പ്രമുഖ പത്രാധിപർ ഹാരോൾഡ് ഇവാൻസ് അന്തരിച്ചു
ന്യൂയോർക്ക്: ലോകത്തെ ഏറ്റവും പ്രമുഖനായ പത്രാധിപർ എന്നപേരില്‍ അറിയപ്പെട്ട സർ ഹാരോൾഡ് ഇവാൻസ് ന്യൂയോർക്കിൽ ഇന്നു രാവിലെ അന്തരിച്ചു. അദ്ദേഹത്തിനു 92 വയസ്സായിരുന്നു.
ലണ്ടനിലെ സൺഡേ ടൈംസ് എഡിറ്റർ എന്നനിലയിൽ അതിപ്രധാനമായ നിരവധി അന്വേഷണാത്മക വാർത്തകൾ അദ്ദേഹം പുറത്തു കൊണ്ടുവന്നു. അന്വേഷണാത്മക പത്രപ്രവർത്തനം ആഗോളതലത്തിൽ മുൻനിരയിലെത്തിയത് ഹാരോൾഡ് ഇവാന്സിന്റെ വാർത്തകൾ ലോകത്തെ പിടിച്ചുകുലുക്കിയതിനെ തുടർന്നാണ്. ഇംഗ്ലണ്ടിൽ ഗർഭിണികളായ സ്ത്രീകൾക്ക് ഡോക്ടർമാർ നൽകിവന്ന താലിഡോമൈഡ് എന്ന മരുന്ന് ഉണ്ടാക്കുന്ന പാർശ്വഫല ങ്ങളെ സംബന്ധിച്ച വാർത്തകളാണ് അദ്ദേഹത്തെ പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിച്ചത്. മരുന്നു സ്ഥിരമായി ഉപയോഗിച്ച സ്ത്രീകളുടെ കുട്ടികൾ കടുത്ത ആരോഗ്യപ്രശ്നങ്ങളുമായാണ് ജനിക്കുന്നതെന്നു അദ്ദേഹം കണ്ടെത്തി. ഈ വാർത്തകളെ തുടർന്നു മരുന്നുകമ്പനി വൻതുക നഷ്ടപരിഹാരമായി നൽകേണ്ടിവന്നു. അന്നു സൺഡേ ടൈംസിന് ഏറ്റവും കൂടുതൽ പരസ്യം നൽകിവന്ന കമ്പനിയാണ് ഇവാന്സിന്റെ വാർത്തകളുടെ പേരിൽ വൻതുക നല്കേണ്ടിവന്നതും.
ബ്രിട്ടനിലെ വെയിൽസിൽ മാഞ്ചസ്റ്ററിലെ തൊഴിലാളി കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. അച്ഛൻ ഒരു എൻജിൻ ഡ്രൈവർ ആയിരുന്നു.’ അമ്മ വീട്ടിൽ ചെറിയ കട നടത്തി. ചെറുപ്പം മുതൽ പത്രപ്രവർത്തനത്തിൽ ആകൃഷ്ടനായ അദ്ദേഹം മാഞ്ചസ്റ്ററിലെ ഒരു കമ്പനി പ്രദേശത്തു ഉണ്ടാക്കുന്ന കടുത്ത മലിനീകരണം മൂലമുള്ള ആരോഗ്യപ്രശ്നങ്ങളെ സംബന്ധിച്ച വാർത്തകളിലൂടെയാണ് അന്വേഷണാത്മക റിപ്പോർട്ടിങ്ങിന്റെ രംഗത്തു എത്തുന്നത്. പിന്നീട് അമേരിക്കയിൽ മാധ്യമരംഗത്തെ ഉപരിപഠനത്തിനായി പോയി തിരിച്ചെത്തിയ ശേഷമാണ് അദ്ദേഹം സൺഡേ ടൈംസ് പത്രത്തിൽ എത്തുന്നത്. വൈകാതെ അവിടെ പത്രാധിപരായി ഉയർന്ന ഇവാൻസ് സൺഡേ ടൈംസിനെ ലോകത്തെ ഏറ്റവും പ്രമുഖ പത്രങ്ങളിൽ ഒന്നായി മാറ്റി.
എഴുപതുകളിൽ ലണ്ടൻ ഫ്‌ളീറ്റ് സ്ട്രീറ്റിലെ പ്രതിസന്ധിയുടെ കാലത്തു ടൈംസ് ഉടമകൾപത്രത്തെ ആസ്‌ത്രേലിയൻ മാധ്യമ രാജാവ് റൂപർട്ട് മർഡോകിന് വിറ്റു. ഇവാൻസ് പത്രാധിപരായി തുടർന്നെങ്കിലും അധികം വൈകാതെ മർഡോകുമായി ഭിന്നത കാരണം രാജിവച്ചു. പിന്നീട് 2012ൽ മർഡോക് പത്രങ്ങളെ സംബന്ധിച്ച അന്വേഷണംനടത്തിയ ലേവിസൻ കമ്മീഷനു നൽകിയ മൊഴിയിൽ ഇവാൻസ് മർഡോക്കിനെ വിശേഷിപ്പിച്ചത് മാധ്യമരംഗത്തെ ദുഷ്ടശക്തി എന്നാണ്.
എഴുപതുകളുടെ അവസാനം അദ്ദേഹം ന്യൂയോർക്കിലെത്തി റാൻഡം ഹൌസ് പുസ്തകശാലയുടെ എഡിറ്ററും അറ്റ്ലാന്റിക് മാഗസിൻഅടക്കം നിരവധി പ്രമുഖ പ്രസിദ്ധീകരങ്ങളുടെ പത്രാധിപരുമായി. വാനിറ്റി ഫെയർ എഡിറ്റർ ടിനാ ബ്രൗൺ ആണ് ഭാര്യ. ഇരുവരും അമേരിക്കയിലെ മാധ്യമരംഗത്തെ ഏറ്റവും ശക്തരായ ദമ്പതികളായാണ് അറിയപ്പെട്ടത്. മാധ്യമപ്രവർത്തനവുമായി ബന്ധപ്പെട്ട നിരവധി ഗ്രന്ഥങ്ങളുടെ കർത്താവാണ് ഹാരോൾഡ് ഇവാൻസ്. അദ്ദേഹത്തിന്റെ ആത്മകഥ- മൈ പേപ്പർ ചേസ് – വളരെ പ്രശസ്തി നേടിയ പുസ്തകമാണ്. 2004ലാണ് ബ്രിട്ടൻ സർ സ്ഥാനം നൽകി അദ്ദേഹത്തെ ബഹുമാനിച്ചത്.