ട്രംപ് ,ബൈഡൻ സംവാദം: ബഹളം ഒഴിവാക്കാൻ നിയമങ്ങൾ കർക്കശമാക്കാൻ നീക്കം

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡണ്ട് സ്ഥാനാർത്ഥികൾക്കിടയിൽ കഴിഞ്ഞ ദിവസം നടന്ന ആദ്യ ഡിബേറ്റ് ബഹളത്തിൽ  കലാശിച്ച സാഹചര്യത്തിൽ ഈ മാസം 15നു നടക്കുന്ന സംവാദം ഫലപ്രദമായി നടത്താനായി നിയമങ്ങൾ  പരിഷ്കരിക്കാൻ സംഘാടകസമിതി തീരുമാനിച്ചു.

 സ്വതന്ത്രമായ ഒരു കമ്മിറ്റിയാണ് 1988 മുതൽ പ്രസിഡണ്ട്  സ്ഥാനാർത്ഥികൾ തമ്മിലുള്ള അവസാനവട്ട ടെലിവിഷൻ സംവാദങ്ങൾ സംഘടിപ്പിക്കുന്നത്. ജനവിധിയെ  അതു കാര്യമായി സ്വാധീനിക്കാറില്ലെങ്കിലും വിവിധ സ്ഥാനാർത്ഥികളുടെ രാഷ്രീയ-സാമ്പത്തിക നയങ്ങളും  വിദേശനയ സമീപനങ്ങളും സംബന്ധിച്ച കൃത്യമായ നിലപാടുകൾ അവയിലൂടെ വ്യക്തമാവാറുണ്ട്. അതിനാൽ അമേരിക്കയിൽ മാത്രമല്ല വിദേശരാജ്യങ്ങളിലും ഈ സംവാദങ്ങൾ വളരെ താല്പര്യത്തോടെ ശ്രദ്ധിക്കപ്പെടാറുളളതാണ്. ഇത്തവണ 60 ദശലക്ഷം ആളുകൾ സംവാദം തത്സമയം  കണ്ടതായി ഏജൻസികൾ അറിയിച്ചു.

 ഓഹിയോയിലെ ക്ളീവ് ലാൻഡിൽ നടന്ന ചർച്ചയിൽ മോഡറേറ്ററായിരുന്ന ഫോക്സ് ന്യൂസ് ആങ്കർ ക്രിസ് വാലസ് സംവാദം നിരാശാജനകമായ അനുഭവമായിരുന്നു എന്നാണ് പ്രതികരിച്ചത്. സംവാദ നിയമങ്ങളും മോഡറേറ്ററുടെ നിരന്തരമായ അഭ്യർത്ഥനകളും അവഗണിച്ച പ്രസിഡണ്ട് ട്രംപ് 90 മിനിറ്റിനിടയിൽ 75 തവണയാണ് എതിർ സ്ഥാനാർഥി ജോ ബൈഡനെ ശബ്ദമുയർത്തി തടയാൻ ശ്രമിച്ചത്. അതിന്റെ ഫലമായി സംവാദം  പൂർണമായും തടയപ്പെട്ടു.  ബഹളത്തിനിടയിൽ ബൈഡൻ 43 മിനിറ്റും ട്രംപ് 38  മിനിട്ടും സംസാരിച്ചതായാണ് മാധ്യമങ്ങൾ കണക്കാക്കിയത്. പ്രധാനമായി ഉയർന്ന വിഷയം ട്രംപിന്റെ കൊറോണാ പ്രതിരോധ നയങ്ങളായിരുന്നു. ഇരുപത് മിനിറ്റോളം ആ വിഷയമാണ്  ചർച്ചയിൽ മുന്നിട്ടു നിന്നത്. എന്നാൽ വിദേശകാര്യ വിഷയങ്ങൾ ചർച്ചയിൽ ഉയർന്നതേയില്ല. 

മോഡറേറ്ററെ അവഗണിച്ചും ബഹളമുണ്ടാക്കിയും സംവാദം കയ്യടക്കാനുള്ള ട്രംപിന്റെ നീക്കങ്ങൾ അടുത്ത തവണ കൂടുതൽ കർക്കശമായ നിയമങ്ങൾ വഴി തടയാനാണ് സംഘാടക സമിതി തീരുമാനിച്ചിരിക്കുന്നത്. മോഡരേറ്ററുടെ  നിർദേശങ്ങൾ സ്വീകരിക്കാത്ത സാഹചര്യത്തിൽ മൈക്ക് ഓഫ് ചെയ്യാനുള്ള തീരുമാനവും സമിതി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ട്രംപ്  കാമ്പയിൻ  നേതൃത്വം അതിനെ എതിർക്കുകയാണ്. അതേസമയം തങ്ങൾ ഏതു നിയമം വന്നാലും അതു അംഗീകരിച്ചു സംവാദത്തിനു തയ്യാറാണെന്ന് ബൈഡൻ ക്യാമ്പ് പ്രഖ്യാപിച്ചു. ഡിബേറ്റ്‌ സംബന്ധിച്ച അഭിപ്രായ വോട്ടെടുപ്പുകളിൽ ബൈഡനു നേരിയ മുൻതൂക്കം കിട്ടിയതായാണ് മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ വിജയ സാധ്യതയിലും അതു മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. 

Leave a Reply