സൗദി വിമാനം റദ്ദാക്കൽ; മലബാറിന് കനത്ത തിരിച്ചടിയാകും
കോഴിക്കോട്: ഇന്ത്യയിൽ നിന്നു സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള യാത്രാവിമാനങ്ങൾക്കു സൗദി സർക്കാർ ഏർപ്പെടുത്തിയ വിലക്ക് ഏറ്റവും കൂടുതൽ ബാധിക്കുക മലബാർ പ്രദേശത്തെയാണെന്നു പ്രവാസി സംഘടനകൾ പറയുന്നു. കേരളത്തിൽ നിന്നുള്ള സൗദി പ്രവാസികളിൽ ഏറ്റവും കൂടുതൽ പേരുളളത് മലബാർ ജില്ലകളിലാണ്.
സെപ്റ്റംബർ 22 മുതലാണ് ഇന്ത്യ, ബ്രസീൽ, അർജന്റീന എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രാവിമാനങ്ങൾക്കു സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി വിലക്കു പ്രഖ്യാപിച്ചത്. ഇന്ത്യയുടെ വന്ദേഭാരത് മിഷൻ പദ്ധതിയുടെ ഭാഗമായുള്ള വിമാനങ്ങൾക്കും ഇത് ബാധകമാണ്. ഇന്ത്യയിലേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കു വേണ്ടിയാണ് ഈ പ്രത്യേക സർവീസ് ആരംഭിച്ചത്. ഈ സർവീസ് ഉപയോഗപ്പെടുത്തി വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നു കോവിഡ് പ്രതിസന്ധിയുടെ മൂർധന്യത്തിൽ ആയിരക്കണക്കിന് പ്രവാസികൾ ഇന്ത്യയിലേക്ക് തിരിച്ചുവരികയുണ്ടായി.
ജൂൺ-ജൂലൈ മാസങ്ങളിൽ സൗദി അടക്കം വിവിധ ഗൾഫ് രാജ്യങ്ങളിൽ കോവിഡ് രോഗബാധ വർധിച്ച അവസരത്തിലാണ് ഇന്ത്യയിലേക്കുള്ള പ്രവാസികളുടെ കനത്ത ഒഴുക്ക് സംഭവിച്ചത്. കേരളത്തിലേക്കാണ് ഇവരിൽ മഹാഭൂരിഭാഗവും എത്തിയത്. ഗൾഫുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ കോവിഡ് പ്രതിരോധം ഊർജിതമാണെന്നും രോഗബാധിതർക്കു ഇവിടെ വളരെ മെച്ചപ്പെട്ട ചികിത്സയും സൗകര്യങ്ങളും ലഭ്യമാണ് എന്നുമുള്ള പ്രചാരണത്തിന്റെ ഭാഗമായാണ് പലരും തിരിച്ചു നാട്ടിലേക്കു പോന്നത്.
അങ്ങനെ തിരിച്ചെത്തിയ പ്രവാസികളിൽ മഹാഭൂരിപക്ഷവും ഇപ്പോൾ എങ്ങനെയെങ്കിലും തിരിച്ചു ഗൾഫിലെ ജോലി സ്ഥലങ്ങളിൽ എത്തിച്ചേരണമെന്ന ആഗ്രഹത്തിലാണ്. ഒരുഭാഗത്തു കേരളത്തിൽ കോവിഡ് കാട്ടുതീ പോലെ പടരുകയാണ്; അതേസമയം സൗദി അടക്കം ഗൾഫ് രാജ്യങ്ങളിൽ കർശനമായ നടപടികളിലൂടെ രോഗബാധ പിടിച്ചുനിർത്തിക്കഴിഞ്ഞു. മിക്ക ഗൾഫ് നഗരങ്ങളിലും ബിസിനസ്സും മറ്റു സാമ്പത്തിക പ്രവർത്തനങ്ങളും സാധാരണ നിലയിൽ എത്തിക്കഴിഞ്ഞു. കേരളമടക്കം ഇന്ത്യയാകട്ടെ ലോകത്തു അമേരിക്ക കഴിഞ്ഞാൽ രോഗബാധയിൽ രണ്ടാം സ്ഥാനത്തു എത്തിനിൽക്കുകയാണ്. പ്രതിദിനം ഒരുലക്ഷം പുതിയ രോഗികൾ എന്ന ഭയാനകമായ അവസ്ഥയിലാണ് ഇപ്പോൾ രാജ്യം എത്തിയിരിക്കുന്നത്.
ഈ അവസരത്തിൽ ഏതുവിധേനയും തങ്ങളുടെ തൊഴിൽ മേഖലയിലേക്കു തിരിച്ചു പോകാനാണ് മിക്കവരും ആഗ്രഹിക്കുന്നത്. നാട്ടിലെ ഇന്നത്തെ പരിതസ്ഥിതിയിൽ ഇവിടെ ഒരു ജോലി കണ്ടെത്തുക എന്നതു അസാധ്യമാണെന്ന് മിക്കവാറും എല്ലാവരും അംഗീകരിക്കുന്നു. കോവിഡ് പശ്ചാത്തലത്തിൽ ലോകത്തു ഏറ്റവും വലിയ സാമ്പത്തിക തിരിച്ചടി നേരിടുന്ന രാജ്യം ഇന്ത്യയാണെന്ന കാര്യം അവർക്കു കൂടുതൽ ഉത്കണ്ഠയുണ്ടാക്കുന്നുണ്ട്. 2020 ഏപ്രിൽ-ജൂൺ കാലത്തെ ത്രൈമാസ കണക്കുകൾ പ്രകാരം ഇന്ത്യയുടെ സമ്പദ് ഘടന 24 ശതമാനമാണ് ചുരുങ്ങിയത്. അതു ലോകത്തെ ഏറ്റവും വലിയ തിരിച്ചടിയാണ് കാണിക്കുന്നത്. പിന്നീടുള്ള മാസങ്ങളിൽ സ്ഥിതിഗതികൾ കൂടുതൽ മോശമാണ്. അതേസമയം സൗദിയും മറ്റു ഗൾഫ് രാജ്യങ്ങളും ഇത്ര കടുത്ത പ്രതിസന്ധി നേരിട്ടിട്ടില്ല. അവിടെ സമ്പദ്‌രംഗം തിരിച്ചുകയറുകയുമാണ്. അതിനാൽ ഗൾഫിലെ തൊഴിലുകൾ തിരിച്ചുപിടിക്കുകയെന്നത് മിക്കവർക്കും ജീവന്മരണ പ്രശ്നമാണ്.
എന്നാൽ തിരിച്ചു തൊഴിലിടങ്ങളിൽ എത്താനുള്ള സാധ്യതയാണ് വിമാനസർവീസ് റദ്ദാക്കലിലൂടെ ഇല്ലാതായിരിക്കുന്നത്. നേരത്തെ ഇന്ത്യയിൽ നിന്നു ദുബായ് പോലുള്ള നഗരങ്ങളിലൂടെ സൗദിയിലേക്ക് കടക്കാൻ സൗകര്യം ഉണ്ടായിരുന്നു. പുതിയ നിബന്ധന പ്രകാരം യാത്രക്കു 14 ദിവസം മുമ്പ് നിരോധനമുള്ള രാജ്യങ്ങളിൽ സഞ്ചരിച്ച ആളുകൾക്ക് സൗദിയിൽ പ്രവേശനം സാധ്യമല്ല.
കഴിഞ്ഞ ഏതാനും വർഷങ്ങളായി സൗദി അടക്കമുള്ള രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾ നിരന്തരം പ്രശ്നങ്ങൾ നേരിടുകയായിരുന്നു. നേരത്തെ പ്രഖ്യാപിച്ച സ്വദേശിവൽക്കരണ നിതാക്കത്ത് നിയമങ്ങൾ പ്രകാരം ആയിരക്കണക്കിനു ആളുകൾക്ക് തൊഴിൽ ഉപേക്ഷിച്ചു പോരേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ വന്ന പുതിയ നിയന്ത്രണങ്ങൾ കൂടുതൽ ആളുകളെ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്. മലബാറിലെ നഗരങ്ങളിലും ഗ്രാമങ്ങളിലുമാണ് അതിന്റെ ആഘാതം ഏറ്റവും കൂടുതലായി അനുഭവപ്പെടുന്നത്.