കേരളാ കോൺഗ്രസ്സ് നേതാവ് സി എഫ് തോമസ് അന്തരിച്ചു
തിരുവനന്തപുരം: മുതിർന്ന കേരളാ കോൺഗ്രസ്സ് നേതാവും ചങ്ങനാശ്ശേരി എംഎൽഎയുമായ സി എഫ് തോമസ് ഞായാഴ്ച രാവിലെ അന്തരിച്ചു. 81 വയസ്സുണ്ട്. ഏതാനും ദിവസമായി അദ്ദേഹം തിരുവല്ലയിൽ സ്വകാര്യ ആശുപത്രിയിലായിരുന്നു.
എട്ടുതവണ തുടർച്ചയായി അദ്ദേഹം എംഎൽഎയായി നിയമസഭയിൽ പ്രവർത്തിക്കുകയുണ്ടായി. 2001-06 കാലത്തു യുഡിഎഫ് മന്ത്രിസഭയിൽ ഗ്രാമ വികസന വകുപ്പ് മന്ത്രിയായിരുന്നു.
കേരളാ കോൺഗ്രസ്സിൽ കെ എം മാണിയുടെ അടുത്ത അനുയായിയായിരുന്ന സി എഫ് തോമസ് മാണിയുടെ മരണശേഷം കേരളാ കോൺഗ്രസ്സിൽ പി ജെ ജോസഫ് വിഭാഗവുമായി യോജിച്ചാണ് പ്രവർത്തിച്ചിരുന്നത്. അധ്യാപനം വിട്ടു പൊതുപ്രവർത്തനത്തിൽ എത്തിയ സി എഫ് തോമസ് കേരളാ കോൺഗ്രസ്സിലെ ഏറ്റവും ജനകീയരായ നേതാക്കളിൽ ഒരാളായിരുന്നു. നിര്യാണത്തിൽ വിവിധ നേതാക്കൾ അനുശോചിച്ചു.