കോവിഡ് മഹാമാരി ട്രംപിന് കടുത്ത പരീക്ഷണമാകുന്നു

വാഷിംഗ്ടൺ:  അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനും പ്രഥമ വനിത മെലാനിയയ്ക്കും കോവിഡ്  ബാധയുളളതായി വെള്ളിയാഴ്‌ച പുലർച്ചെ സ്ഥിരീകരിച്ചതോടെ അതിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ സംബന്ധിച്ച ചർച്ച മാധ്യമങ്ങളിൽ കൊഴുക്കുകയാണ്. അമേരിക്കയിലെ വോട്ടർമാരിൽ 60 ശതമാനം പേരും ട്രംപിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംതൃപ്തരാണ് എന്നു ഈയിടെ നടന്ന അഭിപ്രായ വോട്ടെടുപ്പുകളിൽ വ്യക്തമായിരുന്നു.  പ്രസിഡണ്ട് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏറ്റവും പ്രധാനമായി ചർച്ച ചെയ്യപ്പെടുന്ന വിഷയവും അതു തന്നെയാണെന്നുമാധ്യമങ്ങളും നിരീക്ഷകരും ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ചൊവ്വാഴ്‌ച ഒഹായോവിൽ എതിർസ്ഥാനാർഥി ജോ ബൈഡനുമായി നടത്തിയ പ്രഥമ സംവാദത്തിലും ഏറ്റവും കൂടുതൽ സമയം എടുത്തത് കോവിഡ് മഹാമാരി സംബന്ധിച്ച വിഷയമായിരുന്നു.മൊത്തം ഒന്നര മണിക്കൂർ ചർച്ചയിൽ 20 മിനിറ്റുനേരം ഇരുവരും അതുസംബന്ധിച്ച തർക്കത്തിനാണ് ചെലവഴിച്ചത്.

കോവിഡ് ബാധയുടെ തുടക്കം മുതൽ അതിന്റെ ഗൗരവം കുറച്ചുകാണിക്കാനാണ്   പ്രസിഡണ്ട് ശ്രമം നടത്തിയത്.   പ്രതിരോധ പ്രവർത്തനത്തിനായി കടുത്ത അടച്ചിടൽ നടപടികൾ എടുക്കുന്നത് സാമ്പത്തിക രംഗത്തു തിരിച്ചടിയും വർധിച്ച തൊഴിലില്ലായ്മയും ഉണ്ടാക്കുന്ന സാഹചര്യം തന്റെ വിജയത്തിനു തടസ്സമായിത്തീരും എന്നാ കണക്കുകൂട്ടലിലാണ് കോവിഡ് ഭീഷണി  കുറച്ചുകാണിക്കാൻ അദ്ദേഹം ശ്രമിച്ചത്.  ഇക്കാര്യത്തിൽ പ്രസിഡണ്ടിന്റെ പകർച്ചവ്യാധി  ഉപദേശകൻ ഡോ.ആന്റണി ഫൗസിയുമായി അദ്ദേഹം കടുത്ത വിയോജിപ്പിലായിരുന്നു .രോഗം പ്രശ്നമല്ലെന്നും അമേരിക്കക്കു അതു ഭീഷണിയല്ലെന്നും അദ്ദേഹം പറഞ്ഞു.  അതേസമയം രോഗം രാജ്യമെങ്ങും വ്യാപിക്കുകയും രണ്ടുലക്ഷത്തിലേറെ അമേരിക്കക്കാർ അതിനു ഇരയായി മരിക്കുകയും ചെയ്തു.രോഗവ്യാപനതിലും മരണത്തിലും ലോകത്തു ഒന്നാം സ്ഥാനത്താണ്‌ അമേരിക്കയുടെ  നില .

ഈ പ്രശ്നങ്ങൾ തിരഞ്ഞെടുപ്പു വേളയിൽ ചർച്ചയാകുന്ന അവസരത്തിലാണ് രോഗം വൈറ്റ് ഹൗസിൽ പ്രസിഡണ്ടിനെ തന്നെ പിടികൂടുന്നത്. നേരത്തെ  ഇതു സംബന്ധിച്ചു ട്രംപ് സ്വീകരിച്ച നിലപാടുകളെ പൂർണമായും അപ്ര  സക്ത മാക്കുന്നതാണ് രാഷ്ട്രത്തലവന്റെ രോഗബാധ.  അതു രാഷ്ട്രീയമായി കനത്ത തിരിച്ചടിയാണ് പ്രസിഡണ്ടിന് നൽകുന്നതെന്നു വിവിധ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടി.

താനും  പ്രഥമ വനിതയും ക്വാറന്റൈനിൽ പ്രവേശിക്കുകയാണെന്നു ട്രംപ്  വെള്ളിയാഴ്ച പുലർച്ചെ ഒരുമണിക്കാണ്  ട്വീറ്റ് വഴി അറിയിച്ചത്. ഇനി   രണ്ടാഴ്ച അദ്ദേഹത്തിന് പ്രചാരണ പ്രവർത്തനങ്ങളിൽ  നിന്നു ഒഴിഞ്ഞു നിൽക്കേണ്ടിവരും. അതേസമയം  74 കാരനായ ട്രംപിനു രോഗം എന്തുതരം ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുകയെന്ന കാര്യത്തിലും ആശങ്കയുണ്ട്. അദ്ദേഹം പ്രായം മാത്രമല്ല, ഭാരക്കൂടുതൽ കാരണവും കൂടുതൽ   ആരോഗ്യ പ്രശ്നങ്ങൾ നേരിടാവുന്ന വിഭാഗത്തിലാണെന്ന് ഡോക്ടർമാരും നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു. 

ഈ കാരണങ്ങളാൽ നവംബർ മൂന്നിനു നടക്കുന്ന തിരഞ്ഞെടുപ്പിൽ സ്ഥാനാര്ഥിയായ ട്രംപിനു രോഗബാധ വലിയ  പ്രതിസന്ധിയാണ് ഉയർത്തുന്നത്.  മാത്രമല്ല രോഗം കൂടുതൽ ഗുരുതരമായാൽ അദ്ദേഹം ഔദ്യോഗിക ചുമതലകളിൽ നിന്ന് ഒഴിഞ്ഞു നിൽക്കേണ്ടിയും വന്നേക്കും. എന്നാൽ  തത്കാലം  അദ്ദേഹത്തിന് കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ കാണാനില്ലെന്ന് പ്രസിഡന്റിന്റെ ഡോകട്ർ പ്രസ്താവനയിൽ അറിയിച്ചു.

Leave a Reply