കാർഷിക വിളകളുടെ സംഭരണം തുടരുമെന്ന് പ്രധാനമന്ത്രി; ഗോതമ്പു താങ്ങുവില പ്രഖ്യാപിച്ചു
ന്യൂഡൽഹി: ഇക്കൊല്ലത്തെ ശീതകാല ഭക്ഷ്യവിള സംഭരണത്തിനു മുന്നോടിയായി ഗോതമ്പ് അടക്കം ആറു കാർഷിക വിഭവങ്ങളുടെ താങ്ങുവില കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമാർ ലോക്സഭയിൽ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം പാർലമെന്റിന്റെ ഇരുസഭകളും പാസ്സാക്കിയ കാർഷിക മേഖലയുമായി ബന്ധപ്പെട്ട മൂന്നു ബില്ലുകൾക്കെതിരെ കർഷക പ്രക്ഷോഭം ഉത്തരേന്ത്യയിൽ ആളിക്കത്തുന്ന അവസരത്തിലാണ് സാധാരണയിൽ നിന്നും വ്യത്യസ്‍തമായി ഇത്തവണ താങ്ങുവില സർക്കാർ വളരെ നേരത്തെക്കൂടി പ്രഖ്യാപിച്ചത്.
കാർഷികരംഗത്തു സ്വകാര്യനിക്ഷേപം പ്രോത്സഹിപ്പിക്കുകയും വിളകൾ സർക്കാർ ഏജൻസികൾക്ക് പുറമെ സ്വകാര്യമേഖലയിൽ രാജ്യത്തെങ്ങും വിൽക്കാൻ കർഷകരെ അനുവദിക്കുകയും ചെയ്യുന്ന മൂന്നുബില്ലുകളാണ് കഴിഞ്ഞ ദിവസം സഭ പാസ്സാക്കിയത്. അതിനുപുറമെ അവശ്യസാധനനിയമത്തിലും സർക്കാർ ചില ഭേദഗതികൾ കൊണ്ടുവന്നിട്ടുണ്ട്.
ഈ നിയമഭേദഗതികൾക്കു എതിരായാണ് പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ 250ൽ അധികം വരുന്ന കർഷക സംഘടനകൾ പ്രക്ഷോഭ രംഗത്തിറങ്ങിയത്. ഈ മാസം 25നു അവർ ഭാരത് ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ റോഡ്-റെയിൽ തടയൽ അടക്കമുള്ള സമരങ്ങൾ നടക്കുന്നു. പുതിയ നിയമനിർമാണം വിളകളുടെ താങ്ങുവില സമ്പ്രദായം ഇല്ലതാക്കുമെന്നും സർക്കാരിന്റെ ഭക്ഷ്യ സംഭരണം ഒഴിവാക്കി വിതരണം പൂർണമായും സ്വകാര്യ മേഖലയെ ഏല്പിക്കുമെന്നുമാണ് കർഷക സംഘടനകൾ ഭയക്കുന്നത്. അതു കോർപ്പറേറ്റ് നിയന്ത്രണം കാർഷിക മേഖലയിൽ കൊണ്ടുവരുമെന്നും ചെറുകിട, ഇടത്തരം കർഷകരെ കൃഷിയിൽ നിന്നു പുറംതള്ളുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ ഇത്തരം ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നു ഇന്നലെ ലോക്സഭയിൽ കൃഷിമന്ത്രി പറഞ്ഞു .ഗോതമ്പിനു ഇത്തവണ ക്വിന്റലിന് 50 രൂപ വർധിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ 1975 രൂപയാണ് സർക്കാർ നിശ്ചയിച്ച വിലയെന്നും ഇതു ഉല്പാദന ചെലവിന്റെ ഒന്നര ഇരട്ടിയാണെന്നും മന്ത്രി അവകാശപ്പെട്ടു. ഇത്തവണ ഗോതമ്പു സംഭരണ വിലയിലെ വാർഷിക വർധന 2.6 ശതമാനമാണ്. കഴിഞ്ഞവർഷം അതു 4.6 ശതമാനമായിരുന്നു. ബാർലി, കടല, പരിപ്പ്, എണ്ണക്കുരുക്കൾ എന്നിങ്ങനെ മൊത്തം ആറിനം കാർഷിക വിഭവങ്ങളുടെ ഈ വർഷത്തെ സംഭരണ വിലയാണ് സർക്കാർ പ്രഖ്യാപിച്ചത്.
അതേസമയം, ഭക്ഷ്യ വിഭവസംഭരണം സർക്കാർ തുടരുമെന്നും താങ്ങുവില സമ്പ്രദായത്തിൽ മാറ്റമുണ്ടാകില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയും ആവർത്തിച്ചു. കർഷകരെ സംരക്ഷിക്കുക എന്നത് സർക്കാരിന്റെ പ്രഖ്യാപിത നയമാണ്. അവരുടെ വരുമാനം ഇരട്ടിയാക്കാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്. അതിനു സ്വകാര്യ മേഖലയുടെ കൂടി പിൻതുണ വേണം. നേരത്തെ കർഷകർ കുത്തക സംഭരണത്തിന്റെ ഇരകളായിരുന്നു. ഇപ്പോൾ അവർക്കു ആവശ്യമെങ്കിൽ പുറത്തു സ്വകാര്യമേഖലയിലും ഭക്ഷ്യ വിഭവങ്ങൾ വിൽക്കാൻ അനുവാദമുണ്ട്. അതു കർഷകർക്കു കൂടുതൽ സ്വാതന്ത്ര്യം നൽകുമെന്നും സ്ഥാപിത താല്പര്യങ്ങളുടെ കെണിയില്‍ നിന്നു അവരെ രക്ഷിക്കുമെന്നും മോദി അവകാശപ്പെട്ടു.
അതേസമയം, രാജ്യസഭയിൽ കാർഷിക ബില്ലുകളുടെ അവതരണ വേളയിൽ അധ്യക്ഷന്റെ സീറ്റിനു മുന്നിലെത്തി ബില്ലു കീറിയെറിഞ്ഞു പ്രതിഷേധിച്ച എട്ടു രാജ്യസഭാ അംഗങ്ങളെ ഇന്നലെ സഭാധ്യക്ഷൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു സസ്പൻഡ് ചെയ്തു. കേരളത്തിൽ നിന്നുള്ള സിപിഎം അംഗങ്ങളായ കെ കെ രാഗേഷ്, എളമരം കരീം എന്നിവരും സസ്പൻഡ് ചെയ്യപ്പെട്ട അംഗങ്ങളിൽ ഉൾപ്പെടുന്നു. അവർ സഭയിൽ അക്രമം കാണിച്ചുവെന്നും അധ്യക്ഷനായിരുന്ന ഹരിവംശിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നുമാണ് ആരോപണം. എന്നാൽ ജനാധിപത്യപരമായി പ്രതിഷേധിക്കുകയാണ് അംഗങ്ങൾ ചെയ്തതെന്നും സഭയിലെ അംഗങ്ങൾക്കെതിരെയുള്ള സർക്കാർ നീക്കങ്ങൾ ഫാസിസ്റ്റ് പ്രവണതയാണ് കാണിക്കുന്നതെന്നും കോൺഗ്രസ്സ്, തൃണമൂൽ, സിപിഎം, സിപിഐ അടക്കമുള്ള വിവിധ പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു.