കൊറോണാ യുദ്ധത്തിൽ വിജയം ഇനിയും അകലെയെന്നു ബിൽ ഗേറ്റ്സ്

മൈക്രോസോഫ്റ്റ് കമ്പനിയുടെ സ്ഥാപകൻ ബിൽ ഗേറ്റ്സ് ഇന്നു അറിയപ്പെടുന്നത് ആഗോള  കോടീശ്വരന്മാരിൽ മുമ്പനെന്നോ വിവരവിജ്ഞാന രംഗത്തെ പ്രമുഖനെന്നോ ഉള്ള നിലയിലല്ല. ദരിദ്ര രാജ്യങ്ങളിൽ പടർന്നുപിടിക്കുന്ന മാരകരോഗങ്ങളെ ചെറുക്കുന്ന ആരോഗ്യ പ്രവർത്തകനായാണ്. ബിൽ ഗേറ്റ്സും ഭാര്യ മെലിൻഡയും നേതൃത്വം നൽകുന്ന ബിൽ & മെലിൻഡാ ഗേറ്റ്സ് ഫൗണ്ടേഷൻ മഹാവ്യാധികളെ നേരിടാനുള്ള വാക്‌സിനുകളുടെ നിർമാണത്തിലും വിതരണത്തിലും ലോകത്തു ഏറ്റവും മുഖ്യ പങ്കാണ് വഹിക്കുന്നത്.  ദശകോടിക്കണക്കിനു ഡോളറുകളാണ് അതിനായി ഫൗണ്ടേഷൻ ചെലവഴിക്കുന്നത്.

ഒരുവർഷം മുമ്പ് കൊറോണാവൈറസ് ലോകരാജ്യങ്ങളിൽ ഭീഷണി ഉയർത്തിയതോടെ അദ്ദേഹത്തിന്റെ ഫൗണ്ടേഷൻ നടത്തുന്ന പ്രവർത്തനങ്ങളും ലോകശ്രദ്ധയിൽ വന്നു. വിവിധ രാജ്യങ്ങളിൽ കോവിഡ് 19  പ്രതിരോധത്തിനു വേണ്ടി വികസിപ്പിക്കുന്ന വാക്‌സിൻ പ്രവർത്തനങ്ങൾക്ക് അവർ പിന്തുണ നൽകുന്നു. അതിഭീമമായ സംഖ്യയാണ് ഫൗണ്ടേഷൻ അതിനായി നീക്കിവെച്ചത്. അതേസമയം ബിൽ ഗേറ്റ്സ് വലതുപക്ഷ തീവ്രവാദ പ്രസ്ഥാനങ്ങളുടേയും ഗൂഢാലോചനാ സിദ്ധാന്തക്കാരുടെയും കണ്ണിലെ കരടാണ്. അദ്ദേഹം വാക്‌സിൻ  വികസിപ്പിക്കുന്നതു ലോകനിയന്ത്രണം ലക്ഷ്യമാക്കിയാണെന്നു പോലും പ്രചാരണമുണ്ട്. ജർമൻ പ്രസിദ്ധീകരണമായ ദേർ സ്പീഗൽ അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിൽ നിന്ന്:

ചോ: കൊറോണവൈറസ്  ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവൻ എടുത്തു കഴിഞ്ഞു. ഇപ്പോഴും അതിന്റെ മുന്നേറ്റം തടയപ്പെട്ടിട്ടില്ല. ഇതുകാണുമ്പോൾ  താങ്കൾക്ക് ആശ്ചര്യം തോന്നുന്നുണ്ടോ? 

ഉ: ചില കാര്യങ്ങൾ ആശ്ചര്യം ഉണ്ടാക്കുന്നുണ്ട്. ഒരു ആഗോള മഹാമാരി വരുന്നുണ്ട്  എന്നു ഗവേഷകർക്കിടയിൽ നേരത്തെ ബോധ്യമുണ്ടായിരുന്നു. പക്ഷേ ഇങ്ങനെയൊരു വൈറസ് ആയിരിക്കും അത്തരം ആഗോള ഭീഷണി ഉയർത്തുക എന്നു തിരിച്ചറിയുകയുണ്ടായില്ല. സമാനമായ വൈറസുകൾ മെഴ്‌സും സാർസും നമ്മൾ നേരിട്ടതാണ്. പക്ഷേ അവ അതിരുകൾ ഭേദിച്ചു സംയുക്തമായി ആക്രമിക്കും എന്നു തിരിച്ചറിയപ്പെട്ടില്ല. അതു അത്ഭുതമാണ്. ഇതിന്റെ ലക്ഷണങ്ങൾ തിരിച്ചറിയാൻ പോലും സമയമെടുത്തു.

ചോ:എന്തുകൊണ്ടാണ്  അങ്ങനെയൊരു പരാജയം സംഭവിച്ചത് ?

ഉ: 2015ൽ പശ്ചിമാഫ്രിക്കയിൽ എബോളയുടെ ആക്രമണം വന്ന സമയത്തു അടുത്ത മഹാമാരിയെ നേരിടാൻ ലോകം ഇനിയും സന്നദ്ധമായിട്ടില്ലെന്നു ഞാൻ ചൂണ്ടിക്കാട്ടിയിരുന്നു.2015നും 2019 അവസാനം കൊറോണ പൊട്ടിപ്പുറപ്പെട്ടതിനും ഇടയിൽ അതിനെ നേരിടാനുള്ള കാര്യമായ  തയ്യാറെടുപ്പൊന്നും ലോകം സ്വീകരിച്ചില്ല. 

ചോ:  താങ്കളുടെ ഫൗണ്ടേഷനു കൂടുതൽ കാര്യങ്ങൾ ചെയ്യാമായിരുന്നില്ലേ?

ഉ: യുദ്ധം, പ്രകൃതി ദുരന്തം,  കാലാവസ്ഥാ വ്യതിയാനം, ആഗോള മഹാമാരികൾ തുടങ്ങിയവയെ നേരിടാനുള്ള ശേഷി ഭരണകൂടങ്ങൾക്കു മാത്രമേയുള്ളു. ഞങ്ങൾക്ക് അതിനുള്ള  കഴിവില്ല. ഗവേഷകർക്ക് സാമ്പത്തികസഹായം നല്കാൻ ഞങ്ങൾക്ക് കഴിയും. പക്ഷേ ലോകം നേരിടുന്ന എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കും  പരിഹാരം കാണാൻ സന്നദ്ധസേവന മേഖലയ്ക്ക് കഴിയില്ല. ഞങ്ങളുടെ പ്രധാന ലക്‌ഷ്യം ദരിദ്ര രാജ്യങ്ങളിലെ ജനങ്ങളെ തകർക്കുന്ന മാരക രോഗങ്ങളെ ചെറുക്കുകയെന്നതാണ്.  ഉദാഹരണത്തിന്  എച്ച്ഐവി, ക്ഷയം, മലമ്പനി തുടങ്ങിയ രോഗങ്ങൾ. അവയെ ചെറുക്കാൻ സമ്പന്ന രാജ്യങ്ങൾ കാര്യമായൊന്നും ചെയ്യുന്നില്ല.

ചോ: ഈ രോഗത്തിന്റെ കാര്യത്തിൽ താങ്കളെ ഏറ്റവും പ്രയാസപ്പെടുത്തിയ കാര്യങ്ങൾ?

ഉ : മുഖാവരണം വളരെ പ്രധാനമാണെന്നു പോലും തുടക്കത്തിൽ നമ്മൾ തിരിച്ചറിഞ്ഞില്ല. ആദ്യം  പറഞ്ഞു, എല്ലാവരും മുഖാവരണം ധരിക്കേണ്ട കാര്യമില്ല. അതു ആശുപത്രികളിൽ ജോലിചെയ്യുന്നവർക്കു  മാത്രം  മതിയെന്ന്.  പിന്നെപ്പറഞ്ഞു രോഗം വന്നവർ മാത്രം മാസ്ക് ധരിച്ചാൽ മതി. രോഗം തടയുന്നതിൽ മാസ്ക് പ്രധാനമാണെന്ന് കണ്ടെത്താൻ പോലും നമ്മൾ ഒരുപാടു സമയം വ്യയം ചെയ്തു. 

ചോ: രോഗചികിത്സയിൽ ഇപ്പോൾ നമ്മൾ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടോ?

ഉ: ചികിത്സയുടെ കാര്യത്തിൽ ഉണ്ടായ പുരോഗതി നാമമാത്രമാണ്.  ഉദാഹരണത്തിന് പ്ലാസ്മയുടെ പ്രാധാന്യം ഇനിയും വേണ്ടവിധം മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല.  ഇത്രയും കാലമായിട്ടും ചികിത്സയുടെ കാര്യത്തിൽ വേണ്ടവിധം മുന്നേറാൻ കഴിഞ്ഞിട്ടില്ല എന്നതു അസാധാരണമാണ്.  മരുന്നുകളുടെ കാര്യത്തിലും അതാണ്  സ്ഥിതി. ഇത്തരം കാര്യങ്ങളിൽ അമേരിക്കയിൽ പോലും വേണ്ടവിധത്തിലുള്ള മുന്നേറ്റം ഉണ്ടായിട്ടില്ല. 

ചോ: അമേരിക്കയുടെ മോശം പ്രകടനത്തിന് ഒരുകാരണം തുടക്കം  മുതൽ പ്രസിഡണ്ട് ട്രംപ് എടുത്തുവന്ന നിഷേധനയങ്ങളാണെന്നു പറയാനാകുമോ?

ഉ;  ടെസ്റ്റിംഗ് അടക്കമുള്ള കാര്യങ്ങളിൽ അമേരിക്ക വളരെ വളരെ പിന്നിലായിരുന്നു. 24 മണിക്കൂർ കൊണ്ടു  റിസൾട്ട് കിട്ടാത്ത ടെസ്റ്റിംഗ് എന്തിനു കൊള്ളാം? അമേരിക്കയുടെ പ്രതികരണം മോശമായിരുന്നു. രാഷ്ട്രീയ നേതൃത്വത്തിന്റെ പിടിപ്പുകേടുതന്നെയാണ് അതിനു കാരണം.

ചോ: അമേരിക്ക ലോകാരോഗ്യസംഘടനയിൽ നിന്നു പുറത്തു പോരുമെന്നാണ് പ്രസിഡണ്ട് പറയുന്നത്. അമേരിക്ക പിൻവാങ്ങിയാൽ ആ വിടവു നികത്താൻ നിങ്ങളുടെ പ്രവർത്തനം കൊണ്ടു  സാധ്യമാകുമോ?

ഉ: ഇല്ല ,പറ്റില്ല.  അമേരിക്കൻ സർക്കാർ ഉണ്ടാക്കുന്ന വിടവുകൾ നികത്തലല്ല ഞങ്ങളുടെ ജോലി. ഒരു സർക്കാർ ഉത്തരവാദിത്വരഹിതമായി പെരുമാറുമ്പോൾ  അവരുണ്ടാക്കുന്ന പ്രശ്നങ്ങൾക്കു  പരിഹാരം കാണാൻ ശ്രമിക്കുന്നത്‌ അത്തരം പ്രവണതകളെ പ്രോത്സാഹിപ്പിക്കലായിരിക്കും. അതിനു ഞങ്ങളില്ല.

ചോ: ഈ  തീരുമാനത്തിൽ നിന്ന് അമേരിക്ക പിന്മാറുമെന്നു കരുതുന്നുണ്ടോ?  നവംബറിലെ തിരഞ്ഞെടുപ്പു  കഴിഞ്ഞാലെങ്കിലും…?

ഉ: നവംബറിൽ ഒരു പക്ഷം ജയിച്ചാൽ രാജ്യം ലോകാരോഗ്യസംഘടനയിൽ തുടരും, അതിന്റെ ബാധ്യതകൾ നിറവേറ്റും. മറുപക്ഷം ജയിച്ചാൽ പോലും ഇന്നത്തെ അമേരിക്ക ഒന്നാമത് എന്ന മുദ്രാവാക്യം വിളിക്കുന്ന കൂട്ടരെ ലോകാരോഗ്യസംഘടനക്കു പിന്തുണ നൽകുന്നതാണ് ലാഭം എന്നു  ബോധ്യപ്പെടുത്താൻ ഞങ്ങൾ ശ്രമിക്കും. 

ചോ: അമേരിക്കൻ തിരഞ്ഞെടുപ്പിൽ ട്രമ്പിന്റെ വിജയം നവംബറിനു മുമ്പ് ഒരു വാക്‌സിൻ ലഭ്യമാകുമോ എന്നതിന്റെ അടിസ്ഥാനത്തിലാണ്. അതിനുള്ള സാധ്യതയുണ്ടോ?

ഉ: മൂന്നാംഘട്ട പരീക്ഷണങ്ങൾ പൂർത്തിയാക്കാതെ ഒരു വാക്‌സിനും വിതരണം ചെയ്യാനാകില്ല. അങ്ങനെ ചെയ്യാൻ  കഴിയും എന്നമട്ടിൽ എഫ്ഡിഎ ഉന്നതരടക്കം പറഞ്ഞത് തികഞ്ഞ അസംബന്ധമാണ്. എന്നാൽ ഇപ്പോൾ മരുന്ന് കമ്പനികൾ തന്നെ പറയുന്നു, തങ്ങളാരും അങ്ങനെ പരീക്ഷണം പൂർത്തിയാകാതെ  മരുന്നു വിതരണത്തിനു അനുമതി ചോദിച്ചില്ല എന്ന്. 

ചോ:  അപ്പോൾ വാക്‌സിൻ എപ്പോൾ ലഭ്യമാകും എന്നാണ് പ്രതീക്ഷിക്കേണ്ടത്?

ഉ: വാക്‌സിൻ തയ്യാറാക്കാൻ  സാധിക്കുന്ന വിധത്തിൽ ആവശ്യമായ വിവരങ്ങൾ ഒക്ടോബർ അവസാനത്തോടെ ചില കമ്പനികൾക്ക് ലഭിക്കും എന്ന നേരിയ ഒരു പ്രതീക്ഷ നിലവിലുണ്ട്. ഫൈസർ, മോഡേണ എന്നീ  കമ്പനികളാണ് അങ്ങനെയൊരു  സാധ്യത ഉയർത്തുന്നത്.  ജോൺസൺ& ജോ ൺസൺ,  അസ്ത്ര സെനേക്കാ, നോവാവാക്സ്, സനോഫി എന്നിവയും നേരത്തെ പറഞ്ഞ രണ്ടു കമ്പനികളുടെ പരീക്ഷണങ്ങളുമാണ് ഇന്നു മുന്നിലുള്ളത്. അവയിൽ  മൂന്നോ നാലോ കമ്പനികൾക്ക് അടുത്ത വർഷം തുടക്കം  ആവുമ്പോഴേക്കും  മരുന്നു നിർമാണത്തിനുള്ള അനുമതി കിട്ടിയേക്കും. പക്ഷേ അതൊന്നും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ല.അങ്ങനെ ഉണ്ടാവാനും പാടില്ല. കാരണം രാഷ്ട്രീയക്കാരല്ലല്ലോ വാക്‌സിനുകൾ നിർമിക്കുന്നത്. 

ചോ: ചില ഗൂഢാലോചനാ സിദ്ധാന്തക്കാർ പറയുന്നത്,  കൊറോണമരുന്നിന്റെ മറവിൽ ആളുകളുടെ ശരീരത്തിൽ മൈക്രോചിപ്പ്  കയറ്റി  താങ്കൾ അവരെ നിയന്ത്രണത്തിൽ കൊണ്ടുവരാനുള്ള നീക്കമാണ് നടത്തുന്നത് എന്നാണ്. എന്തുപറയുന്നു?

ഉ: ഞാനാരുടെ മേലും ചിപ്പ് പിടിപ്പിക്കുന്നില്ല.  കൊറോണവൈറസ്   സൃഷ്ടിച്ചതും ഞാനല്ല.  ഞങ്ങൾ മനുഷ്യരുടെ ജീവൻ രക്ഷിക്കാനുള്ള പോരാട്ടത്തിലാണ് ഏർപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ 20 വർഷങ്ങളിൽ ദരിദ്ര രാജ്യങ്ങളിൽ അതിനായി ഞങ്ങൾ കാര്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. നിർഭാഗ്യവശാൽ ഇപ്പോഴത്തെ  മഹാമാരിയുടെ കാലത്തു അതിനു വലിയ തിരിച്ചടി വന്നു. എന്നാലത് മറികടക്കാൻ കഴിയുമെന്നും അവികസിത രാജ്യങ്ങളിലെ ആരോഗ്യരക്ഷാ  രംഗത്തു സുപ്രധാന സംഭാവനകൾ നടത്താൻ കഴിയുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. 

Leave a Reply