തൊഴിൽ നിയമങ്ങളിൽ ഭേദഗതി; ഇന്നു ദേശീയ പ്രതിഷേധ ദിനം

ന്യൂഡൽഹി: ഇന്ത്യയിലെ പ്രധാനപ്പെട്ട 14 തൊഴിൽ  നിയമങ്ങൾക്കു പകരം മൂന്നു പുതിയ നിയമനിർമാണം കൊണ്ടുവന്ന കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ഇന്നു തൊഴിലാളി പ്രസ്ഥാനങ്ങൾ രാജ്യവ്യാപകമായി പ്രതിഷേധദിനം ആചരിക്കുന്നു.

തൊഴിൽ നിയമങ്ങളെ  ക്രോഡീകരിക്കുന്ന പുതിയ മൂന്നു ബില്ലുകളും തൊഴിൽ മന്ത്രി സന്തോഷ് കുമാർ ഗാൻഗ്വാർ ഇന്നലെയാണ് ലോക്സഭയിൽ അവതരിപ്പിച്ചത്. പ്രതിപക്ഷം സഭ ബഹിഷ്കരിച്ചതിനാൽ ബില്ലുകൾ ചർച്ചയില്ലാതെ പാസ്സായി. മൂന്നു ബില്ലുകളും തിങ്കളാഴ്ച രാജ്യസഭയിൽ വരും.

മുന്നൂറ് ജീവനക്കാർ വരെയുള്ള സ്ഥാപനങ്ങളിൽ തൊഴിലിനു ആളുകളെ എടുക്കുന്നതും പിരിച്ചുവിടുന്നതും കൂടുതൽ എളുപ്പമാക്കുന്നതാണ് ഭേദഗതികളിൽ ഏറ്റവും പ്രധാനം. നേരത്തെ നൂറു ജീവനക്കാർ വരെയുള്ള കമ്പനികൾക്ക് മാത്രമേ ഇത്തരം സൗകര്യങ്ങൾ ലഭ്യമായിരുന്നുള്ളു. ഇതു സ്ഥാപന ഉടമകളെ  അമിത ബാധ്യതകളിൽ നിന്നു വിമോചിപ്പിക്കുമെന്നു മന്ത്രി പറഞ്ഞു.

സാമൂഹിക സുരക്ഷാ സംവിധാനങ്ങൾ  അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് കൂടി ലഭ്യമാക്കുന്നതാണു മറ്റൊരു ഭേദഗതി. രാജ്യത്തെ അമ്പതുകോടി  അസംഘടിത തൊഴിലാളികൾക്കു ഇതു ഗുണം ചെയ്യുമെന്നു മന്ത്രി പറഞ്ഞു. അതേപോലെ സാമൂഹിക സുരക്ഷാ നിയമങ്ങളുടെ സംരക്ഷണം പുതിയ സാമൂഹിക മാധ്യമ സംവിധാനങ്ങളെ അടിസ്ഥാനപ്പെടുത്തിയ തൊഴിൽ മേഖലകൾക്കും ലഭ്യമാക്കുന്നതാണ് മറ്റൊരു പ്രധാന നിർദേശം. ഗിഗ് അല്ലെങ്കിൽ പ്ലാറ്റ്ഫോം  തൊഴിൽ മേഖല എന്ന പുതിയ സംവിധാനത്തിൽ കോടിക്കണക്കിനു ആളുകളാണ് സമീപകാലത്തായി തൊഴിൽ ചെയ്യുന്നത്. യൂബർ, ഒയോ പോലുള്ള യാത്രാസംവിധാനങ്ങൾ, സൊമാറ്റോ പോലുള്ള   ഭക്ഷ്യവിതരണ സംവിധാനങ്ങൾ, ആമസോൺ, ഫ്ലിപ്കാർട്ട് പോലുള്ള വിതരണ മേഖല തുടങ്ങി സാമൂഹിക    മാധ്യമം അടിസ്ഥാനപ്പെടുത്തിയ തൊഴിൽ രംഗങ്ങളാണ് പുതിയ നിയമത്തിൽ കൈകാര്യം ചെയ്യുന്നത്. 

എന്നാൽ നിലവിലുള്ള തൊഴിൽ നിയമങ്ങളിലെ നിയമസംരക്ഷണം തൊഴിലാളികൾക്കു നഷ്ടപ്പെടുത്തി തൊഴിൽ ഉടമകളുടെയും കോർപറേറ്റുകളുടെയും താല്പര്യങ്ങൾ സംരക്ഷിക്കുന്നതാണ് ഭേദഗതികൾ എന്നു പത്തു ദേശീയ തൊഴിലാളി സംഘടനകളുടെ നേതാക്കൾ സംയുക്ത പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. തെഴിലാളി വർഗം അതിനെ ചെറുക്കാൻ പോരാട്ടം തുടരും. ആദ്യപടിയായി ബുധനാഴ്ച രാജ്യമെങ്ങും പ്രതിഷേധദിനം ആചരിക്കാൻ ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങൾ ആഹ്വാനം ചെയ്തു.

Leave a Reply