തൊഴിൽ നിയമ ഭേദഗതി നിയമങ്ങൾ ഇന്നു ലോക്സഭ പരിഗണിക്കും
ന്യൂഡൽഹി:രാജ്യത്തെ തൊഴിൽ നിയമങ്ങളിൽ അടിസ്ഥാനപരമായ പരിഷ്കരണങ്ങൾ നിർദേശിക്കുന്ന മൂന്നു ബില്ലുകൾ ഇന്നു ലോകസഭ പരിഗണിക്കും. തൊഴിലാളികളെ പിരിച്ചുവിടുന്നതിനുള്ള നിയമപരമായ തടസ്സങ്ങൾ ഒഴിവാക്കുകയാണ് പുതിയ ഭേദഗതികളുടെ പ്രധാന ലക്‌ഷ്യം.
നേരത്തെയുള്ള നിയമപ്രകാരം നൂറുപേരിൽ അധികം ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ പിരിച്ചുവിടൽ നിയമങ്ങളിൽ നിലനിൽക്കുന്ന കർശന വ്യവസ്ഥകൾ ഒഴിവാക്കി കരാർ അടിസ്ഥാനത്തിൽ തൊഴിലാളികളെയും ജീവനക്കാരെയും എടുക്കുന്നത് പ്രോത്സാഹിപ്പിക്കുകയാണ് പുതിയ ഭേദഗതികളുടെ ലക്‌ഷ്യം. ഇനിമുതൽ 300 ജീവനക്കാരിൽ അധികമുള്ള സ്ഥാപനങ്ങളിൽ മാത്രമാണ് സ്റ്റാൻഡിങ് ഓർഡർ അടക്കമുള്ള തൊഴിൽ വ്യവസ്ഥകൾ ബാധകമാകുക.
തൊഴിൽ നിയമങ്ങളിൽ സ്ഥാപന ഉടമകളുടെ താൽപര്യങ്ങൾക്കു കൂടുതൽ സംരക്ഷണം നൽകുന്നതാണ് ഭേദഗതികൾ എന്ന് തൊഴിലാളി സംഘടനകൾ ആരോപിക്കുന്നു. അതേസമയം നേരത്തെയുള്ള കർശന വ്യവസ്ഥകൾ തൊഴിൽ മേഖലയുടെ വളർച്ചയ്ക്ക് വലിയ പ്രതിബന്ധമായാണ് നിലനിന്നതെന്നു സർക്കാരും തൊഴിലുടമ സംഘടനകളും വാദിക്കുന്നു. കാർഷിക രംഗത്തു ദൂരവ്യാപകമായ മാറ്റങ്ങൾ കൊണ്ടുവരുന്ന മൂന്നുനിയമങ്ങൾ കഴിഞ്ഞ ദിവസമാണ് ഇരുസഭകളും പാസാക്കിയത്. തൊഴിൽ നിയമങ്ങളിലെ മാറ്റങ്ങൾ കൂടുതൽ നിക്ഷേപങ്ങളെ ആകർഷിക്കാൻ സഹായിക്കുമെന്നാണ് സർക്കാരിന്റെ അവകാശവാദം.