സിബിഐ അന്വേഷണം രാഷ്ട്രീയ പ്രേരിതം; ജനങ്ങളെ അണിനിരത്തി ചെറുക്കുമെന്ന് കോടിയേരി

തിരുവനന്തപുരം: ലൈഫ്  മിഷൻ പദ്ധതിയിൽ സിബിഐ ഏകപക്ഷീയമായി ആരംഭിച്ച അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും ജനങ്ങളെ അണിനിരത്തി അത്തരം നീക്കങ്ങളെ ചെറുക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രഖ്യാപിച്ചു.

ഇന്നു നടന്ന ഓൺലൈൻ സംസ്ഥാന കമ്മിറ്റി യോഗത്തിനുശേഷം  മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോടിയേരി. സംസ്ഥാന സർക്കാരിനെ മറികടന്നു കൊണ്ടാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. അതു ഇത്തരം   അന്വേഷണങ്ങൾ സംബന്ധിച്ചു നിലനിൽക്കുന്ന നടപടിക്രമങ്ങൾക്ക് വിരുദ്ധമാണ്. കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ തകർക്കാനുള്ള നീക്കമാണ് കേന്ദ്രത്തിലെ ബിജെപി ഭരണ നേതൃത്വം നടത്തുന്നത്. അത്തരം  ഭീഷണി കേരളത്തിൽ വിലപ്പോവുകയില്ല. അവർ അന്വേഷണം നടത്തട്ടെ. ഏതറ്റം വരെ പോകുമെന്നു  കാത്തിരുന്ന് കാണാം. എന്നാൽ ഇത്തരം ചപ്പടാച്ചികൾ കൊണ്ടു സിപിഎമ്മിനെ   ഭയപ്പെടുത്താമെന്നു ആരും കരുതേണ്ടതില്ല. കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ സംരക്ഷിക്കാൻ ജീവൻ ബലിയർപ്പിച്ചും പോരാടാൻ തങ്ങളുടെ പാർട്ടി തയ്യാറാവും.  കേരളത്തിലെ ബിജെപി നേതൃത്വം തയാറാക്കിയ തിരക്കഥയാണ് സിബിഐ അന്വേഷണ നീക്കത്തിൽ കാണാൻ  കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.  ലൈഫ് മിഷൻ അഴിമതിയിൽ അന്വേഷണത്തിനു ഇറങ്ങിയ സിബിഐ എന്തുകൊണ്ട് മാറാട് കേസിൽ അന്വേഷണം വേണമെന്ന സർക്കാരിന്റെ ആവശ്യത്തെ നിരാകരിക്കുന്നു?എന്തുകൊണ്ടു ബിജെപി സർക്കാർ അതിനു തയ്യാറാവുന്നില്ല?  ബിജെപിയും  യുഡിഎഫിലെ ലീഗടക്കമുള്ള കക്ഷികളും തമ്മിലുള്ള ഒത്തുകളിയാണ്  അതിൽ തെളിഞ്ഞുകാണുന്നത്.

സിബിഐ അന്വേഷണ  വിഷയത്തിൽ പാർട്ടി നിലപാട് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന്റെ ഭാഗമായി ഞായറാഴ്ച ലോക്കൽ കമ്മിറ്റി മുതൽ ജില്ലാ കമ്മിറ്റി അംഗങ്ങൾ വരെയുള്ളവരുടെ യോഗം ഓൺലൈനായി വിളിക്കാൻ തീരുമാനിച്ചിട്ടുണ്ട്. 29നു  എൽഡിഎഫ്  സഖ്യകക്ഷികളുടെ ജില്ലാതല  പരിപാടികളും നടക്കുന്നുണ്ട്. തന്റെ മകൻ ബിനീഷ് കോടിയേരിയെ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്കു  ഏതു അന്വേഷണവും സ്വാഗതം ചെയ്യുന്നുവെന്നും എന്തെങ്കിലും തെറ്റു അയാൾ ചെയ്‌തിട്ടുണ്ടെങ്കിൽ അതിനുള്ള ശിക്ഷ അനുഭവിക്കട്ടെ എന്നും സിപിഎം നേതാവ്  പറഞ്ഞു. ഒരുകാരണവശാലും ആരെയും സംരക്ഷിക്കാൻ  പാർട്ടി തയ്യാറാവുകയില്ല. നിയമം അതിന്റെ വഴിക്കു  നീങ്ങുന്നതിനു തങ്ങൾ എതിരല്ലെന്നും അദ്ദേഹം പറഞ്ഞു

Leave a Reply