അകാലി മന്ത്രിയുടെ രാജി: എൻഡിഎ സർക്കാരിന്റെ കാർഷിക നയങ്ങളിൽ ഭിന്നത വളരുന്നു
ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭയിലെ ഏക അകാലി ദൾ അംഗം ഹർസിമ്രത് കൗർ ബാദൽ ഇന്നലെ രാജി വെച്ചത് എൻഡിഎ സർക്കാർ നടപ്പാക്കുന്ന കാർഷിക മേഖലയിലെ അടിസ്ഥാനപരമായ നയ വ്യതിയാനങ്ങളോടുള്ള സഖ്യകക്ഷികളുടെ വിയോജിപ്പ് പ്രകടമാക്കുന്നു.
ബിജെപിയുടെ നേതൃത്വത്തിലുള്ള എന്ഡിഎ സഖ്യത്തിലെ ആദ്യത്തെ കക്ഷികളിൽ ഒന്നാണ് പഞ്ചാബിൽ ശക്തമായ അടിത്തറയുള്ള ശിരോമണി അകാലിദൾ. സംസ്ഥാനത്തെ സിഖ് സമുദായക്കാരായ ചെറുകിട, ഇടത്തരം കർഷകരാണ് അകാലിദളിന്റെ പ്രധാന അടിത്തറ. കഴിഞ്ഞ ജൂണിൽ കാർഷിക രംഗത്തു അടിസ്ഥാനപരമായ മാറ്റങ്ങൾ കൊണ്ടുവരുന്ന രണ്ടു ഓർഡിനൻസുകൾ കേന്ദ്രസർക്കാർ പുറത്തിറക്കിയിരുന്നു. കാർഷിക വിഭവങ്ങൾ മിനിമം വില ഉറപ്പാക്കി സർക്കാർ സംഭരിക്കുന്ന നിലവിലെ സമ്പ്രദായത്തിൽ ഓർഡിനൻസുകൾ മാറ്റം കൊണ്ടുവന്നിരുന്നു. അതു പ്രകാരം കർഷകർക്കു തങ്ങളുടെ ഉല്പന്നങ്ങൾ സർക്കാർ സമാഹരണ സംവിധാനമായ മണ്ഡികൾക്ക് പുറത്തു വിറ്റഴിക്കാൻ
അനുമതിയുണ്ട്. നേരത്തെ പ്രധാന ഉത്പന്നങ്ങൾ സംസ്ഥാനത്തുനിന്നു പുറത്തു കൊണ്ടുപോയി വിൽക്കുന്നതിനും സ്വതന്ത്ര വിപണിയിൽ നേരിട്ടു വില്പന നടത്തുന്നതിനും നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. അവശ്യസാധന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിയന്ത്രണങ്ങൾ നടപ്പാക്കിയതും മിനിമം താങ്ങു വില ഉറപ്പു വരുത്തിയതും. പുതിയ ഓർഡിനൻസുകൾ പ്രകാരം വിഭവങ്ങളുടെ വിപണനത്തിലെ നിയന്ത്രണങ്ങൾ ഒഴിവാക്കുകയും സ്വകാര്യ വാണിജ്യ ശക്തികൾക്ക് ഉത്പന്നങ്ങൾ സംഭരിക്കാൻ അനുമതി നൽകുകയും ചെയ്തു. കാർഷിക മേഖലയിൽ കൂടുതൽ മെച്ചപ്പെട്ട മൂലധന നിക്ഷേപത്തിനു സൗകര്യം ഒരുക്കാനാണ് മുൻ കോൺഗ്രസ്സ് സർക്കാരുകളുടെ കാലത്തെ അവശ്യസാധന നിയമം അടക്കമുള്ള സംവിധാനങ്ങൾ പിൻവലിക്കുന്നത് എന്നാണ് കേന്ദ്ര കൃഷി മന്ത്രാലയം വിശദീകരിച്ചത്.
നിയമത്തിലെ മാറ്റങ്ങളെ നേരത്തെ അകാലിദളും പഞ്ചാബിലെ കോൺഗ്രസ്സ് നിയന്ത്രണത്തിലുള്ള അമരീന്ദർ സിങ് മന്ത്രിസഭയും സ്വാഗതം ചെയ്തിരുന്നു. കാർഷിക വിഭവങ്ങളുടെ കുത്തക സംഭരണം കർഷകർക്കു തുറന്ന വിപണിയിലെ പുതിയ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനു തടസ്സമാകുന്നു എന്ന വിലയിരുത്തലാണ് നേരത്തെ ഉണ്ടായിരുന്നത്. പക്ഷേ കാർഷിക മേഖലയിൽ വൻകുത്തകകളുടെ വരവും നിലവിലെ മണ്ഡി സമ്പ്രദായം ദുർബലമാകുന്നതും കർഷകന് മിനിമം വില ഉറപ്പുനൽകുന്ന അവസ്ഥയെ ഭാവിയിൽ അട്ടിമറിക്കും എന്നു പല കർഷകസംഘടനകളും മുന്നറിയിപ്പ് നൽകിയിരുന്നു. കാർഷിക മേഖലയിലെ കോർപ്പറേറ്റ് നിയന്ത്രണം ഗുരുതരമായ പ്രശ്നങ്ങളാണ് ചെറുകിട, ഇടത്തരം കർഷകർക്കു മുന്നിൽ ഉയർത്തുക എന്നു വ്യക്തമായിരുന്നു. കോർപ്പറേറ്റ് നിയന്ത്രണത്തിൽ വാണിജ്യാധിഷ്ഠിത കൃഷിയും വിപണനവും വരുന്നതോടെ വൻ കുത്തകകൾ രംഗം അടക്കിവാഴുമെന്നും ചെറുകിട, ഇടത്തരം കർഷകർ പുറത്താകുമെന്നുമുള്ള ഭീതി വ്യാപകമായി.
കർഷക പ്രസ്ഥാനങ്ങളിൽ നിന്നുള്ള എതിർപ്പ് വർധിച്ചതോടെ പഞ്ചാബ് മന്ത്രിസഭ കഴിഞ്ഞ ദിവസം കേന്ദ്ര ഓർഡിൻസുകൾക്കെതിരെ പ്രമേയം പാസ്സാക്കിയിരുന്നു. കാർഷിക മേഖലയിൽ കൂടുതൽ മൂലധന നിക്ഷേപം ആകർഷിക്കാനുള്ള നീക്കങ്ങളെ കോൺഗ്രസ്സ് നേരത്തെ സ്വാഗതം ചെയ്തിരുന്നുവെങ്കിലും കേന്ദ്രം ഇപ്പോൾ കൊണ്ടുവരുന്ന നിയമങ്ങൾ കർഷകസമൂഹത്തെ തകർക്കും എന്ന നിലപാടാണ് പഞ്ചാബിലെ കോൺഗ്രസ്സ് നേതൃത്വവും സർക്കാരും ഇപ്പോൾ സ്വീകരിക്കുന്നത്. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ജൂണിലെ ഓർഡിൻസുകൾക്കു പകരം മൂന്നു പുതിയ ബില്ലുകൾ കേന്ദ്രസർക്കാർ കൊണ്ടു വരുന്നുണ്ട്. അതിൽ അവശ്യസാധന (ഭേദഗതി) നിയമം 2020 സംബന്ധിച്ച ബില്ല് ഇന്നലെ ലോകസഭയിൽ ചർച്ചക്കായി അവതരിപ്പിച്ചിരുന്നു. അതിനെ എതിർത്തുകൊണ്ടു അകാലി നേതാവ് സുഖ്‌ബീർ സിങ് ബാദൽ സഭയിൽ നടത്തിയ പ്രസംഗത്തിലാണ് മന്ത്രിയുടെ രാജി പ്രഖ്യാപിച്ചത്. ബാദലിന്റെ ഭാര്യയാണ് ഹർസിമ്രത് കൗർ. അതേസമയം എൻഡിഎ സഖ്യത്തിൽ തുടരുമെന്നും അകാലി നേതാവ് വ്യക്തമാക്കി