ട്രംപ് -ബൈഡൻ വാദപ്രതിവാദം ബഹളമയം; ട്രംപ് കോമാളിയെന്നു ബൈഡൻ

ന്യൂയോർക്ക്: റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും ഡെമോക്രാറ്റിക്‌  സ്ഥാനാർത്ഥിയും മുൻ വൈസ് പ്രസിഡന്റുമായ ജോ ബൈഡനും തമ്മിൽ ഇന്നലെ വൈകിട്ടു ഓഹിയോവിലെ ക്ളീവ് ലാൻഡിൽ നടന്ന ആദ്യ വാദപ്രതിവാദം വൻ ബഹളവും തുടർച്ചയായ ഇടപെടലുകളും കടുത്ത പരാമർശങ്ങളും കാരണം കലങ്ങിമറിഞ്ഞു. തൊണ്ണൂറു മിനിട്ടു നീണ്ടുനിന്ന സംവാദം  സമീപകാല  അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും  മോശമായ ഡിബേറ്റ് എന്നാണ് വിവിധ മാധ്യമങ്ങൾ ഒരേപോലെ അഭിപ്രായപ്പെട്ടത്.

 ചർച്ചയിൽ എതിർസ്ഥാനാർത്ഥിയുടെ വാക്കുകൾക്കിടയിൽ നിരന്തരം ഇടപെടുകയും ശബ്ദമുയർത്തുകയും ചെയ്ത ട്രംപിനോട് ഒരവസരത്തിൽ “മിണ്ടാതിരിയ്ക്കു  മനുഷ്യാ” എന്നു ബൈഡൻ ആവശ്യപ്പെട്ടു. “ഈ കോമാളിയുടെ ശല്യം കാരണം ഒരു വാചകം പോലും  പറഞ്ഞു പൂർത്തിയാക്കാൻ കഴിയുന്നില്ലെന്നും” അദ്ദേഹം പറഞ്ഞു.

ചർച്ച നിയന്ത്രിച്ച ഫോക്സ് ന്യൂസ് ആങ്കർ ക്രിസ്  വാലസ് പലതവണ ട്രംപിനോട് അനാവശ്യമായ ഇടപെടൽ ഒഴിവാക്കാൻ ആവശ്യപ്പെട്ടു. “മിസ്റ്റർ പ്രസിഡണ്ട്,ഈ ചർച്ച ഞാനാണ്  നിയന്ത്രിക്കുന്നത് എന്നു ഓർമിക്കണം” എന്നു ഒരവസരത്തിൽ ആങ്കർ ട്രംപിനെ ഓർമിപ്പിച്ചു.

ബഹളം കാരണം പലപ്പോഴും ചർച്ചയിൽ ഉയരുന്ന  വിഷയങ്ങൾ എന്തെന്നോ അതിൽ ഓരോ സ്ഥാനാർത്ഥിയും എടുക്കുന്ന നിലപാടുകൾ എന്തെന്നോ കൃത്യമായി  മനസ്സിലാക്കാൻ പോലും കഴിഞ്ഞില്ലെന്നു പല പ്രേക്ഷകരും പരാതിപ്പെട്ടു.  ഗുരുതരമായ  സാമ്പത്തിക- രാഷ്ട്രീയ വിഷയങ്ങളോ അന്താരാഷ്ട്ര ബന്ധങ്ങളോ ചർച്ചയിൽ കാര്യമായി ഉയർന്നുവരിക പോലുമുണ്ടായില്ലെന്നു പല നിരീക്ഷകരും ചൂണ്ടിക്കാട്ടി. പ്രധാനമായും  ട്രംപിന്റെ അക്ഷമയോടെയുള്ള ഉടപെടലുകളും ശബ്ദമുണ്ടാക്കലുമാണ് സംവാദത്തെ പാളം തെറ്റിച്ചതെന്ന് വിവിധ മാധ്യമനിരീക്ഷകർ അഭിപ്രായപ്പെട്ടു.

നവംബർ  മൂന്നിന് നടക്കുന്ന തിരഞ്ഞെടുപ്പിനു മുമ്പ് ഇരു സ്ഥാനാർത്ഥികളും നേർക്കുനേർ നടത്തുന്ന മൂന്നു സംവാദങ്ങളിൽ ആദ്യത്തേതാണ് ഇന്നലെ നടന്നത്. ഏതാണ്ട് നൂറുകോടി പ്രേക്ഷകരാണ് അതു തത്സമയം കണ്ടതെന്ന് വാർത്താഏജൻസികൾ പറഞ്ഞു. 

Leave a Reply