വെടിനിർത്തൽ ചർച്ചയ്ക്കു തയ്യാറെന്നു ആർമിനിയ; യുദ്ധം തുടരുമെന്ന് അസർബൈജാൻ

യെരെവാൻ: ഞായറാഴ്ച മുതൽ രൂക്ഷമായി തുടരുന്ന ആർമിനിയ- അസർബൈജാൻ ഏറ്റുമുട്ടലിൽ വെടിനിർത്തലിന് ചർച്ചകൾക്ക്  തയ്യാറാണെന്ന് ആറു ദിവസങ്ങൾക്കു ശേഷം വെള്ളിയാഴ്‌ച അർമീനിയൻ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു.  പ്രശ്നത്തിൽ ഇടപെട്ടുകൊണ്ട് അമേരിക്ക,  ഫ്രാൻസ്, റഷ്യ എന്നീ രാജ്യങ്ങൾ  ഉൾപ്പെടുന്ന മിൻസ്‌ക് ഗ്രൂപ്പിന്റെ അഭ്യർത്ഥനക്കുള്ള പ്രതികരണമായാണ് ആർമിനിയ നിലപാട് പ്രഖ്യാപിച്ചത്. 

പഴയ സോവിയറ്റ്‌ യൂണിയന്റെ ഭാഗമായിരുന്ന ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം നാഗോർണോ -കരബക്ക്  പ്രദേശത്തെ സംബന്ധിച്ചാണ്.  ഇരുരാജ്യങ്ങൾക്കിടയിലെ ഈ കുന്നിൻപ്രദേശം അസർബൈജാന്റെ ഭാഗമായാണ് അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ടതെങ്കിലും അർമീനിയൻ വംശജരാണ് അവിടെ ഭരണം നിയയന്ത്രിക്കുന്നത്. പ്രവിശ്യയിൽ അർമീനിയൻ ഇടപെടൽ അവസാനിക്കും വരെ  യുദ്ധം തുടരുമെന്നു അസർബൈജാൻ പ്രസിഡണ്ട് ഇൽഹാം അലിയേവ് വെള്ളിയാഴ്ചയും പ്രസ്താവിച്ചിട്ടുണ്ട്. തുർക്കിയാണ് അസർബൈജാൻ സേനകൾക്കു പിന്തുണ നല്കുന്നത്. അതേസമയം ആർമിനിയ റഷ്യയുടെ പിന്തുണയോടെയാണ് സൈനിക നീക്കങ്ങൾ നടത്തുന്നത്.  അതിനാൽ സംഘർഷത്തിന് പിന്നിൽ അന്താരാഷ്ട്ര മാനങ്ങളുണ്ട്. പ്രദേശത്തു ഇസ്ലാമും ഓർത്തോഡോക്സ്  ക്രിസ്ത്യാനികളും തമ്മിൽ പരമ്പരാഗതമായി നിലനിൽക്കുന്ന തർക്കങ്ങളും പ്രശ്നത്തെ രൂക്ഷമാക്കുന്നു.

ഒരാഴ്ചയായി നടക്കുന്ന യുദ്ധത്തിൽ പ്രദേശത്തു കനത്ത നാശനഷ്ടം സംഭവിച്ചതായി നാഗോർണോ-കരബക്ക് തലസ്ഥാനമായ സ്റ്റെപ്പനകേർട്  നഗരത്തിൽ എത്തിയ ബിബിസി പ്രതിനിധി ജോനാഹ് ഫിഷർ ഇന്നലെ റിപ്പോർട്ട് ചെയ്തു.  ഡ്രോൺ വിമാനങ്ങൾ അയച്ചാണ് അസർബൈജാൻ ആക്രമണം നടത്തുന്നത്. റോക്കറ്റുകൾ  പലയിടത്തും പതിക്കുന്നുണ്ട്. യുദ്ധത്തിൽ ഇതിനകം നിരവധി സിവിലിയന്മാരും കൊല്ലപ്പെട്ടതായി ബിബിസി അറിയിച്ചു. വീടുകളിൽ നിന്നും കുടുംബങ്ങൾ ഒഴിഞ്ഞുപോയിരിക്കുകയാണ്.  സ്ത്രീകളും കുട്ടികളും അർമീനിയൻ തലസ്ഥാന മായ യെർവാനിലേക്കാണ് അഭയം തേടി പോയത് .പുരുഷന്മാർ യുദ്ധത്തിൽ പങ്കാളികളാകാൻ അതിർത്തിയിലേക്കു പോയിരിക്കുകയാണെന്നും ബിബിസി പറയുന്നു. 

Leave a Reply