ശ്രീനാരായണ സർവകലാശാല: തലവൻ പോലുമില്ലാതെ ഉത്ഘാടനം നാളെ

തിരുവനന്തപുരം: നാളെ ഗാന്ധിജയന്തി ദിനത്തിൽ  കൊല്ലത്തു ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാല ഉത്ഘാടനം ചെയ്യപ്പെടുമ്പോൾ അടിസ്ഥാനപരമായ യാതൊരു സംവിധാനങ്ങളുമില്ലാതെ വെറുമൊരു കടലാസ്സ് സർവ്വകലാശാലയാണ് പ്രഖ്യാപിക്കപ്പെടുന്നത്.  സർവകലാശാലയുടെ പ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുക്കേണ്ട വൈസ് ചാൻസലർ അടക്കമുള്ള പ്രധാന ടീമിനെപ്പോലും   നിശ്‌ചയിക്കുന്നതിൽ സർക്കാർ ഇതുവരെ വിജയിച്ചിട്ടില്ല.

ഉന്നത വിദ്യാഭ്യാസ വകുപ്പിലെ സ്ഥാപിത താല്പര്യങ്ങളുടെ ഇടപെടലാണ് നാരായണ ഗുരുവിന്റെ പേരിലുള്ള സർവ്വകലാശാലയെ തുടക്കത്തിൽ തന്നെ പ്രതിസന്ധിയിലാക്കുന്നതെന്നു സർവ്വകലാശാലാ പ്രവർത്തനങ്ങളുമായി തുടക്കം മുതലേ സഹകരിച്ചു വന്ന അക്കാദമിക പണ്ഡിതന്മാരും ഇടതുപക്ഷ രാഷ്ട്രീയ നേതാക്കളും ചൂണ്ടിക്കാട്ടുന്നു. പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണുന്നതിൽ മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും ഇടപെടുന്നില്ലെങ്കിൽ ഭാവിയിൽ സർക്കാരിനും പാർട്ടിക്കും പ്രതിസന്ധിയാകുന്ന   മറ്റൊരു  കീറാമുട്ടിയായി ഈ സർവകലാശാല മാറും എന്ന് ഭയപ്പെടേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്.

പുതിയ  സർവകലാശാലയുടെ വൈസ് ചാൻസലർ ആരായിരിക്കണം എന്നതിനെ ചൊല്ലിയാണ് ഇപ്പോൾ കാര്യങ്ങൾ സ്തംഭനത്തിൽ എത്തിയിരിക്കുന്നത്. സർക്കാരിലെയും പാർട്ടിയിലെയും ഒരു പ്രമുഖ വിഭാഗം പുതിയ സർവകലാശാലയുടെ  പ്രോജക്റ്റ് റിപ്പോർട്ട് തയ്യാറാക്കിയ മുൻ കേരളാ സർവകലാശാലാ പ്രൊ വൈസ് ചാൻസലറും പൊളിറ്റിക്സ് വിഭാഗം മേധാവിയുമായ ഡോ. ജെ  പ്രഭാഷിനെ ആ ചുമതല ഏൽപ്പിക്കണം എന്നാണ് ആഗ്രഹിക്കുന്നത്. എന്നാൽ എസ്എൻഡിപി നേതൃത്വത്തിനു  ഒരു ഈഴവ  സമുദായക്കാരൻ ആ പദവിയിൽ വരണം എന്ന താല്പര്യമുണ്ട്.

എന്നാൽ ഏറ്റവും വലിയ പ്രശ്നങ്ങൾ ഉയർന്നുവരുന്നതു ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിന്റെ ഓഫീസിൽ നിന്നാണെന്ന് വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്‌. സാങ്കേതിക സർവ്വകലാശാലയിൽ ഇപ്പോൾ ഉന്നത പദവിയിലുള്ള ഒരാളെ പുതിയ സർവകലാശാലയുടെ ചുമതല ഏല്പിക്കാനാണ് മന്ത്രിയും ഓഫീസും കരുക്കൾ നീക്കുന്നത്. നേരത്തെ യുഡിഎഫ്  മന്ത്രിസഭയുടെ കാലത്തു ലീഗ് പിന്തുണയോടെ പദവിയിൽ എത്തിയ വ്യക്തിയാണ് അദ്ദേഹം. 

ആഗോളതലത്തിൽ കേരളത്തിനു വലിയ സാധ്യതകൾ വികസിപ്പിക്കാവുന്ന ഒരു മേഖലയാണ് ഉന്നത വിദ്യാഭ്യാസരംഗം എന്നു വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതിനു ഉതകുന്ന  തരത്തിലുള്ള ഒരു സമഗ്രമായ പദ്ധതിയാണ് സർവകലാശാലയുടെ പ്രോജക്റ്റ് റിപ്പോർട്ട് ഉൾക്കൊള്ളുന്നതും . പക്ഷേ അതു ഫലപ്രദമായി നടപ്പിലാക്കാൻ ശേഷിയുള്ള ഒരു ടീമിനെ നിയമിക്കുന്ന കാര്യത്തിലാണ് ഇപ്പോൾ പ്രതിസന്ധികൾ ഉയർന്നുവന്നിരിക്കുന്നത്. മുഖ്യമന്ത്രി നേരിട്ടു ഇടപെട്ടു പ്രശ്നങ്ങൾക്ക്  അടിയന്തിര പരിഹാരം കണ്ടില്ലെങ്കിൽ നാരായണഗുരുവിന്റെ പേരിലുള്ള സർവ്വകലാശാല മറ്റൊരു വെള്ളാനയായി മാറുമെന്നാണ് പലരും ഭയക്കുന്നത്.