ബാബ്റി തകർക്കാൻ നേതൃത്വം നൽകിയത് അദ്വാനിയെന്നു രുചിരാ ഗുപ്ത

മുംബൈ : 1992 ഡിസമ്പർ ആറിന് അയോധ്യയിൽ കർസേവകർ ബാബ്‌റി മസ്ജിദ് തകർക്കുമ്പോൾ അതിനു സജീവ നേതൃത്വം നൽകിയത് ബിജെപി നേതാവ് ലാൽ കൃഷ്ണ അദ്വാനിയടക്കമുള്ള നേതാക്കളെന്ന് അന്നു സംഭവങ്ങൾക്കു ദൃക്‌സാക്ഷിയായ പ്രശസ്ത മാധ്യമ പ്രവർത്തക രുചിരാ ഗുപ്ത.

അയോധ്യയിലെ കർസേവാ  സമയത്തു മുംബൈയിലെ ബിസിനസ്സ് ഇന്ത്യയുടെ ലേഖികയായിരുന്ന രുചിരാ ഗുപ്ത സംഭവങ്ങൾ നേരിട്ടു റിപ്പോർട്ട് ചെയ്യാനായി അവിടെ എത്തിയ മാധ്യമ പ്രവർത്തകരിൽ ഒരാളായിരുന്നു. ഇന്നലെ കേസിൽ എല്ലാവരെയും  കുറ്റവിമുക്തരാക്കിയ ലക്നൗ സിബിഐ കോടതിയുടെ വിധി  പുറത്തുവന്ന ശേഷം കമ്മ്യൂണലിസം കോംബാറ്റ് എഡിറ്റർ ടീസ്റ്റ  സെറ്റൽ വാദുമായി നടത്തിയ ഓൺലൈൻ സംഭാഷണത്തിലാണ് രുചിരാ ഗുപ്ത അന്നത്തെ സംഭവങ്ങൾ അനുസ്മരിച്ചത്.

ബാബ്‌രിയുടെ നേരെ  കർസേവകർ  ആക്രമണം തുടങ്ങിയ സമയത്തു തൊട്ടടുത്തുള്ള ഒരു  കെട്ടിടത്തിന്റെ മേൽപ്പുരയിൽ പ്രധാനപ്പെട്ട ബിജെപി , വിഎച്ച്പി നേതാക്കളോടൊപ്പം നിൽക്കുകയായിരുന്നു താനെന്നു അവർ പറഞ്ഞു. അദ്വാനിക്ക് പുറമെ രാജാമാതാ വിജയരാജി സിന്ധ്യ,  മുരളിമനോഹർ ജോഷി, ഉമാഭാരതി, പ്രമോദ് മഹാജൻ, സാധ്വി ഋതംബര എന്നിങ്ങനെ പല പ്രമുഖ നേതാക്കളും അവിടെയുണ്ടായിരുന്നു. “ഒരു തള്ളുകൂടി കൊടുക്കൂ, കെട്ടിടം തകർക്കൂ” എന്നർത്ഥം വരുന്ന മുദ്രാവാക്യമാണ് പ്രമുഖനേതാക്കൾ മൈക്കിലൂടെ വിളിച്ചു പറഞ്ഞത്. അദ്വാനി അതിനെല്ലാം പ്രോത്സാഹനം നൽകിക്കൊണ്ട് അവിടെയുണ്ടായിരുന്നു.

പള്ളിയുടെ രണ്ടാം മിനാരം കൂടി തകർത്തതോടെ സ്ഥിതിഗതികൾ നിരീക്ഷിക്കാനായി അങ്ങോട്ടു ചെന്ന തന്നെ ഒരു സംഘം കർസേവകർ ആക്രമിച്ചു. താൻ മുസ്ലിമാണ് എന്നു  പറഞ്ഞു കൊണ്ടാണ് ചിലർ തന്നെ കടന്നാക്രമിച്ചത്. വസ്ത്രം  പറിച്ചുകീറാൻ ചിലർ ശ്രമിച്ചു. മറ്റൊരാൾ കഴുത്തിൽ വരിഞ്ഞുമുറുക്കി ശ്വാസം മുട്ടിച്ചുകൊള്ളാൻ ശ്രമിച്ചു. എന്നാൽ തലേന്നു താൻ ഇന്റർവ്യൂ ചെയ്ത ആളുകളിലൊരാൾ ഇടപെട്ടു ഇതൊരു മാധ്യമപ്രവർത്തകയാണ് എന്നു പറഞ്ഞു തന്നെ രക്ഷിക്കാൻ ശ്രമിച്ചു. അതോടെ പള്ളിക്കുചുറ്റും അവർ നിർമിച്ചിരുന്ന കിടങ്ങിലേക്കു തന്നെ തള്ളിയിടുകയായിരുന്നു. നേരത്തെ  പരിചയമുള്ള ചിലരാണ് തന്നെ അവിടെ നിന്ന് രക്ഷപ്പെടുത്തിയത്.

 തിരിച്ചു അദ്വാനിയുടെ അടുത്തെത്തി തന്റെ നേരെ നടന്ന ആക്രമണത്തെപ്പറ്റി പരാതി പറഞ്ഞപ്പോൾ അതെല്ലാം മറക്കാനാണ് അദ്ദേഹം ഉപദേശിച്ചത്. ”ഇപ്പോൾ അതിനേക്കാൾവലിയ ചരിത്രപ്രധാനമായ സംഭവങ്ങളാണ് നടക്കുന്നത്” എന്നാണു   തന്റെ പരാതിയോടു അദ്വാനി പ്രതികരിച്ചത്. അദ്ദേഹം ബൈനോക്കുലറിലൂടെ ദൂരെ കുടിലുകൾ കത്തുന്നതു നിരീക്ഷിക്കുന്ന തിരക്കിലായിരുന്നു. പള്ളിക്കു ചുറ്റുമുള്ള പ്രദേശത്തെ മുസ്ലിം വീടുകളാണ് അഗ്നിക്കിരയായത്. മുസ്ലിംകൾ   നഷ്ടപരിഹാരം പ്രതീക്ഷിച്ചു വീടുകൾക്കു തീയിടുകയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.  നഷ്ടപരിഹാരം കിട്ടാനായി ആരെങ്കിലും സ്വന്തം വീടിനു തീയിടുമോ എന്ന ചോദ്യത്തിനു മറുപടി പറയാതെ അദ്ദേഹം അവിടെ നിന്നു പോവുകയായിരുന്നു.

അന്നു സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാനായി അവിടെയെത്തിയ പല മാധ്യമ പ്രവർത്തകരും ആക്രമിക്കപ്പെട്ടതായി രുചിരാ ഗുപ്ത പറഞ്ഞു. സംഭവങ്ങൾ നേരിട്ടുകാണുന്നത് തടയാനായി ബിബിസിയുടെ മാർക്ക് ടുള്ളിയെ അവർ ഒരു മുറിക്കുള്ളിൽ പൂട്ടിയിട്ടു. അവിടെനിന്നു കൊണ്ടാണ് അദ്ദേഹം ബിബിസിക്ക് വേണ്ടിയുള്ള ആദ്യറിപ്പോർട്ടുകൾ നൽകിയത്. അസോസിയേറ്റഡ് പ്രസ്സിന്റെ ഒരു ഫോട്ടോഗ്രാഫർക്ക് തല്ലുകിട്ടി നെറ്റിയിൽനിന്നു ചോരയൊലിക്കുന്നുണ്ടായിരുന്നു. അതേസമയം സംഘപരിവാര അനുകൂലികളായ  സ്വപൻ ദാസ്‌ഗുപ്‌ത, ചന്ദൻ മിത്ര തുടങ്ങിയ മാധ്യമപ്രവർത്തകർ ഒരു തടസ്സവും നേരിടാതെ ക്യാമറയുമായി അവിടെ ചുറ്റിത്തിരിഞ്ഞു. അവർ  പിന്നീട് ബിജെപി സർക്കാരിൽ വലിയ പദവികൾ നേടിയെടുക്കുകയും ചെയ്തു.

പള്ളിതകർക്കുന്നതിൽ ഗൂഢാലോചന നടന്നതിനു തെളിവില്ല എന്ന കോടതിയുടെ നിഗമനം തീർത്തും വസ്തുതാവിരുദ്ധമാണെന്നു സംഭവങ്ങൾക്കു ദൃക്‌സാക്ഷിയായ   രുചിരാ ഗുപ്ത ആവർത്തിച്ചു പറഞ്ഞു. നേരത്തെ അദ്വാനിയുടെ  രഥയാത്രയുടെ സന്ദർഭത്തിൽ അദ്ദേഹം നടത്തിയ പ്രസംഗങ്ങളും പള്ളി തകർക്കുമെന്ന വ്യക്തമായ സൂചന ഉൾക്കൊള്ളുന്നതായിരുന്നു എന്നു അവർ പറഞ്ഞു. അതിനാൽ സംഭവത്തിൽ ബിജെപി നേതാക്കളുടെ ഉത്തരവാദിത്വം ഒരിക്കലും അവഗണിക്കാവുന്നതല്ല.

വനിതകളുടെ അവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അപ്നേ ആപ് എന്ന സന്നദ്ധസംഘടനയുടെ നേതാവാണ് ഇപ്പോൾ രുചിരാ ഗുപ്ത. ലൈംഗിക തൊഴിലിലേക്കു എത്തിപ്പെടുന്ന സ്ത്രീകളുടെ വിമോചനവും പുനരധിവാസവുമാണ് സംഘടനയുടെ പ്രധാന പ്രവർത്തന മേഖല. 

Leave a Reply