ആർമിനിയ-അസർബൈജാൻ സംഘർഷം ആഗോള ഊർജ രംഗത്തു പ്രശ്നങ്ങളുണ്ടാക്കും
ബാകൂ: ദക്ഷിണ കോക്കസസിലെ മുൻ സോവിയറ്റ് റിപ്പബ്ലിക്കുകളായ ആർമിനിയയും അസർബൈജാനും തമ്മിൽ ഞായാഴ്ച രാവിലെ പൊട്ടിപ്പുറപ്പെട്ട സംഘർഷം ആഗോള ഊർജവിപണിയിൽ കടുത്ത പ്രത്യാഘാതമുണ്ടാക്കുമെന്ന് ഭയം.
ഇരുരാജ്യങ്ങൾക്കും ഇടയിലുള്ള നാഗോർണോ-കാരബഖ് പ്രവിശ്യയെ ചൊല്ലി ദശകങ്ങളായി നിലനിൽക്കുന്ന തർക്കങ്ങളാണ് ഇന്നലെ ഇരുരാജ്യങ്ങളുടെയും സേനകൾ പരസ്പരം വെടിയുതിർക്കുന്നതിലേക്കു നയിച്ചത്. സംഘർഷത്തിൽ ടാങ്കുകളും ഹെലികോപ്ടറുകളും തകർത്തതായി ഇരുരാജ്യങ്ങളും അവകാശപ്പെട്ടിട്ടുണ്ട്. സംഘർഷങ്ങളിൽ സിവിലിയന്മാരും സൈനികരും അടക്കം 23 പേർ കൊല്ലപ്പെട്ടതായി ബിബിസി റിപ്പോർട്ട് ചെയ്തു. ഇരുരാജ്യങ്ങളിലും സൈനിക നിയമം പ്രഖ്യാപിച്ചിരിക്കുകയാണ്. തുർക്കി പിന്തുണയോടെയാണ് അസർബൈജാൻ സൈനിക നീക്കങ്ങൾ നടത്തുന്നത്. ആർമിനിയയ്ക്കു റഷ്യയുടെ പിന്തുണയുണ്ട്. അതിനാൽ സംഘർഷം വ്യാപിച്ചാൽ അതു കൂടുതൽ ഗുരുതരമായ ആഗോള പ്രശ്നമായി വികസിക്കുമെന്ന ഭയവുമുണ്ട്.
നാഗോർണോ-കാരബഖ് പ്രദേശം അസർബൈജാന്റെ നിയന്ത്രണത്തിലാണെങ്കിലും അവിടെ അധിവസിക്കുന്നത് പ്രധാനമായും അർമീനിയൻ വംശജരാണ്. ഒരു ന്യൂനപക്ഷം തുർക്കി വംശജരുമാണ്. സോവിയറ്റ് കാലത്തു അതൊരു സ്വയംഭരണ പ്രദേശമായിരുന്നു. 1990 തുടക്കത്തിൽ സോവിയറ്റ് തകർച്ചയോടെ അവിടെ വംശീയ സംഘർഷങ്ങൾ ഉയർന്നുവന്നിരുന്നു. അന്നു പ്രദേശത്തിന്റെ ഒരു ഭാഗം സ്വാതന്ത്ര്യവാദികൾ അസർബൈജാൻ നിയന്ത്രണത്തിൽ നിന്നും മോചിപ്പിച്ചിരുന്നു. ആർമിനിയയുടെ പിന്തുണയിൽ നിലനിൽക്കുന്ന സ്വതന്ത്ര പ്രദേശം വിമോചിപ്പിക്കുമെന്നാണ് അസർബൈജാൻ പറയുന്നത്. അതിനു പിൻതുണ നൽകുമെന്ന് തുർക്കി പ്രസിഡണ്ട് ഉർദുഗാൻ ഇന്നലെയും പ്രഖ്യാപിച്ചിട്ടുണ്ട്.
റഷ്യൻ നിയന്ത്രണത്തിലുള്ള വടക്കു കാസ്പിയൻ കടൽ മേഖലയിൽ നിന്നുള്ള എണ്ണയും പ്രകൃതി വാതകവും ആഗോള കമ്പോളത്തിലേക്കു എത്തിക്കുന്ന തന്ത്രപ്രധാനമായ കുഴലുകൾ കടന്നുപോകുന്നത് തർക്ക പ്രദേശങ്ങളിലൂടെയാണ്. നോർഡ്‌സ്ട്രീം എന്ന പേരിലുള്ള റഷ്യയും ജർമനിയും തമ്മിൽ ഒപ്പുവച്ച സുപ്രധാന ഊർജ വിപണനകരാറിൽ പാശ്ചാത്യ രാജ്യങ്ങളിലേക്ക് പ്രകൃതിവാതകം എത്തിക്കുന്നത് ഈ പ്രദേശം വഴിയാണ്. അതിനാൽ അവിടെ യുദ്ധം പൊട്ടിപ്പുറപ്പെടുന്നത്റഷ്യയുടെയും പാശ്ചാത്യ രാജ്യങ്ങളുടെയും താല്പര്യങ്ങളെ ബാധിക്കുന്നതാണ്.