ജലീലിനെ എൻഐഎ ചോദ്യം ചെയ്തു ; രാജി ആവശ്യം ശക്തമാകുന്നു
കൊച്ചി: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിനെ ഇന്ന് രാവിലെ 10 മണി മുതൽ എറണാകുളത്തെ ദേശീയ അന്വേഷണ ഏജൻസി ഓഫീസിൽ ചോദ്യം ചെയതു. ചോദ്യം ചെയ്യലിനായി രാവിലെ ഒമ്പതു മണിക്ക് ഹാജരാകാൻ എൻഐഎ മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹം ആറുമണിക്ക് തന്നെ സ്വകാര്യ വാഹനത്തിൽ എത്തി. പക്ഷേ വിവരം പുറത്തായതിനെ തുടർന്നു സംസ്ഥാനത്തിന്റെ പല ഭാഗത്തും മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു കൂടുതൽ ശക്തമായ പ്രക്ഷോഭം നടക്കുകയാണ്. സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട പ്രതികളുമായി മന്ത്രിയുടെ ബന്ധം സംബന്ധിച്ച അന്വേഷണത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രിയുടെ രാജിയാവശ്യപ്പെട്ടുള്ള പ്രക്ഷോഭം ഇന്നു ആറാം ദിവസത്തിലെത്തി.
മന്ത്രി ഇന്നലെ രാത്രിയാണ് കളമശ്ശേരി റസ്റ്റ് ഹൗസിൽ എത്തിയത്. പുലർച്ചെ വാഹനം വേണമെന്നു അദ്ദേഹം തന്നോടു ആവശ്യപ്പെട്ടിരുന്നതായി മുൻ എംഎൽഎ എ എം യൂസുഫ് സമ്മതിച്ചു. രാവിലെ എട്ടുമണിക്കുശേഷം തുടങ്ങിയ എൻഐഎ ഓഫീസിലെ ചോദ്യം ചെയ്യൽ ആറുമണിക്കൂർ പിന്നിട്ടു ഉച്ചയ്ക്ക് ശേഷവും തുടരുകയായിരുന്നു .
ജലീൽ രാജി വെക്കണമെന്നും അദ്ദേഹത്തെ സംരക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കം അംഗീകരിക്കാനാവില്ലെന്നും വിവിധ പ്രതിപക്ഷ പാർട്ടി നേതാക്കൾ പറഞ്ഞു. മന്ത്രിയുടെ രാജി വരെ തെരുവിൽ ഇപ്പോൾ നടക്കുന്ന സമരം തുടരും. ഇന്നു നടന്ന പിക്കറ്റിങ്ങിൽ കോൺഗ്രസ്സ് എംഎൽഎ വി ടി ബാലറാമിന് പരിക്കേറ്റതായി വാർത്താമാധ്യമങ്ങൾ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സമരങ്ങളിൽ കോൺഗ്രസ്സിന്റെ ഷാഫി പറമ്പിൽ എംഎൽഎ, ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ തുടങ്ങി നിരവധി പ്രതിപക്ഷ പ്രവർത്തകർക്കു പരിക്കേറ്റിരുന്നു.
മന്ത്രിക്കു പിന്തുണയുമായി സിപിഎം, സിപിഐ നേതാക്കളും ഏതാനും മന്ത്രിമാരും രംഗത്തെത്തി. മന്ത്രിക്കെതിരെ കേസെടുത്താൽ പോലും രാജി വെക്കേണ്ട ആവശ്യമില്ലെന്നു സിപിഎം നേതാവ് എം വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു. ചോദ്യം ചെയ്യലിന്റെ പേരിൽ രാജി സാധ്യമല്ലെന്നു സിപിഐ സെക്രട്ടറി കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. രാജിയുടെ പ്രശ്‍നം ഉദിക്കുന്നില്ലെന്നു നിയമമന്ത്രി എ കെ ബാലൻ പറഞ്ഞു. മുഖ്യമന്ത്രിയും ഇതുവരെ മന്ത്രി ജലീലിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.