ഇന്ത്യാ-ചൈനാ കമാണ്ടർതല ചർച്ചകൾ അവസാനിച്ചു; പുരോഗതിയില്ലെന്നു ഇന്ത്യ

ന്യൂഡൽഹി: ലഡാക്കിലെ ചുഷുളിൽ ചൈനീസ് ഭാഗത്തു ഇന്നലെ നടന്ന 14 മണിക്കൂർ നീണ്ട ഇന്ത്യാ-ചൈനാ കമാണ്ടർ തല ചർച്ചയിൽ   സേനാപിന്മാറ്റം സംബന്ധിച്ചു തീരുമാനം ഉണ്ടായില്ലെന്ന് ഇന്ത്യൻ അധികൃതർ വ്യക്തമാക്കി. സെപ്റ്റംബർ  പത്തിനു  മോസ്‌കോയിൽ ഇരുരാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാർ നടത്തിയ കൂടികാഴ്ചയില്‍ അംഗീകരിച്ച അഞ്ചിന ഫോർമുലയുടെ  അടിസ്ഥാനത്തിലാണ് ഇന്നലെ വീണ്ടും ചർച്ചകൾ നടന്നത്.  മെയ് മാസം  മുതൽ പ്രദേശത്തു നിലനിൽക്കുന്ന സംഘർഷത്തിനു പരിഹാരം കാണാനായി നേരത്തെ  പല തവണ കമാണ്ടർ തലത്തിൽ ചർച്ചകൾ നടന്നിരുന്നു.

ഇന്നലെ നടന്ന  ചർച്ചയിൽ ഇന്ത്യൻ ഭാഗത്തെ പ്രതിനിധീകരിച്ചത് പതിനാലാം കോർപ്സ് കമാണ്ടർ ലെഫ്റ്റനന്റ് ജനറൽ  ഹരിന്ദർ സിങ് ആയിരുന്നു. സേനാതലത്തിലെ മറ്റു  ഏതാനും ഓഫീസർമാരും ഇന്ത്യൻ വിദേശകാര്യ വകുപ്പിലെ ചൈനാ ഡസ്കിന്റെ ചുമതല വഹിക്കുന്ന ജോയിന്റ് സെക്രട്ടറി നവീൻ ശ്രീവാസ്തവയും ചർച്ചയിൽ പങ്കാളികളായി. മൗണ്ടൻ ഡിവിഷൻ കമാണ്ടർ  ലെഫ്‌റ്റനന്റ് ജനറൽ പിജികെ മേനോനും ചർച്ചയിൽ ഉണ്ടായിരുന്നു. സ്ഥലം മാറിപ്പോവുന്ന ഹരീന്ദർ സിങിന്റെ പകരക്കാരനായി ഈ മേഖലയിലെ സേനാചുമതല  അദ്ദേഹത്തിന് ആയിരിക്കുമെന്ന് പറയപ്പെടുന്നു.

തർക്കപ്രദേശങ്ങളിൽ നിന്നുള്ള  പിന്മാറ്റം സംബന്ധിച്ച കാര്യങ്ങളിൽ പുരോഗതി തേടി ഇരുവിഭാഗവും ചർച്ചകൾ തുടരാൻ തീരുമാനിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. എല്ലാ പ്രദേശത്തു നിന്നും ചൈന ഒരേസമയം പിൻവാങ്ങണമെന്നും അതിനുശേഷം മാത്രം ഇന്ത്യയുടെ പിന്മാറ്റം എന്നുമാണ് ഇന്ത്യൻ സംഘം നിലപാടെടുത്തത്. അതു ചൈനീസ് സംഘത്തിനു സ്വീകാര്യമായില്ല. 

അതേസമയം ഇന്ത്യയും ചൈനയും തമ്മിലുള്ള മോസ്‌കോ ചർച്ചകളിൽ അംഗീകരിച്ച അഞ്ചിന ഫോർമുല നടപ്പിലാക്കാൻ ചർച്ചകൾ മാത്രം മതിയാവില്ലെന്നു ഇന്ത്യയുടെ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം കെ നാരായണൻ അഭിപ്രായപ്പെട്ടു. മോസ്‌കോയിൽ നടന്ന ഇന്ത്യാ-ചൈനാ മന്ത്രിതല  ചർച്ചകളെ വിശകലനം ചെയ്തു ഇന്നു ദി ഹിന്ദു പത്രത്തിൽ എഴുതിയ  ലേഖനത്തിലാണ് അദ്ദേഹം ഈ അഭിപ്രായം പറഞ്ഞത്. ചൈനയുടെ  സാമ്പത്തികവും സൈനികവുമായ വളർച്ചയും ആഗോളതലത്തിലെ തങ്ങളുടെ പ്രാമുഖ്യം സംബന്ധിച്ച അവരുടെ ആഭ്യന്തര വിലയിരുത്തലുകളും ഈ തർക്കങ്ങളിൽ പ്രതിഫലിക്കുന്നുണ്ട്. തർക്കങ്ങൾ തങ്ങളുടെ താൽപര്യങ്ങൾക്കു അനുസരിച്ചു തീരുമാനത്തിലെത്തിക്കാൻ കഴിയുമെന്ന നിലപാടാണ് ഇപ്പോൾ ചൈന സ്വീകരിക്കുന്നത്. അതിനാൽ അതിർത്തികാര്യത്തിൽ ഇരുരാജ്യങ്ങളും സ്വീകരിക്കുന്ന ഭിന്നനിലപാടുകൾ തുടരാൻ തന്നെയാണ് സാധ്യത. മോസ്‌കോ ചർച്ചകൾക്ക് ശേഷം ഇരു രാജ്യങ്ങളും പുറത്തിറക്കിയ ഔദ്യോഗിക കമ്മ്യൂണിക്കേകൾ ഈ ഭിന്നതകൾ കൃത്യമായി സൂചിപ്പിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.  

Leave a Reply