ലൈഫ് മിഷൻ: സിബിഐ അന്വേഷണത്തിന് സർക്കാർ നേരത്തെ അനുമതി നൽകിയെന്ന് ചെന്നിത്തല
തിരുവനന്തപുരം: ലൈഫ് മിഷൻ ഇടപാടിൽ സിബിഐ അന്വേഷണം തടയാനായി ഹൈകോടതിയെ സമീപിച്ച കേരള സർക്കാർ ഇക്കാര്യത്തിൽ സിബിഐ അന്വേഷണങ്ങൾക്കു മൂന്നു വർഷം മുമ്പേ അനുമതി നൽകിയിരുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
വിദേശനാണ്യ ചട്ടം ലംഘനമുള്ള കേസുകൾ സംസ്ഥാനത്തു നടന്നാൽ അന്വേഷിക്കുന്നതിന് അനുമതി നൽകുന്ന 2017ജൂൺ 13നു ഇറക്കിയ ഉത്തരവിന്റെ കോപ്പിയും അദ്ദേഹം ഹാജരാക്കി . അതിനാൽ സിബിഐ ഇപ്പോൾ നടത്തുന്ന അന്വേഷണം തടയാനുള്ള സർക്കാർ നീക്കം അപഹാസ്യമാണ്. കേസിൽ മുഖ്യമന്ത്രിയടക്കം ചോദ്യം ചെയ്യലിനു വിധേയമാകും എന്ന ഭയം കാരണമാണ് സർക്കാർ ഇപ്പോൾ നിലപാട് മാറ്റിയിരിക്കുന്നത്. പക്ഷേ അത്തരം തന്ത്രങ്ങൾ വിലപ്പോവുകയില്ലെന്നും അദ്ദേഹം പറഞ്ഞു. കാരണം യുഎഇ സർക്കാരുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് ലൈഫ് മിഷനിലേക്കു വിദേശത്തു നിന്നും പണം വന്നത്. അന്വേഷണം വരുമ്പോൾ അതു മറച്ചുവെക്കാൻ ശ്രമിച്ചിട്ടു കാര്യമില്ല.
യുഎഇ കോൺസുലേറ്റിൽ നിന്നും ചെന്നിത്തല ഐഫോൺ വാങ്ങിയത് പ്രോട്ടോക്കോൾ ലംഘനമാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയോടു അദ്ദേഹം രൂക്ഷമായി പ്രതികരിച്ചു. ഫോൺ വാങ്ങിയതു താനല്ല . കോടിയേരി ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ പഴ്സണൽ സ്റ്റാഫിൽ അംഗമായിരുന്ന രാജീവനാണ് ഫോൺ വാങ്ങിയവരിൽ ഒരാൾ. അദ്ദേഹം ഈ സർക്കാരിന്റെ കാലത്തു അസ്സിസ്റ്റന്റ്റ് പ്രോട്ടോക്കോൾ ഓഫിസറായാണ് പ്രവർത്തിക്കുന്നത് . ആ പരിപാടിയിൽ പ്രോട്ടോകോൾ ലംഘനമുണ്ടെകിൽ അതു തടയേണ്ട ഉദ്യോഗസ്ഥൻ തന്നെയാണ് കോണ്സുലേറ്റിൽ നിന്നും ഫോൺ സ്വീകരി ച്ച വരിൽ ഒരാൾ. ബാക്കി ആരൊക്കെ വാങ്ങി എന്നു കണ്ടെത്താൻ താൻ പോലീസ് ഡിജിപിക്ക് ഔദ്യോഗികമായിത്തന്നെ കത്തു നൽകിയിട്ടുണ്ട്. അദ്ദേഹം അതു സംബന്ധമായി നടപടികളെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത് .താൻ ആരിൽ നിന്നും ഫോൺ വാങ്ങിയിട്ടില്ല. സിപിഎം സെക്രട്ടറി വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് തനിക്കെതിരെ പ്രചരിപ്പിക്കുന്നത്. ഇതു വ്യക്തിഹത്യയാണ്. തന്നെ മാത്രമല്ല 23 വർഷം മുമ്പ് മരിച്ചുപോയ തന്റെ പിതാവിനെപ്പോലും ഭര ണകക്ഷി നേതാക്കൾ വിവാദത്തിൽ അനാവശ്യമായി വലിച്ചിഴച്ചുകൊണ്ടുവന്നു . താൻ അത്തരം മാന്യതയില്ലാത്ത പ്രവർത്തികൾ ചെയ്യാറില്ല. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ സർക്കാരിന്റെ പിടിപ്പുകേടും അഴിമതിയും തുറന്നുകാട്ടാൻ താൻ ബാധ്യസ്ഥനാണ്. അതു കൃത്യമായ രേഖകളുടെ അടിസ്ഥാനത്തിലാണ് നിർവഹിക്കുന്നത്. തന്റെ കൈവശം ഇനിയും രേഖകളുണ്ടെന്നും വരും ദിവസങ്ങളിൽ അവ ഒന്നൊന്നായി പുറത്തു വിടുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.