സാമ്പത്തിക പണ്ഡിത ഐഷർ ജഡ്ജ് അഹ്ലുവാലിയ അന്തരിച്ചു
ന്യൂഡൽഹി: പ്രശസ്ത സാമ്പത്തിക പണ്ഡിതയും ഗ്രന്ഥകാരിയുമായ ഐഷർ ജഡ്ജ് അഹ്‌ലുവാലിയ ശനിയാഴ്ച അന്തരിച്ചു. പത്തുമാസമായി കാൻസർ ചികിത്സയിലായിരുന്നു അവർ. 75 വയസ്സായിരുന്നു. പ്രമുഖ സാമ്പത്തിക പണ്ഡിതനും ഇന്ത്യൻ ആസൂത്രണ കമ്മീഷന്റെ മുൻ ഉപാധ്യക്ഷനുമായ മൊണ്ടേക് സിങ് അഹ്‌ലുവാലിയ ജീവിത പങ്കാളിയാണ്. കൊൽക്കത്ത പ്രസിഡൻസി കോളേജിൽ നിന്നു ബിഎ ഓണേഴ്‌സ് കഴിഞ്ഞു ഡൽഹി സ്കൂൾ ഓഫ് എക്കണോമിക്സ് എന്ന പ്രമുഖ ദേശീയ സ്ഥാപനത്തിൽ എത്തിയ ഐഷർ അവിടെനിന്നു എം എ കഴിഞ്ഞ ശേഷം ഗവേഷണപഠനത്തിനായി അമേരിക്കയിലെ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ എത്തി. അവിടെ പിഎച്ച്ഡി നേടിയ ഐഷർ ആഗോളതലത്തിൽ അറിയപ്പെടുന്ന സാമ്പത്തികശാസ്‌ത്ര പണ്ഡിതയായിരുന്നു. നഗരവികസനം, വ്യവസായ വികസനം, സാമൂഹിക വികസന പ്രശ്നങ്ങൾ, സാമ്പത്തിക പരിഷ്കരണങ്ങൾ തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും അവരുടെ പഠനങ്ങൾ കേന്ദ്രീകരിച്ചത്. വിവിധ അന്താരാഷ്ട്ര ഗവേഷണ സ്ഥാപനങ്ങളിൽ പ്രവർത്തിച്ച ഐഷർ ഡൽഹിയിലെ ഇന്ത്യൻ കൌൺസിൽ ഫോർ റിസർച്ച് ഓൺ ഇൻർനാഷണൽ ഇക്കണോമിക് റിലേഷൻസ് എന്ന സ്ഥാപനത്തിന്റെ അധ്യക്ഷയായി കഴിഞ്ഞ 15 വർഷമായി പ്രവർത്തിച്ചു. അനാരോഗ്യം കാരണം കഴിഞ്ഞ മാസമാണ് അവർ ചുമതലയിൽ നിന്നും ഒഴിഞ്ഞത്. അവരുടെ ആത്മകഥ ബ്രേക്കിംഗ് ത്രൂ എന്ന പുസ്തകം ബംഗാളിൽനിന്നും ആഗോളതലത്തിലേക്കു ഉയർന്ന ഒരു ഇന്ത്യൻ വനിതയുടെ ജീവിതകഥയാണ്. മറ്റു നിരവധി അക്കാദമിക കൃതികളും അവർ രചിച്ചിട്ടുണ്ട്.