സിപിഎം മൗലവിമാരും പുണ്യഗ്രന്ഥങ്ങളുടെ രാഷ്ട്രീയ പ്രവേശവും
യേശുക്രിസ്തു രണ്ടായിരം കൊല്ലം മുമ്പു പറഞ്ഞതു സീസർക്കുളളത് സീസർക്ക്, ദൈവത്തിനുള്ളത് ദൈവത്തിന് എന്നാണ്. പറഞ്ഞതിന്റെ ലളിതമായ പരിഭാഷ ഇതാണ്: മതവും രാഷ്ട്രീയവും കൂട്ടികുഴക്കരുത്. അവ രണ്ടും രണ്ടായി നിലനിർത്തുന്നതാണ് ഭരണാധികാരികൾക്കും വിശ്വാസികൾക്കും നല്ലത്.
എന്നാൽ വോട്ടു കിട്ടാൻ മതവും വിശ്വാസവും പോലെ എളുപ്പത്തിൽ പ്രയോഗിക്കാവുന്ന തന്ത്രങ്ങൾ വേറെയില്ല. സാധാരണനിലയിൽ ആവനാഴിയിലെ അമ്പുകൾ മുഴുക്കെ അവസാനിച്ചുകഴിഞ്ഞാലാണ് രാഷ്ട്രീയക്കാർ മതത്തെയും പുരോഹിതരെയും കൂട്ടുപിടിക്കുന്നത്. തങ്ങളുടെ മുന്നിൽ പോംവഴികൾ വേറൊന്നുമില്ല എന്നുള്ള ഒരു തുറന്നുപറച്ചിൽ കൂടിയാണത്. ഒരു പരാജയസമ്മതം. ഗതികെട്ടാൽ പുലി പുല്ലും തിന്നും എന്നു മലയാളികൾ പറയുന്നു.
അതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നീ രണ്ടു പ്രമുഖ സിപിഎം പോളിറ്റ്ബ്യുറോ അംഗങ്ങളുടെ കഴിഞ്ഞ ദിവസങ്ങളിലെ മാധ്യമസമ്മേളനങ്ങൾ സവിശേഷ ശ്രദ്ധ അർഹിക്കുന്നതാണ്. എതിരാളികളെ അടിച്ചുവീഴ്ത്താൻ അവർ ഇരുവരും മതത്തെ ആഞ്ഞുപുൽകുന്നു. തങ്ങളുടെ ആവനാഴിയിൽ ഇനി അസ്ത്രമൊന്നും ബാക്കിയില്ല എന്നു അവർ തുറന്നു സമ്മതിക്കുന്നു. ദയനീയമായ ഒരു അവസ്ഥയാണിത്. കോടിയേരിയുടെ കാര്യത്തിൽ പണ്ടു കാടാമ്പുഴയിൽ പൂമൂടൽ നടത്തിയ കാലം മുതലേ ആധ്യാത്മികതയോടുള്ള സഖാവിന്റെ ഒരു താല്പര്യം പ്രസിദ്ധമാണ്. മാർക്സ് പോലും ആ മനോഭാവം തലകുലുക്കി സമ്മതിക്കും. കാരണം മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന ആചാര്യന്റെ പ്രസിദ്ധമായ പ്രസ്താവനയുടെ അടുത്ത വാചകത്തിൽ അദ്ദേഹം പറഞ്ഞത് അതു വേറെ ഗതിയില്ലാത്തവന്റെ അവസാനത്തെ അത്താണിയാണ് എന്നുകൂടിയാണ്. സഖാക്കൾ കോടിയേരി, പിണറായി എന്നിവർ ഇപ്പോൾ ആ ഗണത്തിൽ പെടുത്താവുന്ന രാഷ്ട്രീയ നേതാക്കളാണ് എന്നു വിലയിരുത്താവുന്ന അവസ്ഥയിൽ കാര്യങ്ങൾ എത്തിയോ?
സത്യത്തിൽ ഇതൊരു ആത്മവിമർശനമാണ്. തങ്ങളുടെ രാഷ്ട്രീയമായ ഒറ്റപെടലിന്റെ അവസ്ഥയിൽ ഇനി ആകെ ആശ്രയമായി ബാക്കിയുള്ളതു മതവും പുരോഹിതന്മാരും മാത്രം എന്ന തുറന്നു പറച്ചിലാണ് കഴിഞ്ഞ ദിവസങ്ങളിൽ കേരളീയസമൂഹം കണ്ടത്. പുണ്യഗ്രന്ഥങ്ങളെ അവഹേളിച്ചാൽ ആർക്കും വികാരം വരുമെന്നും അതു വർഗീയതയായി കണ്ടിട്ടു കാര്യമില്ലെന്നും കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പ്രസ്താവിച്ചത്.
ആരാണ് പുണ്യഗ്രന്ഥങ്ങളെ അവഹേളിച്ചത്? കേരളത്തിൽ ഒരാളും അങ്ങനെ ചെയ്തതായി സാമാന്യബോധമുള്ള ആരും പറയില്ല. എന്നാൽ മുഖ്യമന്ത്രി പറയുന്നത് ആർഎസ്എസും ബിജെപിയും കൊണ്ടുനടക്കുന്ന മുസ്ലിം വിരുദ്ധ വർഗീയ അജണ്ട ഇപ്പോൾ യുഡിഎഫും മുസ്ലിംലീഗും ഏറ്റുപിടിച്ചു
എന്നാണ്. അതായതു ലീഗും പാണക്കാട് തങ്ങളും ഇപ്പോൾ ആർഎസ്എസിന്റെ വലയിലാണ്. മുസ്ലിം സമുദായത്തിനും അവരുടെ പള്ളികൾക്കും പുണ്യഗ്രന്ഥങ്ങൾക്കും ഇനി രക്ഷ വേണമെങ്കിൽ സഖാക്കൾ കോടിയേരി, പിണറായി എന്നീ മൗലവിമാരുടെ ഉപദേശം കേട്ടുനടന്നാൽ മതി. അങ്ങനെ മുഖ്യമന്ത്രിയുടെ പ്രതിദിന സായന്തന കലാപരിപാടി ഇപ്പോൾ ഒരു സ്ഥിരം മതപ്രഭാഷണ വേദിയായി മാറിയിരിക്കുകയാണ്. ഖുറാൻ എന്ന പുണ്യഗ്രന്ഥത്തിന്റെ മാഹാത്മ്യവും നബിതിരുമേനിയുടെ ജീവിതചരിതവും സക്കാത്തിന്റെ പ്രാധാന്യവും അദ്ദേഹം വിവരിക്കുന്നതു കേൾക്കുമ്പോൾ സത്യവിശ്വാസികൾക്ക് രോമാഞ്ചം വരും. അവർ ഇനി പാണക്കാട് തങ്ങളെ വിട്ടു വടക്കേ മലബാറിലെ പുതിയ തങ്ങന്മാരുടെ ശിഷ്യത്വം സ്വീകരിക്കും.
അതുകൊണ്ടു മാത്രം ഈ പുത്തൻ വിശ്വാസികളുടെ ഭരണത്തിനു രക്ഷ കിട്ടുമോ? തലക്കു വെളിവുള്ള ആർക്കും അറിയാവുന്ന ഒരുകാര്യം രാഷ്ട്രീയത്തിലും പൊതുസമൂഹത്തിലും വ്യാജന്മാരുടെ വിളയാട്ടം തുടങ്ങിയാൽ അതു അവരുടെ സ്വന്തം അജണ്ടകൾക്കു മാത്രം അനുസരിച്ചു മുന്നോട്ടുപോകുകയില്ല എന്ന സത്യമാണ്. പുണ്യഗ്രന്ഥം ഇവിടെ ഒന്നല്ല, പലതുണ്ട് എന്നു ദയവായി മൗലവിമാർ ഇരുവരും മനസ്സിലാക്കണം. ഖുർആനും സക്കാത്തും ഭരണത്തിന്റെ മുഖ്യവിഷയമായി അവർ പ്രചരിപ്പിക്കാൻ തുടങ്ങിയാൽ അമ്പലം പണിയലും പൂജ നടത്തലും സർക്കാരിന്റെ പ്രധാന ചുമതലയാണെന്നു മറ്റൊരു കൂട്ടരും പറയാൻ തുടങ്ങും. അത്തരം അവസ്ഥയെ ഇന്നേവരെ ചെറുത്തുനിന്നതു ഇടതുപക്ഷ- മതേതര രാഷ്ട്രീയത്തിന്റെ വക്താക്കളാണ്. കേരളം ഇത്രയും കാലം ഇടതുപക്ഷത്തെ പുല്കിയതു മതവും രാഷ്ട്രീയവും വെവ്വേറെ കള്ളികളിലായി നിലനിർത്തി എല്ലാ കൂട്ടർക്കും ഒന്നിച്ചു ജീവിക്കാനുള്ള ഒരു സമൂഹസൃഷ്ടിക്കു വേണ്ടി അവർ പ്രയത്‌നിച്ചതു കൊണ്ടാണ്. ആ മഹനീയ പാരമ്പര്യത്തെയാണ് ഇപ്പോൾ ഇരുവരും തങ്ങളുടെ താത്കാലിക രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടി വലിച്ചെറിയുന്നത്.
കെ ടി ജലീലിനെ രക്ഷിക്കാൻ വേണ്ടി മാത്രമാണ് ഇരുവരും ഇങ്ങനെയൊരു ചളിക്കുണ്ടിലേക്കു സ്വയം ചാടിയിറങ്ങിയത്. ഒരുപക്ഷേ, ഭാവിയിൽ തങ്ങളെക്കൂടി വരിഞ്ഞുമുറുക്കിയേക്കാവുന്ന ആരോപണങ്ങളിൽ നിന്നുള്ള മുൻകൂർ ജാമ്യവുമാകാം. എന്നാലും ഒരുകാര്യം ഓർക്കുക: ആറ്റിലേക്കച്യുതാ ചാടല്ലേ ചാടല്ലേ എന്നു പണ്ടു ഋഷീശ്വരനായ കവി പറഞ്ഞത് അതിൽ ചുഴികളും മലരികളും മാത്രമല്ല വിഷംചീറ്റുന്ന കാളിയന്മാരും നിഗൂഢമായി അതിൽ ഒളിച്ചുനില്കുന്നതു കൊണ്ടാണ്. ഇന്നത്തെ പെരുമഴക്കാലത്തു ആറ്റിൽ ചാടിയാൽ തിരിച്ചുകേറാൻ ദുരിത നിവാരണ സേനയുടെ സഹായം വേണ്ടിവരും. ഒരുപക്ഷേ കേന്ദ്രത്തിലിരിക്കുന്ന അമിത്‌ഷായുടെ സഹായം തങ്ങൾക്കു കിട്ടുമെന്ന പ്രതീക്ഷയാവുമോ അവരെ നയിക്കുന്നത്? കേരളത്തിൽ ഇന്നുവരെ വേരുപിടിക്കാത്ത അമ്പല രാഷ്ട്രീയത്തിന്ശക്തമായ അടിത്തറയിടുന്ന പണിയാണ് രണ്ടു പുണ്യാത്മാക്കളും ചേർന്ന് ഈയാഴ്ച നിർവഹിച്ചിരിക്കുന്നത്. ചരിത്രം അവർക്കു മാപ്പുനൽകും എന്നു പ്രതീക്ഷിക്കുന്നത് അസ്ഥാനത്താണ്.