ചാരപ്പണിയുടെ പേരിൽ അറസ്റ്റിലായ പത്രപ്രവർത്തകൻ വിവേകാനന്ദ ഫൗണ്ടേഷൻ അംഗം
ന്യൂഡൽഹി: പ്രതിരോധരഹസ്യങ്ങൾ ചൈനീസ് അധികൃതർക്കു കൈമാറി എന്ന കേസിൽ കഴിഞ്ഞയാഴ്ച ദൽഹി പോലീസ് സ്പെഷ്യൽസെൽ അറസ്റ്റ് ചെയ്ത മാധ്യമ പ്രവർത്തകൻ രാജീവ് ശർമ ആർഎസ്എസ് നിയന്ത്രണത്തിലുള്ള വിവേകാനന്ദ ഇന്റർനാഷനൽ ഫൗണ്ടേഷൻ അംഗമാണെന്നു ദേശീയ പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.
ഡൽഹിയിലെ പിതംപുര പ്രദേശത്തു താമസിക്കുന്ന രാജീവ് ശർമ, (61)യെ സെപ്റ്റംബർ 14 നാണ് അറസ്റ്റ് ചെയ്തത്. പ്രതിരോധ വകുപ്പിലെ ചില രഹസ്യ രേഖകൾ അദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നു എന്നാണ് പോലീസ് അധികൃതർ പറഞ്ഞത്. അതിനാൽ ഔദ്യോഗിക രഹസ്യ നിയമം അനുസരിച്ചാണ് ശർമ അറസ്റ്റിലായത്. പിറ്റേന്നു കോടതിയിൽ ഹാജരാക്കിയ ശർമയെ ആറുദിവസത്തേക്കു കോടതി റിമാൻഡ് ചെയ്തു. അദ്ദേഹവുമായി അടുത്തബന്ധം പുലർത്തിയ രണ്ടുപേരെ ഇന്നലെ ദൽഹി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു ചൈനീസ് യുവതിയും നേപ്പാളി പുരുഷനുമാണ് ഇന്നലെ അറസ്റ്റിലായത്. 2003 മുതൽ ഡൽഹിയിലുള്ള ചൈനാ സ്വദേശിനി ക്വിങ് ഷി, 30, നേപ്പാൾ സ്വദേശി ഷേർ സിങ് എന്നു അറിയപെപ്പടുന്ന രാജ് ബോഹ്റ എന്നിവരാണ് ഇന്നലെ പിടിയിലായത്.
എന്തു തരത്തിലുള്ള പ്രതിരോധ രേഖകളാണ് രാജീവ് ശർമയിൽ നിന്നു പിടികൂടിയതെന്നോ ചൈനയിൽ ആർക്കാണ് അദ്ദേഹം ഈ രേഖകൾ കൈമാറിയതെന്നോ പോലീസ് വ്യക്തമാക്കിയിട്ടില്ല. ചില രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നു മാത്രമാണ് പോലീസ് അറിയിച്ചത്. അദ്ദേഹവും ഇന്നലെ പിടികൂടപ്പെട്ട ചൈനീസ് യുവതി അടക്കമുള്ള വിദേശികളും തമ്മിലുള്ള ബന്ധങ്ങളെ സംബന്ധിച്ച വിശദവിവരങ്ങളും ലഭ്യമല്ല .
ഡൽഹിയിൽ പ്രസ്സ് ഇൻഫർമേഷൻ ബ്യുറോ (പിഐബി) യുടെ അക്രഡിറ്റേഷനുള്ള സ്വതന്ത്ര്യ മാധ്യമപ്രവർത്തകനാണ് രാജീവ് ശർമ. അദ്ദേഹം രാഷ്ട്രീയ നിരീക്ഷകനും നയതന്ത്ര വിദഗ്ധനും ആയാണ് മാധ്യമ രംഗത്തു അറിയപ്പെടുന്നത്. നേരത്തെ ചണ്ഡീഗഡിലെ പ്രമുഖമായ ട്രിബ്യുൻ പത്രത്തിൽ ജോലി ചെയ്ത അദ്ദേഹം പിന്നീട് സ്വതന്ത്ര മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ വിവിധ സ്ഥാപനങ്ങൾക്കു വേണ്ടി പ്രവർത്തിച്ചു. കേന്ദ്ര സർക്കാരിൽ ദേശീയ സുരക്ഷാ ഉപദേശകനായ മുൻ ഐബി ചീഫ് അജിത് ഡോവലിന്റെ നേതൃത്വത്തിൽ ആരംഭിച്ച വിവേകാനന്ദ ഇന്റർനാഷനൽ ഫൗണ്ടേഷനുമായി അദ്ദേഹം സജീവ ബന്ധം പുലർത്തിയിരുന്നു. അറസ്റ്റിനെ തുടർന്നു അദ്ദേഹത്തിന്റെ ഫൗണ്ടേഷനുമായുള്ള ബന്ധം സൂചിപ്പിക്കുന്ന വിവരങ്ങൾ സംഘടനയുടെ വെബ് പേജിൽ നിന്നും ഒഴിവാക്കിയതായി ദി ഹിന്ദു പത്രം റിപ്പോർട് ചെയ്തു.
\]കേരളത്തിൽ പ്രമാദമായ യുഎഇ നയതന്ത്ര ബാഗിലെ കള്ളക്കടത്തു കേസിൽ പ്രതികളുമായി ഉറ്റബന്ധം പുലർത്തിയ ഒരു മാധ്യമ പ്രവർത്തകൻ കഴിഞ്ഞ ദിവസം ദേശീയ അന്വേഷണ ഏജൻസിയുടെ ചോദ്യം ചെയ്യലിനു വിധേയനായിരുന്നു. ആർഎസ്എസ് നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ജനം ടിവിയുടെ കോഓർഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാരാണ് കള്ളക്കടത്തുകേസിൽ ചോദ്യം ചെയ്യലിനു വിധേയനായത്. തൊട്ടുപിന്നാലെയാണ് ഡൽഹിയിൽ സംഘപരിവാര ബന്ധമുള്ള മറ്റൊരു സീനിയർ മാധ്യമ പ്രവർത്തകൻ ചാരവൃത്തി ആരോപണത്തിൽ അറസ്റ്റിലാവുന്നത്.