കർഷക പ്രക്ഷോഭം രൂക്ഷമാകുന്നു; സെപ്റ്റംബർ 25നു ദേശീയ ബന്ദ്

ന്യൂഡൽഹി: കാർഷിക മേഖലയെ സംബന്ധിച്ചു ലോകസഭ ഇന്നലെ പാസ്സാക്കിയ മൂന്നു  ബില്ലുകൾ രാജ്യസഭ പരിഗണിക്കാനിരിക്കെ വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ  കർഷകസംഘടനകളുടെ പ്രക്ഷോഭം ശക്തമായി. പുതിയ നിയമങ്ങൾക്കെതിരെ ഈ മാസം 25നു രാജ്യവ്യാപകമായി ബന്ദ് സംഘടിപ്പിക്കുമെന്ന് 250ലധികം കർഷക സംഘടനകൾ ഉൾപ്പെടുന്ന അഖിലേന്ത്യാ കിസാൻ സംഘർഷസമിതി ഇന്നലെ ചണ്ഡീഗഡിൽ പ്രസ്താവിച്ചു.  പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ ചെറുകിട, ഇടത്തരം കൃഷിക്കാരാണ് കേന്ദ്ര സർക്കാരിന്റെ പുതിയ നിയമങ്ങൾക്കെതിരെ ഇപ്പോൾ ശക്തമായ പ്രക്ഷോഭത്തിനു  ഇറങ്ങിയിരിക്കുന്നത്. സമരത്തിന്റെ ഭാഗമായി പഞ്ചാബിൽ 24നു തീവണ്ടി തടയൽ സമരം നടക്കും. ഹരിയാനയിൽ 20നു രാസ്താ റോക്കോ സമരവും  കർഷകർ പ്രഖ്യാപിച്ചിട്ടുണ്ട്.

ജൂൺ 5നു കേന്ദ്രസർക്കാർ കൊണ്ടുവന്ന മൂന്നു ഓർഡിനൻസുകൾക്കു  പകരമായി പാർലമെന്റിൽ കൊണ്ടുവന്ന നിയമനിർമാണങ്ങളാണ് കർഷക സമരത്തിന് തിരികൊളുത്തിയിരിക്കുന്നത്. കാർഷിക മേഖലയിൽ കൂടുതൽ സ്വകാര്യ നിക്ഷേപം, കർഷകർക്കു  മെച്ചപ്പെട്ട വില ഉറപ്പാക്കാൻ വിപണിയിലെ നിയന്ത്രണങ്ങൾ ഒഴിവാക്കൽ, കാർഷിക മേഖലയിലെ ആധുനികവൽകണം തുടങ്ങിയ ലക്ഷ്യങ്ങളാണ് പുതിയ നിയമനിർമാണത്തിനു കാരണമെന്നു കേന്ദ്രസർക്കാർ പറയുന്നു. എന്നാൽ ഇതിന്റെ ഫലമായി നിലവിലെ താങ്ങുവില   സമ്പ്രദായം അവസാനിപ്പിക്കുമെന്നും സ്വകാര്യ കുത്തകകൾ വിപണിയിൽ പ്രവേശിക്കുന്നതോടെ ചെറുകിട, ഇടത്തരം കർഷകർ അനുഭവിച്ചുവരുന്ന വിപണി സുരക്ഷ അപ്രത്യക്ഷമാകുമെന്നും  കർഷക സംഘടനകൾ പറയുന്നു. ഈ  മാസം ആദ്യം മുതൽ കർഷക സംഘടനകൾ സമരത്തിന് ഇറങ്ങാൻ കാരണമായത് ഇത്തരം  ഭീതികളാണ്.

പഞ്ചാബിൽ ബിജെപി, അകാലി ദൾ സഖ്യത്തിനു ഗുരുതരമായ  പ്രതിസന്ധിയാണ് അതു ഉയർത്തിയിരിക്കുന്നത്. ഹരിയാനയിൽ ബിജെപിയുടെ മനോഹർലാൽ ഖട്ടാർ മന്ത്രിസഭയ്ക്കും ഇതു ഭീഷണി ഉയർത്തിയിട്ടുണ്ട്. ഹരിയാന സർക്കാരിലെ സഖ്യകക്ഷിയായ ജൻനായക് ജനതാ പാർട്ടി  സമരത്തിനു അനുകൂലമാണ്. വിഷയത്തിൽ ബിജെപി നിലപാടിന് എതിരാണ് തങ്ങളെന്ന് ജെ ജെ പി നേതാവ് ദുഷ്യന്ത് ചൗത്താല അറിയിച്ചു. ഹരിയാനയിൽ ഉപമുഖ്യമന്ത്രിയായ  ചൗത്താലയുടെ പാർട്ടി ഖട്ടാർ മന്ത്രിസഭയിൽ നിന്നു  പിൻവാങ്ങിയാൽ അവിടെ മന്ത്രിസഭ വീഴുമെന്നു ദേശീയ പത്രങ്ങൾ ചൂണ്ടിക്കാട്ടുന്നു.

അതേസമയം കർഷകരെ തെറ്റിദ്ധരിപ്പിച്ചു  സമര രംഗത്തു ഇറക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങളാണ് നടക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവിച്ചു.  തന്റെ സർക്കാർ കർഷകരുടെ ഉത്തമ താല്പര്യങ്ങൾ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. താങ്ങുവില സമ്പ്രദായം എടുത്തുകളയുമെന്ന ആരോപണത്തിൽ യാതൊരു വസ്തുതയുമില്ല. കർഷകർക്കു കൂടുതൽ മെച്ചപ്പെട്ട വിപണി ഉറപ്പുവരുത്താനും കാർഷിക രംഗത്തു  നിക്ഷേപം വർധിപ്പിക്കാനും സ്വകാര്യ മേഖലയെക്കൂടി യോജിപ്പിച്ചു കൊണ്ടുപോകാനുള്ള ശ്രമങ്ങൾക്കാണ് സർക്കാർ തുടക്കം കുറിച്ചത്. അതു കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന പ്രഖ്യാപനം നടപ്പിലാക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണ്. കർഷകരെ പിച്ചച്ചട്ടിയുമായി ജീവിക്കാൻ നിർബന്ധിതരാക്കിയ മുൻകാല ഭരണകക്ഷികളാണ് ഇപ്പോൾ അവരെ തെറ്റിദ്ധരിപ്പിച്ചു പ്രക്ഷോഭത്തിലേക്കു നയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ബിഹാറിൽ 2700 കോടി രൂപയുടെ റെയിൽവേ  പദ്ധതികൾ ഉത്ഘാടനം ചെയ്യുന്ന ഓൺലൈൻ പരിപാടിയിൽ സംസാരിക്കുന്ന അവസരത്തിലാണ്  കാർഷിക മേഖലയിലെ പ്രക്ഷുബ്ധാവസ്ഥ സംബന്ധിച്ച സർക്കാർ നിലപാട് അദ്ദേഹം വ്യക്തമാക്കിയത്.   ഇപ്പോൾ ആരംഭിച്ചിരിക്കുന്ന നിയമനിർമാണ പ്രക്രിയയിൽ നിന്ന് സർക്കാർ ഒരുകാരണവശാലും പിന്നാക്കം പോവുകയില്ല എന്ന സന്ദേശമാണ് പ്രധാനമന്ത്രിയുടെ പ്രസംഗം നൽകുന്നത്. 

Leave a Reply