ബാബ്റി കേസിൽ പ്രതികളെ വെറുതെവിട്ടു; ഗൂഢാലോചനയില്ലെന്നു കോടതി
ലക്‌നൗ: 1992 ഡിസമ്പർ ആറിന് അയോധ്യയിൽ നടന്ന വിശ്വ ഹിന്ദു പരിഷദ് കർസേവയിൽ ബാബ്‌റി മസ്ജിദ് തകർക്കപ്പെട്ടതു ഗൂഢാലോചനയുടെ ഫലമല്ലെന്നും പ്രധാന പ്രതികൾ പലരും അതു തടയാൻ ശ്രമം നടത്തിയിട്ടുണ്ടെന്നും കേസ് വിചാരണ ചെയ്ത സിബിഐ കോടതി കണ്ടെത്തി. കേസിൽ പ്രതികളായ 32 പേരെയും കുറ്റക്കാരല്ലെന്നു കണ്ടെത്തി കോടതി വെറുതെ വിട്ടു.
28 വർഷമായി നടക്കുന്ന കേസ് വിചാരണയിൽ വിധി പ്രഖ്യാപിക്കുന്ന ദിവസം കുറ്റപത്രത്തിൽ പ്രതിപ്പട്ടികയിൽ മുഖ്യസഥാനത്തുള്ള മുൻ ഉപപ്രധാനമന്ത്രി എൽ കെ അദ്വാനി, ബിജെപി മുൻ അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായിരുന്ന മുരളി മനോഹർ ജോഷി, മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി ഉമാഭാരതി തുടങ്ങിയവർ വീഡിയോ ലിങ്ക് വഴിയാണ് കോടതിയിൽ ഹാജരായത്. സാധ്വി ഋതംബര യ ടക്കം മറ്റു പ്രതികൾ നേരിട്ടു ഹാജരായി. വിഎച്ച്പി അധ്യക്ഷൻ അശോക് സിംഗാൾ അടക്കം നാലു പ്രതികൾ മരണം കാരണം പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവായിരുന്നു. രണ്ടായിരത്തോളം പേജുള്ള വിധിന്യായതിലെ പ്രസക്ത ഭാഗങ്ങൾ മാത്രമാണ് സിബിഐ ജഡ്‌ജി എഎസ് കെ യാദവ് കോടതിയിൽ വായിച്ചത്. പതിനൊന്നു മണിക്ക് വിധി പ്രസ്താവത്തിനായി കോടതി സമ്മേളിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഒന്നേകാൽ മണിക്കുർ വൈകിയാണ് വിധി പ്രഖ്യാപിച്ചത്. കേസിൽ സിബിഐ അപ്പീൽ പോകണമെന്ന് പള്ളിയുടെ ഉടമസ്ഥാവകാശം ഉണ്ടായിരുന്ന യു പി വഖ്ഫ് ബോർഡ് ആവശ്യപ്പെട്ടു