ലൈഫ് മിഷൻ: സർക്കാരിനും മുന്നണിയ്ക്കും കൂടുതൽ പ്രതിസന്ധികൾ ഉയരുന്നു

തിരുവനന്തപുരം:  ലൈഫ് മിഷനിൽ സിബിഐ അന്വേഷണം മുന്നേറുന്നതോടെ കേരളത്തിൽ എൽഡിഎഫ് സർക്കാരിനും മുന്നണിയ്ക്കും മുമ്പിൽ പുതിയ നിരവധി വെല്ലുവിളികൾ ഉയരുകയാണ്. കരാറിൽ നേരത്തെ വെളിപ്പെട്ട കാര്യങ്ങൾ മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും സിബിഐ അന്വേഷണം മുന്നേറുന്നതോടെ കൂടുതൽ ഗുരുതരമായ വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്നും തീർച്ചയാണ്. അതു   മുഖ്യമന്തിയുടെ  ഓഫീസിനെ മാത്രമല്ല, മുഖ്യമന്ത്രിയടക്കം സർക്കാരിലെ പ്രമുഖരിലേക്കു അന്വേഷണം കൊണ്ടെത്തിക്കുമെന്നും തീർച്ചയാണ്.

ലൈഫ് മിഷനുമായി ബന്ധപ്പെട്ടു അതിന്റെ ചീഫ് എക്സിക്യൂട്ടീവ് യു വി ജോസ് അടക്കമുളളവരെ സിബിഐ ചോദ്യം ചെയ്യുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ,  ധനമന്ത്രി തോമസ് ഐസക്, നിയമകാര്യമന്ത്രി എ കെ ബാലൻ എന്നിവരിൽ നിന്നും കോഴപ്പണം കൈമാറ്റം സംബന്ധിച്ച വിവരങ്ങൾ അന്വേഷിക്കുമെന്ന് സിബിഐ വൃത്തങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്.

വിഷയത്തിൽ സിബിഐ  അന്വേഷണത്തിലൂടെ കേന്ദ്രസർക്കാരിനും ബിജെപിക്കും ഇടപെടാൻ സൗകര്യം ഒരുക്കികൊടുത്തത് സർക്കാരിലെ തന്നെ പ്രമുഖരാണ് എന്ന കാര്യമാണ് ഇതിൽ ഏറ്റവും രസകരം. ലൈഫ് മിഷനിലെ കോഴ സംബന്ധിച്ച ആരോപണം ഉയർന്നുവന്ന സന്ദർഭത്തിൽ തന്നെ അക്കാര്യത്തിൽ ആവശ്യമെങ്കിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഏതാണ്ട് ഒരു മാസത്തിനു ശേഷം  വിഷയത്തിൽ സിബിഐ അന്വേഷണം ഉറപ്പായെന്നു ബോധ്യമായ അവസരത്തിലാണ് കേരള സർക്കാർ വിജിലൻസ് അന്വേഷണം തിരക്കിട്ടു പ്രഖ്യാപിച്ചത്. അതു സിബിഐ അന്വേഷണത്തെ തടയാനും ബന്ധപ്പെട്ട രേഖകൾ സിബിഐയുടെ കൈവശം എത്തുന്നതു തടഞ്ഞു അന്വേഷണം അട്ടിമറിക്കാനുമുള്ള നീക്കങ്ങളുടെ ഭാഗമാണെന്നു പ്രതിപക്ഷത്തു നിന്നു ആരോപണമുണ്ടായി.  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സിബിഐ അന്വേഷണം തന്നെ വേണമെന്ന് ആവശ്യം ഉന്നയിക്കുകയും ചെയ്തു.  നേരത്തെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നുവെങ്കിൽ ഒഴിവാക്കാവുന്ന ഒരു പ്രതിസന്ധിയാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്.

രണ്ടാമത്തെ പ്രധാന തലവേദന, വിദേശ രാജ്യത്തിൻറെ ഏജൻസികൾ കേരളത്തിൽ  നടത്തിയ കോഴയിടപാടിൽ കേരളത്തിലെ മന്ത്രിമാർ നേരിട്ടു ഇടപെട്ടതാണ്. നേരത്തെ ഒരു കോടി രൂപ  കൈമാറി എന്ന ആരോപണം വന്നപ്പോൾ അതല്ല നാലര കോടി കൈമാറിയിട്ടുണ്ട് എന്നാണ് കൈരളി ടിവിയിൽ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് വെളിപ്പെടുത്തിയത്. അതു ശരിയാണെന്നു പരിപാടിയിൽ പങ്കെടുത്ത ധനമന്ത്രി തോമസ് ഐസക് സ്ഥിരീകരിച്ചു. പിന്നീട്  നിയമമന്ത്രി എ കെ ബാലനും കൂടുതൽ കോഴപ്പണം കൈമാറി എന്നു പറയുകയുണ്ടായി.

ഇതു പല തരത്തിലുള്ള  പ്രതിസന്ധികളാണ് ഉയർത്തുന്നത്.  കേരള സർക്കാർ നേരിട്ടു നടത്തുന്ന ഒരു സുപ്രധാന ക്ഷേമപദ്ധതിയിൽ മൊത്തം തുകയുടെ നാലിലൊന്നു കോഴപ്പണമായി ഒലിച്ചുപോയി എന്ന വെളിപ്പെടുത്തൽ ശരിയാണെന്ന് എങ്ങനെ രണ്ടു പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുന്ന സീനിയർ മന്ത്രിമാർ അറിഞ്ഞു? ഇതു മാധ്യമങ്ങൾക്കു മുമ്പിൽ വെളിപ്പെടുത്തും മുമ്പ് അതിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ സംബന്ധിച്ചു എന്തുകൊണ്ടു അവർ പരിഗണിച്ചില്ല തുടങ്ങിയ വിഷയങ്ങളാണ് ഇപ്പോൾ ഉയർന്നുവരുന്നത്. മന്ത്രിസഭയിലെ ഏറ്റവും സീനിയറായ ഇ പി ജയരാജന്റെ മകനെക്കൂടി കോഴയിടപാടിൽ ആരോപണ നിഴലിൽ കൊണ്ടുവന്നതോടെ ഈ പ്രശ്‍നം പാർട്ടിയിൽ നേരത്തെ നിലനിന്നു വന്ന  ചില തർക്കങ്ങളിലേക്കു കാര്യങ്ങളെ വീണ്ടും വലിച്ചിഴക്കുന്നുണ്ട്. ലൈഫ് മിഷൻ കോഴ  സംബന്ധിച്ച വിവാദം ചില സ്ഥാപിത താല്പര്യങ്ങൾ ബോധപൂർവം കുത്തിപ്പൊക്കിയതാണ് എന്ന വിലയിരുത്തൽ പല തലങ്ങളിലും ഉയർന്നുവരുന്നുണ്ട്. സിപിഎമ്മിന്  അതുയർത്തുന്ന തലവേദനകൾ ചില്ലറയല്ല.

ഈ പശ്ചാത്തലത്തിലാണ് ഇരുമന്ത്രിമാരുടെയും കോഴ സംബന്ധിച്ച വെളിപ്പെടുത്തൽ തികഞ്ഞ നിരുത്തരവാദിത്തമാണ് എന്ന പരസ്യ നിലപാട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സ്വീകരിച്ചിരിക്കുന്നത്. സർക്കാരിന് അടുത്ത തിരഞ്ഞെടുപ്പിൽ ഒരു  തിരിച്ചുവരവിന് ഉണ്ടായിരുന്ന സാധ്യതയെ അകറ്റുന്ന പ്രധാനപ്രശ്നങ്ങളിലൊന്ന് ഇടതുപാളയത്തിൽ നിന്നുതന്നെ കുടം തുറന്നു പുറത്തു വിട്ട ഈ ലൈഫ് മിഷൻ ഭൂതമാണ്‌ എന്നു സിപിഐ മാത്രമല്ല, സിപിഎം നേതൃത്വവും തിരിച്ചറിയുന്നുണ്ട്. കഴിഞ്ഞ  സിപിഎം സംസ്ഥാന സെക്രട്ടറിയറ്റിൽ വിഷയം ചർച്ചയായശേഷം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസിനെ വിളിച്ചുവരുത്തി ഈ വിഷയത്തിൽ കൈരളിയുടെ സമീപനത്തിൽ പാർട്ടിക്കുള്ള അതൃപ്തി രേഖപ്പെടുത്തുകയുണ്ടായി. അതേസമയം, സെക്രട്ടറിയറ്റ് അംഗങ്ങൾ കൂടിയായ മന്ത്രിമാർ ഇനിയും ഇക്കാര്യത്തിൽ പരസ്യമായ ഒരു വിശദീകരണം നൽകിയിട്ടില്ല. പക്ഷേ സിബിഐ അതു ചോദിക്കുമ്പോൾ എന്തു  മറുപടിയാണ് ടിവി ഷോയിൽ നിറഞ്ഞു നിന്ന ധനമന്ത്രിയും പരിവാരങ്ങളും നല്കാൻ പോകുന്നത്? സ്വന്തം സർക്കാരിന്റെ പദ്ധതിയിലെ കോഴപ്പണം സംബന്ധിച്ച വെളിപ്പെടുത്തൽ മലർന്നു കിടന്നു തുപ്പുന്ന പരിപാടിയാണെന്നു മന്ത്രിമാർക്കു അറിയില്ല എന്നു പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? 

Leave a Reply