കോവിഡ് വ്യാപനം ഇന്ത്യയിൽ ഉച്ചിയിലെത്തി എന്ന് വിദഗ്ദ്ധർ; മാർച്ച് വരെ തുടരും
ചെന്നൈ: ഇന്ത്യയിൽ കോവിഡ് മഹാമാരി അതിന്റെ ഉച്ചിയിൽ എത്തിക്കഴിഞ്ഞതായി പ്രസിദ്ധ വൈറോളജിസ്റ്റ് ഡോ. ടി ജേക്കബ് ജോൺ.
ദി ഹിന്ദു ദിനപത്രത്തിൽ ഇന്ന് പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് സെപ്റ്റംബർ 5 മുതൽ 18 വരെയുള്ള രണ്ടു ആഴ്ചകളിൽ രാജ്യത്തു കോവിഡ് മഹാമാരി അതിന്റെ ഏറ്റവും ഗുരുതരമായ രൂപത്തിൽ വ്യാപിച്ചതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. തൊട്ടുമുമ്പുള്ള ആഴ്ചകളിലെയും പിന്നീടുള്ള ദിവസങ്ങളിലെയും പ്രതിദിന രോഗവ്യാപന കണക്കുകൾ സൂചിപ്പിക്കുന്നത് രാജ്യം അതിന്റെ ഏറ്റവും വിഷമകരമായ ദിനങ്ങളെ കവച്ചുവെച്ചു കഴിഞ്ഞു എന്നാണ്. അതേസമയം രോഗം അടുത്ത മാർച്ചു വരെയെങ്കിലും ഗുരുതരമായ ഭീഷണിയായി നിലനിൽക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സെപ്റ്റംബറിലെ രണ്ടു ആഴ്ചകളിൽ പ്രതിദിന രോഗവ്യാപനം 90,000 കടന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ ദിവസങ്ങളിൽ ചിലതിൽ ഒരു ലക്ഷത്തോളം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിനു തൊട്ടുമുമ്പുള്ള ആഴ്ചയിൽ അതു 80,000 കേസുകളായിരുന്നു. സെപ്റ്റംബർ 19-26 ആഴ്ചയിൽ രോഗവ്യാപന നിരക്കു ശരാശരി 85,000 കേസുകളാണ്. അതു സൂചിപ്പിക്കുന്നതു രാജ്യം രോഗവ്യാപനത്തിന്റെ ഉച്ചിയിലെത്തി വീണ്ടും താഴേക്ക് വരാൻ തുടങ്ങി എന്നാണ്.
ഇന്ത്യയിൽ മാർച്ച് മാസം മുതലാണ് കോവിഡ്കേസുകൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയത്. ആറു മാസം കൊണ്ടാണ് അത് ഉച്ചിയിൽ എത്തിയത്. ഇനി സാധാരണ നിലയിൽ ആറു മാസം കൂടി ഭീഷണി നിലനിൽക്കും എന്നാണ് മുൻകാല അനുഭവങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.
ഇന്ത്യയിൽ സപ്റ്റംബർ 26 വരെയുള്ള കണക്കു പ്രകാരം ആറു ദശലക്ഷം ആളുകൾക്ക് രോഗം ബാധിച്ചതായി ടെസ്റ്റുകളിൽ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യൻ കൌൺസിൽ ഫോർ മെഡിക്കൽ റിസർച്ച് (ഐസിഎംആർ) കണക്കുകൾ പ്രകാരം ടെസ്റ്റിൽ കണ്ടെത്തിയ ഓരോ കേസിനും സമാനമായി 80 മുതൽ 100 വരെ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാതെ കിടക്കുന്നുണ്ട്. അങ്ങനെ കണക്കുകൂട്ടിയാൽ ഇതിനകം ഇന്ത്യയിൽ രോഗം 480 ദശലക്ഷം മുതൽ 600 ദശലക്ഷം വരെ ആളുകൾക്കിടയിൽ വ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ മൊത്തം ജനസംഖ്യ 1380 ദശലക്ഷമാണ്. അതായതു മൊത്തം ജനസംഖ്യയിൽ 35 % മുതൽ 43 % വരെ വൈറസിനു ഇരയായിക്കഴിഞ്ഞു എന്നാണിത് സൂചിപ്പിക്കുന്നത്.
അതായതു ഹെർഡ് ഇമ്മ്യൂണിറ്റി എന്ന് വിദഗ്ദ്ധർ സൂചിപ്പിക്കുന്ന അവസ്ഥയിൽ ഇന്ത്യ എത്തിച്ചേർന്നു കഴിഞ്ഞു. മൊത്തം ജനസംഖ്യയിൽ 30 ശതമാനത്തിനു രോഗബാധയുണ്ടായാൽ പിന്നീട് രോഗവ്യാപനത്തോത് കുറഞ്ഞുവരും. അതാണ് ഇന്ത്യയിൽ ഇപ്പോൾ സംഭവിച്ചു തുടങ്ങിയിരിക്കുന്നത്. അതിനാൽ ഇനിയുള്ള നാളുകളിൽ പ്രധാനമായും കൂടുതൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനിടയുള്ള വിഭാഗങ്ങളിലും പുതുതായി ജനിക്കുന്ന കുട്ടികളിലും കൂടുതൽ ശ്രദ്ധ ഊന്നിക്കൊണ്ടുള്ള രോഗ പ്രതിരോധ നയങ്ങളാണ് ആവിഷ്കരിക്കേണ്ടത്. രോഗവ്യാപനം കുറഞ്ഞാലും അതിന്റെ ഭീഷണി നിലനിൽക്കും. അതിനാൽ വാക്‌സിൻ പ്രയോഗത്തിനുള്ള പ്രായോഗിക നടപടികളിലാണ് ഇനി ശ്രദ്ധിക്കേണ്ടത്. അതേസമയം ഇന്ത്യയിൽ കോവിഡ് വാക്‌സിൻ 2021ലെ ആദ്യമാസങ്ങളിൽ ലഭ്യമാകുമെന്ന് ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ അറിയിച്ചു. മൂന്നു പ്രധാന വാക്‌സിനുകൾ തയ്യാറായി വരുന്നുണ്ട്. അത് മാർച്ചിന് മുമ്പുതന്നെ നല്കിത്തുടങ്ങുമെന്നു ഐസിഎംആർ കോവിഡ് ഗവേഷണം സംബന്ധിച്ച് തയ്യാറാക്കിയ പ്രത്യേക പോർട്ടൽ ഉത്ഘാടനം ചെയ്തുകൊണ്ടു മന്ത്രി അറിയിച്ചു