അമേരിക്കയിൽ കൊറോണാ മരണം രണ്ടുലക്ഷം കവിഞ്ഞു; രോഗബാധയിൽ കുറവില്ല
ന്യൂയോർക്ക്: ലോകത്തു കൊറോണ രോഗബാധയിലും മരണസംഖ്യയിലും മുന്നിൽ നിൽക്കുന്ന അമേരിക്ക ഇന്നലെ ഒരു റെക്കോർഡ് കൂടി സ്ഥാപിച്ചു: രാജ്യത്തു മരണസംഖ്യ രണ്ടുലക്ഷം കവിഞ്ഞതായി ജോൺ ഹോപ്കിൻസ് സർവകലാശാല അറിയിച്ചു. രോഗബാധയുടെ ആരംഭം മുതൽ ഓരോ രാജ്യത്തും സംഭവിക്കുന്ന മരണം സംബന്ധിച്ച കൃത്യമായ കണക്കുകൾ സൂക്ഷിക്കുന്ന സർവകലാശാല, ചൊവ്വാഴ്‌ചയോടെ അമേരിക്കയിൽ മരണസംഖ്യ 200,005 ആയതായി അറിയിച്ചു.
മൊത്തം രോഗബാധിതരും അമേരിക്കയിൽ ഏറ്റവും കൂടുതലാണ്. ജനുവരി 21നു ആദ്യമായി കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടശേഷം ഇതിനകം 68 ലക്ഷം പേർ അമേരിക്കയിൽ രോഗബാധിതരായിട്ടുണ്ട്.
രോഗം തടയുന്നതിൽ അമേരിക്കയുടെ ഗുരുതരമായ പരാജയത്തിനു കാരണം പ്രസിഡണ്ട് ട്രംപിന്റെ തെറ്റായ നയങ്ങളും കെടുകാര്യസ്ഥതയുമാണെന്നു ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥി ജോ ബൈഡൻ ഇന്നലെ ആരോപിച്ചു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആരോഗ്യ അടിയന്തിരവസ്ഥയെയാണ് രാജ്യം നേരിടുന്നത്. മുൻകരുതൽ എടുക്കുന്നതിൽ ട്രംപ് ഭരണകൂടം പരാജയപ്പെട്ടതാണ് അതിനു കാരണം. പ്രസിഡണ്ട് തന്നെയാണ് അതിനു ഉത്തരവാദി എന്നും ബൈഡൻ ആരോപിച്ചു.
എന്നാൽ പ്രസിഡണ്ട് ട്രംപ് അത്തരം ആരോപണങ്ങൾ തള്ളി. കൊറോണാ പ്രതിരോധത്തിൽ തന്റെ സർക്കാർ എ പ്ലസ് അർഹിക്കുന്നുണ്ട് എന്നാണ് അദ്ദേഹം അവകാശപ്പെട്ടത്. തങ്ങൾ കരുതലെടുത്തിരുന്നില്ലെങ്കിൽ മരണസംഖ്യ ഇതിനകം ഇരുപതോ മുപ്പതോ ലക്ഷം ആകുമായിരുന്നു എന്നാണ് പ്രസിഡണ്ട് പറയുന്നത്.
അതേസമയം, രോഗബാധ തടയുന്നതിൽ ഫലപ്രദമായ നടപടികൾ ആരോഗ്യവകുപ്പ് സ്വീകരിക്കുന്നതിൽ പ്രസിഡണ്ട് നിരന്തരം തടസ്സങ്ങൾ സൃഷ്ടിച്ചതായി മാധ്യമങ്ങൾ ചൂണ്ടിക്കാട്ടി. രോഗം ഒരു പ്രശ്നമല്ല എന്നും വൈറസ് വൈകാതെ വന്നവഴിയെ പോകും എന്നുമാണ് പ്രസിഡണ്ട് സ്വീകരിച്ച നിലപാട്. രോഗം ചെറുക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സർക്കാരിനു കഴിഞ്ഞില്ല. ഏറ്റവും ലളിതമായ പ്രായോഗിക പരിഹാരമായ മുഖാവരണം പോലും രാജ്യത്തു നിർബന്ധിതമായി നടപ്പിലാക്കാൻ കഴിഞ്ഞില്ല. താൻ ഒരു കാരണവശാലും മുഖാവരണം ധരിക്കുകയില്ല എന്നാണ് രോഗം പടർന്നു പിടിക്കുന്ന അവസരത്തിൽ അദ്ദേഹം വാശിപിടിച്ചത്. രോഗബാധയെ ചെറുക്കാനുള്ള ശാസ്ത്രജ്ഞരുടെ നീക്കങ്ങൾക്കു ഫലപ്രദമായ പിന്തുണ നൽകാനും അദ്ദേഹം തയ്യാറായില്ല. ഇത്തരം പ്രശ്നങ്ങളാണ് രാജ്യത്തു രോഗം ക്രമാതീതമായി വ്യാപിക്കാൻ കാരണമായതെന്നു മാധ്യമങ്ങളും സ്വതന്ത്രനിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നു.