ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യയിലെ പ്രവർത്തനം നിർത്തി

ന്യൂഡൽഹി:അന്താരാഷ്ട്ര  മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചതായി സംഘടന ഇന്നു രാവിലെ പ്രഖ്യാപിച്ചു . കഴിഞ്ഞ പത്താം തിയ്യതി സംഘടനയുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്ര സർക്കാർ മരവിപ്പിച്ചതിനെ തുടർന്നാണ് പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നു സംഘടന അറിയിച്ചു. രണ്ടു വർഷമായി മോദി സർക്കാരിന്റെ പീഡനങ്ങൾ നിരന്തരമായി  നടക്കുകയാണെന്നും പ്രവർത്തനം തുടരൽ അസാധ്യമായ സാഹചര്യത്തിലാണ് തീരുമാനമെന്നും സംഘടനയുടെ പ്രസ്താവനയിൽ പറയുന്നു .

കേന്ദ്രത്തിലെ  ബിജെപി സർക്കാർ ആംനസ്റ്റി ഇന്റർനാഷനലിന്റെ പ്രവർത്തനങ്ങളെ  വിവിധ ഏജൻസികളെ ഉപയോഗിച്ചു തടയാൻ നിരന്തരമായ ശ്രമം നടത്തിവരികയായിരുന്നു. അതിന്റെ വരുമാനം  തടയാനും വിദേശത്തുനിന്നുള്ള സംഭാവനകൾ നിർത്താനും നീക്കങ്ങൾ നടന്നു. ഇന്ത്യയിലെ സന്നദ്ധപ്രവർത്തകരുടെ സംഭാവനകൾ കൊണ്ടാണ് കഴിഞ്ഞ  രണ്ടു വർഷമായി ആംനെസ്റ്റിയുടെ പ്രവർത്തനങ്ങൾ നടന്നുവന്നത്. എന്നാൽ കേന്ദ്രസർക്കാരിന്റെ കീഴിലുള്ള എൻഫോഴ്സമെൻറ്റ് ഡയറക്റ്ററേറ്റ് സംഘടനയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതോടെ പ്രവർത്തനം അസാധ്യമായി.ജീവനക്കാരെ മുഴുവൻ പിരിച്ചുവിട്ടതായും  സംഘടന അറിയിച്ചു.

കശ്മീരിലെ കേന്ദ്ര നടപടികളും ഡൽഹിയിലെ വർഗീയ സംഘർഷങ്ങളിൽ പോലീസിന്റെ പക്ഷപാതപരമായ ഇടപെടലുകളും സംബന്ധിച്ചു ആംനെസ്റ്റി ഇന്റർനാഷണൽ രണ്ടു പ്രധാന അന്വേഷണ റിപ്പോർട്ടുകൾ കൊണ്ടുവന്നിരുന്നു. അതിനെ തുടർന്നാണ് സർക്കാർ സംഘടനയുടെ നേരെയുള്ള സമ്മർദ്ദ തന്ത്രങ്ങൾ ശക്തിപ്പെടുത്തിയതെന്നു  ആംനെസ്റ്റിയുടെ വക്താക്കൾ ബിബിസിയോട് പറഞ്ഞു.ഇന്ത്യൻ സർക്കാരിന്റെ പ്രതികരണങ്ങൾ ലഭ്യമായില്ലെന്നു ബിബിസി റിപ്പോർട്ടിൽ അറിയിച്ചു.  

Leave a Reply