കാർഷിക ബില്ലുകൾ രാജ്യസഭയും പാസ്സാക്കി; ഇന്ത്യൻ കൃഷി കോർപ്പറേറ്റ് നിയന്ത്രണത്തിൽ

ന്യൂഡൽഹി: ഇന്ത്യൻ കാർഷിക മേഖലയിൽ  ദൂരവ്യാപകമായ മാറ്റങ്ങൾക്കു തുടക്കം കുറിക്കുന്ന സുപ്രധാനമായ മൂന്നു ബില്ലുകൾക്ക്  പ്രക്ഷുബ്ധഭരിതമായ അന്തരീക്ഷത്തിൽ രാജ്യസഭ ഇന്നുച്ചയ്ക്ക് അംഗീകാരം നൽകി. ഇതോടെ കഴിഞ്ഞ ദിവസം ലോകസഭയിൽ അവതരിപ്പിച്ചു പാസ്സാക്കിയ നിയമനിർമാണങ്ങൾക്കു മുന്നിലുള്ള തടസ്സങ്ങൾ നീങ്ങി. ഇന്ത്യൻ കാർഷിക മേഖലയിൽ  സ്വാതന്തൃത്തിന്റെ എഴുപതിറ്റാണ്ടുകളിൽ ഇന്നുവരെ കാണാത്ത സുപ്രധാന മാറ്റങ്ങൾക്കാണ് മൂന്നു ബില്ലുകളും വഴിയൊരുക്കുന്നത്. കോർപറേറ്റ് നിയന്ത്രണത്തിലേക്കു കാർഷിക മേഖലയെ നയിക്കുന്നതാണ്‌ പുതിയ നിയമങ്ങളെന്നു പ്രതിപക്ഷം ആരോപിച്ചു.

ജൂൺ  അഞ്ചിനു സർക്കാർ പുറപ്പെടുവിച്ച ഓർഡിനൻസുകൾക്കു പകരമുള്ള മൂന്നു ബില്ലുകളാണ് കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ ഇന്നു രാജ്യസഭയിൽ അവതരിപ്പിച്ചത്. ലോകസഭയിൽ ബില്ലിന്റെ അവതരണ  വേളയിൽ പ്രതിഷേധസൂചകമായി സർക്കാരിന്റെ സഖ്യകക്ഷി അകാലിദൾ അംഗവും കേന്ദ്ര മന്ത്രിസഭയിലെ അംഗവുമായ ഹർസിമ്രത് കൗർ രാജി വെച്ചിരുന്നു. പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ കർഷകർ പുതിയ നിയമ നിർമാണങ്ങൾക്കെതിരെ പ്രക്ഷോഭം ആരംഭിച്ച സാഹചര്യത്തിലാണ് അകാലി മന്ത്രി രാജി വെച്ചത്.

ലോക്സഭ  പാസ്സാക്കിയ ബില്ലുകൾ ഇന്നു രാജ്യസഭയിൽ വന്നപ്പോൾ കടുത്ത പ്രതിഷേധമാണ് വിവിധ പ്രതിപക്ഷ പാർട്ടികൾ പ്രകടിപ്പിച്ചത്. രാജ്യസഭാ അധ്യക്ഷന്റെ ചെയറിനു നേരെ പ്രതിഷേധവുമായി പ്രതിപക്ഷ അംഗങ്ങൾ ഇരച്ചുകയറി.  ചെയർമാന്റെ മുന്നിലുള്ള മൈക്കും മറ്റും പറിച്ചെറിഞ്ഞു.  അധ്യക്ഷന്റെ മുന്നിലെത്തിയ തൃണമൂൽ കോൺഗ്രസ്സ് നേതാവ് ഡെറിക് ഒബ്രിയാൻ ബില്ലുകളുടെ കോപ്പി കീറിയെറിഞ്ഞു. സഭയിൽ സംഘർഷം നിയന്ത്രിക്കാൻ കൂടുതൽ മാർഷലുകൾ അധ്യക്ഷന്റെ ചുറ്റും അണിനിരന്നു.

ഉച്ചയോടെ മൂന്നുബില്ലുകളും രാജ്യസഭ ശബ്ദവോട്ടൊടെ പാസ്സാക്കിയതായി അധ്യക്ഷൻ പ്രഖ്യാപിച്ചു. കോവിഡ്  കേസുകൾ  ഇരുസഭയിലെയും അംഗങ്ങൾക്കിടയിൽ വർധിക്കുന്ന സാഹചര്യത്തിൽ വർഷകാല സഭാസമ്മേളനം വെട്ടിച്ചുരുക്കി ബുധനാഴ്ച അവസാനിപ്പിക്കാനാണ്‌ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.  സഭാ സമ്മേളനം കഴിയുന്നതോടെ ബില്ലിന് മുന്നിലുള്ള മുഴുവൻ കടമ്പകളും അവസാനിക്കുകയാണ്. ബില്ല് ബന്ധപ്പെട്ട സഭാ സമിതികളുടെ പരിശോധനക്കായി അയക്കണമെന്നു പല അംഗങ്ങളും ആവശ്യം ഉന്നയിച്ചെങ്കിലും അത്തരം ആവശ്യങ്ങളും പ്രതിപക്ഷ ഭേദഗതികളും നേരത്തെ വോട്ടിനിട്ടു തള്ളി.

 എൻഡിഎ സഖ്യകക്ഷികളിൽ അകാലിദൾ ബില്ലുകളെ എതിർത്തെങ്കിലും മറ്റു പ്രധാന സഖ്യകക്ഷികളായ എഐഡിഎംഎകെ, ജനതാദൾ യുണൈറ്റഡ് തുടങ്ങിയ കക്ഷികൾ രാജ്യസഭയിൽ ബില്ലുകൾക്കു അനുകൂലമായാണ് വോട്ടു ചെയ്തത്‌.

Leave a Reply