മാവോയിസ്റ്റ് ജലീൽ കൊല്ലപ്പെട്ടത് ഏറ്റുമുട്ടലിൽ അല്ല
കൽപ്പറ്റ : 2019 മാർച്ച് ഏഴിന് വയനാട് വൈത്തിരിയിലെ ഉപവൻ റിസോർട്ടിൽ മാവോയിസ്റ്റ് നേതാവ് സി പി ജലീൽ കൊല്ലപ്പെട്ടത് പോലീസ് ഏറ്റുമുട്ടലിൽ അല്ലെന്ന് തെളിയിക്കുന്ന തെളിവ് പുറത്തു. സി.പി ജലീലിൻ്റെ തോക്കിൽ നിന്നും വെടിയുതിർത്തിട്ടില്ലെന്നും വലതു കയ്യിൽ നിന്നും ശേഖരിച്ച സ്വാബിൽ വെടിമരുന്നിൻ്റെ അംശമില്ലെന്നുമാണ് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ ജലീലിന്റെ മരണം വ്യാജ ഏറ്റുമുട്ടൽ കൊലപാതകമാണെന്ന ആരോപണം ശരിവെക്കപ്പെടുകയാണ്.
മാവോയിസ്റ്റുകൾ പൊലീസ് സംഘത്തിന് നേരെ നിരവധി തവണ വെടിയുതിർത്തെന്നായിരുന്നു പൊലീസ് ഭാഷ്യം. ഇതേത്തുടർന്ന് നടത്തിയ വെടിവയ്പിലാണ് ജലീൽ കൊല്ലപ്പെട്ടത്. എന്നാൽ ജലീലിൻ്റെ കൈവശമുണ്ടായിരുന്ന തോക്കിൽ നിന്ന് വെടിയുതിർത്തെന്ന് തെളിയിക്കുന്ന ഒരു തെളിവും ലഭിച്ചിട്ടില്ലെന്നാണ് ഫോറൻസിക് പരിശോധന റിപ്പോർട്ട് വ്യക്തമാക്കുന്നത്.