depo 25 bonus 25 slot-gacor/ slot dana slot maxwin slot88 slot slot-gacor slot online slebew-smp ഡോ. ഹാനിബാബുവിനെ മോചിപ്പിക്കുക: സാംസ്കാരിക പ്രവർത്തകരുടെ പ്രസ്താവന – Janashakthi Online

ഡോ. ഹാനിബാബുവിനെ മോചിപ്പിക്കുക: സാംസ്കാരിക പ്രവർത്തകരുടെ പ്രസ്താവന

കോഴിക്കോട്:  സർവകലാശാലാ അദ്ധ്യാപകനും പ്രശസ്ത ഭാഷാവിദഗ്ദ്ധനും മലയാളിയുമായ ഡോ.ഹാനി ബാബുവിനെ അന്യായമായി അറസ്റ്റ് ചെയ്തതിൽ വേദനയും പ്രതിഷേധവും രേഖപ്പെടുത്തി കേരളത്തിലെ സാംസ്കാരിക പ്രവർത്തകരുടെ പ്രസ്താവന.

 നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയെ ഉപയോഗിച്ച് സർക്കാര്‍ നയങ്ങളെ ചോദ്യം ചെയ്യുന്നവരെയും സ്വതന്ത്ര ബുദ്ധിജീവികളെയും ഭീഷണിയിലൂടെ നിശബ്ദരാക്കാനുള്ള ഗൂഢതന്ത്രമാണ് വെളിവാകുന്നത് എന്ന് സച്ചിദാനന്ദൻ, ബി ആർ പി ഭാസ്കർ, ബി രാജീവൻ തുടങ്ങി നിരവധി പ്രമുഖർ ഒപ്പിട്ട പ്രസ്താവനയിൽ  ചൂണ്ടിക്കാട്ടി. ഇതിനായി   ജനാധിപത്യവിരുദ്ധമായി യുഎപിഎ  നിയമം ചുമത്തി ജാമ്യം പോലും നിഷേധിച്ച് തടവിലിടുകയാണ്.  ഭീമാ – കോറേഗാവ് കേസിൽ  തടവിലാകുന്ന  പന്ത്രണ്ടാമത്തെ ബുദ്ധിജീവിയാണ് ഡോ. ഹാനി ബാബു.

 ഡൽഹി സർവകലാശാലയിലെ ഇംഗ്ലീഷ് വിഭാഗത്തിലെ അദ്ധ്യാപകനും അറിയപ്പെടുന്ന നിയമ പണ്ഡിതനുംസാമൂഹിക പ്രവർത്തകനുമാണ്  ഹാനിബാബു. ജാതി വിരുദ്ധവും സാമൂഹ്യ നീതിക്കു പൊരുതുന്നതും ആയ അംബേദ്കറിസ്റ്റ് പ്രസ്ഥാനത്തോട് അദ്ദേഹം അനുഭാവം പുലർത്തിയിരുന്നു.

2019 സെപ്തംബർ 10ന് ഉത്തർപ്രദേശ് പോലീസിന്റെ അകമ്പടിയോടെ പൂനാ പൊലീസ് അദ്ദേഹം താമസിക്കുന്ന നോയ്ഡയില്‍ എത്തി.  വസതിയിൽ റെയ്ഡ് നടത്തി. ലാപ്ടോപ്പ്, മൊബൈൽഫോൺ, പെൻഡ്രൈവ് തുടങ്ങിയവയ്ക്കു പുറമേ അധ്യാപനത്തിന് ഉപയോഗിക്കുന്ന നോട്ട്സും വിദ്യാർത്ഥികളുടെ പഠന പ്രബന്ധങ്ങളും പൊലീസ് എടുത്തുകൊണ്ടുപോയി. വാറണ്ടില്ലാതെ നടത്തിയ റെയ്ഡ് അദ്ദേഹം നേരിട്ട  നിരവധി മനുഷ്യാവകാശ ലംഘനങ്ങളിൽ ഒന്നു മാത്രമാണ്. എടുത്തു കൊണ്ടു പോകുന്ന വസ്തുക്കളുടെ നിയമാനുസൃത പട്ടികയടക്കം നിയമപരമായി നൽകേണ്ട യാതൊരു രേഖയും നൽകാതെ സായുധ പോലീസ് സംഘം സ്ഥലം വിട്ടു. ഈ നടപടിയിലൂടെ അദ്ദേഹത്തിന്റെ കമ്പ്യൂട്ടറിൽ അവർ പിന്നീട് നടത്താൻ സാധ്യതയുള്ള തിരിമറികൾ കോടതിയിൽ തെളിയിക്കാനുള്ള അവസരം നിഷേധിക്കപ്പെടുകയാണ് എന്നു ഭയപ്പെടേണ്ടിയിരിക്കുന്നു.

തനിക്ക് ഏതെങ്കിലും നിരോധിത സംഘടനയുമായി ബന്ധമില്ല എന്ന അദ്ദേഹത്തിന്റെ വാദം പരിഗണിക്കപ്പെട്ടില്ല. എൻ ഐ എ യുടെ  നിർദ്ദേശം സ്വീകരിച്ച് കോവിഡ് ഭീതിയെ അവഗണിച്ച് അദ്ദേഹം ജൂലൈ 24ന്  മുംബെയില്‍ ഹാജരായി. അന്നു മുതൽ അഞ്ചു ദിവസം അദ്ദേഹത്തോട് പലതവണ അവരുടെ ഓഫീസിൽ ഹാജരാകാൻ പറഞ്ഞു. ഡോ:ഹാനി ബാബു അദ്ദേഹത്തിന്റെ കുടുംബത്തെ അറിയിച്ചത്, ഭയപ്പെടുത്തലും മറ്റു പലര്‍ക്കുമെതിരെ കള്ളമൊഴി നൽകാൻ നിർബന്ധിക്കലുമാണ് നടന്നതെന്നാണ്. സ്വയം തെറ്റുകാരനാണെന്ന് സമ്മതിക്കാനും അവർ നിർബന്ധിച്ചുവത്രെ. അതൊന്നും ഫലിക്കില്ല എന്നു വന്നപ്പോള്‍ ജൂലൈ 29ന് വൈകുന്നേരം 5മണിക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതായി അവർ അറിയിച്ചു.

ഇതിനു ശേഷം ആഗസ്റ്റ് മാസം 3ന് ഡോ. ഹാനി ബാബുവിന്റെ ഡൽഹിയിലെ ഫ്ലാറ്റിൽ അവർ വീണ്ടും റെയ്ഡിനെത്തി.  അദ്ദേഹത്തിന്റെ ഭാര്യയും മകളും മാത്രമാണ് ആ സമയത്ത് വീട്ടിലുണ്ടായിരുന്നത്. കഴിഞ്ഞ റെയ്ഡിൽ കൊണ്ടു പോകാതിരുന്ന രണ്ട് പെൻഡ്രൈവും ഒരു ഹാർഡ് ഡിസ്കും ഏതാനും ഫയലുകളും എഴുത്തുകളും  അവർ കൊണ്ടുപോയി.

ഡോ. ഹാനി ബാബുവിനെതിരെ ചുമത്തിയ യു എ പി എ റദ്ദാക്കണമെന്നും അദ്ദേഹത്തെ ഉപാധി കൂടാതെ  മോചിപ്പിക്കണമെന്നും സംഘം ആവശ്യപ്പെട്ടു. ധൈഷണിക പ്രതിഭകളെ യു എ പി എപോലുള്ള ഭീകര നിയമങ്ങള്‍ ചാര്‍ത്തി തടവറയില്‍ തള്ളുന്ന ഭരണകൂട നടപടിയിലുള്ള നടുക്കവും ആശങ്കയും പ്രസ്താവനയിൽ രേഖപ്പെടുത്തുന്നു.

കെ അജിത, ജോയ് യ്മാത്യു, ഡോ. പി കെ പോക്കര്‍, ഡോ. ആസാദ്, കെ.ഇ.എൻ,

സുനിൽ പി ഇളയിടം, കെ .പി രാമനുണ്ണി, സാവിത്രി രാജീവന്‍ തുടങ്ങി നിരവധിപേർ പ്രസ്താവനയിൽ ഒപ്പിട്ടിട്ടുണ്ട്.

Leave a Reply