കർഷകരുടെ ദേശീയ ബന്ദ് ആരംഭിച്ചു; നിരവധി തീവണ്ടികൾ റദ്ദാക്കി
ന്യൂഡൽഹി: വിവിധ കർഷകപ്രസ്ഥാനങ്ങളുടെ സംയുക്ത നേതൃത്വത്തിൽ ആഹ്വാനം ചെയ്ത ദേശീയ ബന്ദ് ഇന്നു രാവിലെ ആരംഭിച്ചു. പഞ്ചാബ്, ഹരിയാന അടക്കം ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കർഷകർ സംഘടിതമായി തെരുവിലിറങ്ങി വാഹനങ്ങളും തീവണ്ടി ഗതാഗതവും തടഞ്ഞു.
ഈയാഴ്ച പാർലമെന്റിന്റെ ഇരുസഭകളും പാസ്സാക്കിയ കാർഷിക മേഖലയെ സംബന്ധിച്ച മൂന്നു പ്രധാന ബില്ലുകൾക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ഇന്ന് ഭാരത് ബന്ദ് ആചരിക്കുന്നത്. പഞ്ചാബിൽ മൂന്നുദിവസം നീണ്ടുനിൽക്കുന്ന ഗതാഗതം തടയൽ പ്രക്ഷോഭം ഇന്ന് രണ്ടാം ദിവസത്തേക്കു കടന്നു.
ഡൽഹിയിലേക്കുള്ള പ്രധാന പാതകളിൽ കർശനമായ സുരക്ഷാ സംവിധാനം ഒരുക്കിയിരിക്കുകയാണെന്നു വാർത്താമാധ്യമങ്ങൾ അറിയിച്ചു. കർഷക മാർച്ചുകൾ തലസ്ഥാനത്തേക്ക് കടക്കുന്നതു തടയാനാണ് പോലീസ് ശ്രമിക്കുന്നത്. അതേസമയം പഞ്ചാബിൽ നിന്നുള്ള നിരവധി തീവണ്ടികൾ റെയിൽവേ റദ്ദാക്കിയിരിക്കുകയാണ്. അവ ഇനി ഞായറാഴ്ച മാത്രമേ പുനരാരംഭിക്കുകയുള്ളു എന്നു റെയിൽവേ അധികൃതർ അറിയിച്ചിട്ടുണ്ട്.
കർഷക പ്രക്ഷോഭത്തിനു പ്രധാന ട്രേഡ് യൂണിയൻ സംഘടനകളും ആർഎസ്എസ് അനുകൂലികളായ സ്വദേശി ജാഗരൺ മഞ്ച് അടക്കമുള്ള പ്രസ്ഥാനങ്ങളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എൻഡിഎ സഖ്യകക്ഷിയായ അകാലിദൾ അടക്കം 16 പ്രധാന പാർട്ടികളും സമരത്തിനു പിന്തുണ നൽകുന്നുണ്ട്. കോൺഗ്രസ്സും ഇടതുപാർട്ടികളും അടക്കം പാർലമെന്റിലെ പ്രതിപക്ഷം രാഷ്ട്രപതിയെ സന്ദർശിച്ചു കാർഷിക പരിഷ്ക്കരണ ബില്ലുകൾക്കു അനുമതി നൽകരുത് എന്നു അഭ്യർത്ഥിച്ചിട്ടുണ്ട്. സുപ്രധാന ബില്ലുകൾ ബന്ധപ്പെട്ട പാർലമെന്ററി സമിതികളുടെ പരിശോധനക്കു വിടണം എന്ന തങ്ങളുടെ അഭ്യർത്ഥന പോലും സർക്കാർ സ്വീകരിച്ചില്ല എന്നു പ്രതിപക്ഷ കക്ഷി നേതാക്കൾ രാഷ്ട്രപതിയോട് പരാതിപ്പെട്ടു. സഭയിൽ ബില്ല് കീറിയെറിഞ്ഞ എട്ടു പ്രതിപക്ഷ അംഗങ്ങളെ രാജ്യസഭയിൽ നിന്നു സഭാ കാലം കഴിയും വരെ പുറത്താക്കിയിരുന്നു. അതിൽ പ്രതിഷേധിച്ചു പ്രതിപക്ഷം ഇരുസഭകളും ബഹിഷ്കരിക്കുകയും ചെയ്തു. പ്രതിപക്ഷ സാന്നിധ്യമില്ലാതെ ബില്ലുകൾ ഒറ്റയടിക്കു പാസ്സാക്കി കഴിഞ്ഞ ദിവസം പാർലമെന്റ് സമ്മേളനം എട്ടു ദിവസം മുമ്പേ പിരിഞ്ഞത് വിവിധ രാഷ്ട്രീയ പാർട്ടികളുടെ വിമർശനത്തിനു ഇടയാക്കിയിരുന്നു.