“ഒരുതരി സ്വർണമില്ലാത്തയാളെ സ്വർണക്കടത്തു കാരനാക്കുന്നു.” ജലീലിനു പൂർണ പിന്തുണ പ്രഖ്യാപിച്ചു കോടിയേരി
തിരുവനന്തപുരം: ഒരു തരി സ്വർണം പോലും കൈവശമില്ലാത്ത കെ ടി ജലീലിനെ സ്വർണക്കടത്തുകാരനായി ചിത്രീകരിക്കുന്ന ബിജെപിയുടെയും യുഡിഎഫിന്റെയും ആരോപണങ്ങളെ ഇടതുപക്ഷം ജനങ്ങളെ അണിനിരത്തി ചെറുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രസ്താവിച്ചു. മന്ത്രിയുടെ രാജി ആവശ്യം ഉന്നയിച്ചു പ്രതിപക്ഷ കക്ഷികൾ നടത്തുന്ന സമരം ഏഴുദിവസം പിന്നിടുന്ന അവസരത്തിൽ എകെജി സെന്ററിൽ ചേർന്ന പാർട്ടി സംസ്ഥാനസെക്രട്ടറിയറ്റ് യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോടിയേരി.
കേരളത്തിൽ കോൺഗ്രസ്സും ബിജെപിയും ഒന്നിച്ചുള്ള ഒരു സമരമാണ് ഇപ്പോൾ നടക്കുന്നത്. തീർത്തും വ്യാജമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടാണ് അക്രമാസക്തമായ സമരങ്ങൾ തെരുവിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. അതിനായി നിരന്തരം നുണപ്രചാരണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. അതിലൊന്നാണ് ജലീൽ ഖുറാൻ ഇറക്കുമതിയിലൂടെ സ്വർണക്കള്ളക്കടത്തു നടത്തി എന്നു ആരോപിച്ചുകൊണ്ടു ഇപ്പോൾ നടക്കുന്ന സമരങ്ങൾ. അതിൽ യാതൊരു വസ്തുതയുമില്ല. ഖുർആൻ ഇറക്കുമതി ചെയ്തത് ജലീലല്ല. യുഎഇ കോൺസുലേറ്റിൽ വന്ന ഖുർആൻ വിശ്വാസികൾക്കിടയിൽ വിതരണം ചെയ്യാൻ അദ്ദേഹം സഹായം ചെയ്യുക മാത്രമാണ് ഉണ്ടായത്. അദ്ദേഹമാരോടും ഖുർആൻ ചോദിച്ചു വാങ്ങിയിട്ടില്ല. ആർഎസ്എസിന് ഖുർആനോടുള്ള വിരോധം മനസ്സിലാക്കാം. എന്നാൽ എന്തിനാണ് മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി അവരുടെ കൂടെ കൂടുന്നത്? മാറാട് കേസിൽ സിബിഐ അന്വേഷണം നടക്കുന്നതു തടയപ്പെട്ടതും ഇപ്പോൾ കാണപ്പെടുന്ന ലീഗ്-ആർഎസ്എസ് സൗഹൃദവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നു യുഡിഎഫ് നേതൃത്വം വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാധ്യമങ്ങൾ സർക്കാരിനെതിരെയും സിപിഎം നേതാക്കൾക്കെതിരെയും നിരന്തരം വാർത്തകൾ പടച്ചുവിട്ടുകൊണ്ടിരിക്കുകയാണ് എന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചു. ഇ പി ജയരാജന്റെ മകനുമായി ബന്ധപ്പെട്ടു പുറത്തുവന്ന ഒരു ചിത്രത്തെ കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. വ്യാജമായ ചിത്രങ്ങളും കരുതിക്കൂട്ടി ഉന്നയിക്കുന്ന ആരോപണങ്ങളും ഇടതുപക്ഷ നേതാക്കളെ തേജോവധം ചെയ്യുന്നതിനു ബോധപൂർവം നടക്കുന്ന നീക്കങ്ങളുടെ ഭാഗമാണ്. തങ്ങൾ ഇതിലൊന്നും വീഴാൻ ഉദ്ദേശിക്കുന്നില്ല. വികസനത്തിലും ജനക്ഷേമത്തിലും ഊന്നിയ നടപടികളുമായി സർക്കാർ മുന്നോട്ടുപോകും. വ്യാജപ്രചാരണങ്ങളെ ജനങ്ങളെ അണിനിരത്തി ചെറുക്കും. ഈ മാസം 22നു ചേരുന്ന സിപിഎം സംസ്ഥാന കമ്മിറ്റി അതുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു .