുന്നതിനു വളരെ മുമ്പുതന്നെ തൊട്ടടുത്ത രാജ്യമായ കാനഡയിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ  പത്നി സോഫി ഗ്രിഗോർ ട്രൂഡോ രോഗബാധിതയായിരുന്നു. ചെറുപ്പക്കാരായ പ്രധാനമന്ത്രിയും ഭാര്യയും തുടർന്നു ആഴ്ചകളോളം ക്വാറന്റൈനിൽ പുറംലോകവുമായുള്ള ബന്ധം ഉപേക്ഷിച്ചു കഴിഞ്ഞു കൂടി. 

ബ്രിട്ടനിൽ പ്രധാനമന്ത്രി മാത്രമല്ല എലിസബത്ത് രാജ്ഞിയുടെ മകനും കിരീടാവകാശിയുമായ ചാൾസ് രാജകുമാരനും കൊറോണയുടെ പിടിയിൽ പെടുകയുണ്ടായി. ഭാര്യ കാമിലയോടൊപ്പം  രാജകുമാരൻ രണ്ടാഴ്ചയിലേറെ  ഏകാന്തവാസത്തിൽ കഴിയേണ്ടി വന്നു.

ഇന്ത്യയിൽ രോഗത്തിന്റെ ഇരകളിൽ ഏറ്റവും പ്രമുഖൻ  ആഭ്യന്തരമന്ത്രിയും ബിജെപി മുൻ അധ്യക്ഷനുമായ അമിത് ഷാ തന്നെയാണ്. ഏതാനും മുഖ്യമന്ത്രിമാരും പ്രമുഖ രാഷ്ട്രീയ നേതാക്കളും ഇതിനകം രോഗാബാധിതരായി. ഒരു കേന്ദ്രമന്ത്രിയടക്കം നിരവധി  പ്രമുഖർ മരിക്കുകയും ചെയ്തു.

ഇറാനിൽ  ഡസൻ കണക്കിനു പ്രമുഖ നേതാക്കൾ രോഗത്തിനു ഇരയായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. പലരും അവിടെ മരിച്ചിട്ടുമുണ്ട്.  ഇറാനിയൻ പാർലമെൻറ്റ്  മുൻ അധ്യക്ഷൻ അലി ലാരിജനിയാണ് അതിൽ ഏറ്റവും പ്രധാനിയെന്നു ഫോറിൻ പോളിസി ചൂണ്ടിക്കാട്ടി. 

യൂറോപ്യൻ യൂണിയനിൽ ബ്രിട്ടനുമായി ബ്രെക്സിറ്റ്‌ ചർച്ചകൾക്ക് നേതൃത്വം നൽകുന്ന മിഷേൽ ബർനിയെർ രോഗബാധ കാരണം ആഴ്ചകളോളം ചർച്ചകളിൽ നിന്നു ഒഴിഞ്ഞുനിൽക്കേണ്ടിവന്നു. ബെൽജിയത്തിൽ ജോവാകിം രാജകുമാരനാണ് കൊറോണയുടെ പിടിയിൽപെട്ട പ്രമുഖരിൽ ഒരാൾ. ഫ്രാൻസിൽ  സാംസ്‌കാരിക മന്ത്രി ഫ്രാങ്ക് റീസ്റ്റർ ആണ് കുഴപ്പത്തിൽ ചാടിയ നേതാക്കളിലൊരാൾ.   ജർമനിയിൽ ഭരണകക്ഷിയായ ക്രിസ്ത്യൻ ഡെമോക്രറ്റുകളുടെ നേതാവ് ഫ്രീഡ്രിക് മേഴ്സിനെയാണ് കൊറോണ തുടക്കത്തിലേ പിടികൂടിയത്. ഇറ്റലിയിൽ പ്രധാന ഭരണകക്ഷി ഇറ്റാലിയൻ ഡെമോക്രാറ്റിക്‌ പാർട്ടിയുടെ നേതാവ് നിക്കോളോ സിങ്ങറിറ്റി രോഗം ബാധിച്ചു ആശുപതി യിൽ കഴിയേണ്ടിവന്നു. പോളണ്ടിൽ സൈനിക വിഭാഗങ്ങളുടെ ജനറൽ  കമാണ്ടർ ജനറൽ ജെറോസ്ലാവ് മൈക രോഗബാധിതനായി.

ആഫ്രിക്കയിൽ നൈജീരിയൻ പ്രസിഡണ്ട് മുഹമ്മദു  ബുഖാരിയുടെ ചീഫ് ഓഫ്‌ സ്റ്റാഫ്‌ അബ്ബാ ക്യാരിയാണ്  രോഗബാധയുടെ ആദ്യനാളുകളിൽ തന്നെ ആശുപത്രിയിലായത്. സൗദി അറേബ്യയിൽ തലസ്ഥാന നഗരമായ റിയാദിലെ ഗവർണറും രാജകുടുംബത്തിലെ പ്രമുഖ അംഗവുമായ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്ദുൽഅസീസ് അൽ സൗദിയെത്തന്നെ രോഗം പിടികൂടി.

കൊറോണവൈറസിന്റെ  ലോക പര്യടനം അവസാനിച്ചിട്ടില്ല. മാസങ്ങളോളം ശാസ്ത്രതിനു പിടികൊടുക്കാതെ  രോഗം മുന്നേറും എന്നാണ് ഗവേഷകർ പറയുന്നത്. അതിനാൽ ഫോറിൻ പോളിസിയുടെ ലിസ്റ്റ്‌ ഇനിയും വളരെ വിപുലമാകും എന്നുതന്നെയാണ്‌ പ്രതീക്ഷിക്കേണ്ടത്.  

Leave a Reply