ട്രംപ് നികുതി തട്ടിപ്പുകാരനെന്നു ന്യൂയോർക്ക് ടൈംസ്; വിവാദമായി അന്വേഷണ റിപ്പോർട്ട്

ന്യൂയോർക്ക്: അമേരിക്കൻ  പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് നികുതി  തട്ടിപ്പുകാരനെന്നു ന്യൂയോർക്ക് ടൈംസ്  ഞായറാഴ്ച പ്രസിദ്ധീകരിച്ച അന്വേഷണ റിപ്പോർട്ടിൽ ആരോപിക്കുന്നു. കഴിഞ്ഞ 15  വർഷമായി ട്രംപ് വരുമാന നികുതി അടക്കുന്നത് ഒഴിവാക്കാനായി തന്റെ ബിസിനസ്സ് സംരംഭങ്ങളിൽ വൻതുകകൾ നഷ്ടമായി കാണിക്കുകയായിരുന്നവെന്ന് രേഖകൾ ചൂണ്ടിക്കാട്ടി പത്രം തെളിയിക്കുന്നു.

ട്രംപ്  പ്രസിഡണ്ടായി അധികാരമേറ്റ 2016ൽ അദ്ദേഹം സർക്കാരിലേക്ക് അടച്ച വരുമാന നികുതി വെറും 750 ഡോളർ മാത്രമാണ്. രേഖകൾ പ്രകാരം  അടുത്ത  വർഷവും അതേ തുക തന്നെയാണ് അദ്ദേഹം വരുമാന നികുതിയിനത്തിൽ അടച്ചത്. ഏറ്റവും സാധാരണ വരുമാനക്കാർ പോലും അതിനു എത്രയോ ഇരട്ടി വരുമാന നികുതി നൽകുന്ന അവസരത്തിലാണ് പ്രസിഡണ്ടിന്റെ നികുതി തട്ടിപ്പെന്ന് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ രണ്ടു  പതിറ്റാണ്ടു കാലത്തെ ട്രംപിന്റെ നികുതിരേഖകൾ  പൂർണമായും പരിശോധിച്ചു തയ്യാറാക്കിയ അതിവിപുലമായ റിപ്പോർട്ടാണ് ഇന്നലെ ന്യൂയോർക്ക് ടൈംസ് പുറത്തു വിട്ടത്. അതു പ്രകാരം കഴിഞ്ഞ ഒന്നര  പതിറ്റാണ്ടിൽ മിക്ക വർഷങ്ങളിലും ട്രംപ് ഒരു ഡോളർ പോലും വരുമാന നികുതിയായി അടച്ചിട്ടില്ലെന്ന് പത്രം കണ്ടെത്തി. അതേസമയം വിവിധ ഇനങ്ങളിലായി ദശലക്ഷക്കണക്കിനു ഡോളർ അദ്ദേഹത്തിന് വരുമാനം ഉണ്ടായിരുന്നു.ദി അപ്രന്റീസ് എന്നപേരിൽ നടന്ന ഒരു ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ ദശലക്ഷക്കണക്കിനു ഡോളർ വരുമാനം ലഭിച്ച ട്രംപ് അതു ഉപയോഗിച്ചു ഗോൾഫ് കോഴ്സുകളും വൻകിട ഹോട്ടലുകളും മറ്റും വാങ്ങിക്കൂട്ടി. എന്നാൽ വാഷിങ്ങ്ടണിലെ ഹോട്ടലും മിയാമിയിലെ ഗോൾഫ് കോഴ്സും അടക്കം ഇത്തരം ബിസിനസ്സുകൾ  എല്ലാം വൻതോതിൽ  നഷ്ടം വരുത്തുന്നതായാണ് നികുതി രേഖകളിൽ കാണിച്ചിരിക്കുന്നത്. അത്തരം  നഷ്ടം കണക്കിൽ ഉൾപ്പെടുത്തിയാണ്  വരുമാന നികുതി അടക്കുന്നത് അദ്ദേഹം ഒഴിവാക്കിയത്.

 അമേരിക്കയിൽ നികുതി അടക്കുന്നതു ഒഴിവാക്കിയ ട്രംപ് വിദേശ രാജ്യങ്ങളിലെ വിവിധ ബിസിനസ്സ് സംരംഭങ്ങളുടെ പേരിൽ ആ നാടുകളിൽ ലക്ഷക്കണക്കിന് ഡോളർ നികുതി അടച്ചിട്ടുള്ളതായും രേഖകൾ പറയുന്നു. ഫിലിപ്പൈൻസ്, ഇന്ത്യ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ ട്രംപിന്റെ   സ്ഥാപനങ്ങൾ നികുതി അടച്ചിട്ടുണ്ട്. ഇന്ത്യയിൽ ഒന്നര ലക്ഷം ഡോളറിലേറെ അദ്ദേഹം ട്രംപ് ടവർ ഇടപാടിന്റെ പേരിൽ നികുതിയായി  അടച്ചതായി ന്യൂയോർക്ക് ടൈംസ് കണ്ടെത്തി,

ഇതിനു  മുമ്പ് ഒരു അമേരിക്കൻ പ്രസിഡണ്ട് ഇതേ തരത്തിൽ നികുതി വെട്ടിപ്പു നടത്തിയത്‌ എഴുപതുകളിൽ റിച്ചാർഡ് നിക്സനാണെന്നു പത്രം ചൂണ്ടിക്കാണിക്കുന്നു. അദ്ദേഹവും 750 ഡോളറോളമാണ് നികുതി അടച്ചത്. വാട്ടർഗേറ്റ് സംഭവത്തിൽ നിക്‌സൺ രാജിവെക്കുകയായിരുന്നു. അന്നു  പ്രസിഡണ്ടിന്റെ നികുതി വെട്ടിപ്പു സംബന്ധിച്ച ആരോപണങ്ങളെ തുടർന്നു പ്രസിഡണ്ട് നികുതിരേഖകൾ പരസ്യമാക്കണം എന്നു വ്യവസ്ഥ കൊണ്ടുവന്നിരുന്നു. എന്നാൽ തന്റെ നികുതി രേഖകൾ പരസ്യമാക്കുന്നതു ഒഴിവാക്കാൻ ട്രംപ് കോടതിയെ സമീപിച്ചു. നികുതി സംബന്ധിച്ചു അമേരിക്കൻ നികുതി വകുപ്പുമായി കേസുകൾ നിലവിലുണ്ട് എന്നും അതിനാൽ ഇപ്പോൾ രേഖകൾ പരസ്യമാക്കാനാവില്ല എന്നുമാണ് സ്റ്റേ ആവശ്യപ്പെട്ടു അദ്ദേഹം കോടതിയിൽ വാദിച്ചത്. നവംബർ  മൂന്നിനു നടക്കുന്ന തിരഞ്ഞെടുപ്പിൽ ന്യൂയോർക്ക് ടൈംസ് വെളിപ്പെടുത്തലുകൾ വൻവിവാദമാകുമെന്നു രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. എന്നാൽ ട്രംപിന്റെ തീവ്ര  വലതുപക്ഷ അനുയായികൾ നികുതി വെട്ടിപ്പിന്റെ പേരിൽ അദ്ദേഹത്തെ കൈവിടുകയില്ല എന്നാണ് പൊതുവിലുള്ള വിലയിരുത്തൽ. അതേസമയം വിവിധ അഭിപായ  സർവേകളിൽ ഡെമോക്രാറ്റിക്‌ സ്ഥാനാർഥി ജോ ബൈഡൻ ട്രംപിനെക്കാൾ ഇപ്പോൾ പത്തുപോയന്റോളം മുന്നിലാണ്. നാളെ  ഇരുവരും തമ്മിൽ നടക്കുന്ന ആദ്യത്തെ ഡിബേറ്റിൽ ഏറ്റവും വലിയ പ്രശ്നമായി ഉയർന്നുവരിക പ്രസിഡന്റിന്റെ നികുതി വെട്ടിപ്പായിരിക്കും എന്നു സിഎൻഎൻ ചാനൽ അഭിപ്രായപ്പെട്ടു

Leave a Reply