റഷ്യൻ വാക്സിൻ ഇന്ത്യയിൽ നിർമിക്കും; വിതരണത്തിനു കരാറായി
ന്യൂഡൽഹി :റഷ്യയിലെ റഷ്യ ഡയറക്റ്റ് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (ആർ എഫ് ഐ ഡി) വികസിപ്പിച്ച സ്പുട്നിക് 5 കോവിഡ് വാക്‌സിൻ ഇന്ത്യയിൽ മൂന്നാം ഘട്ട പരീക്ഷണത്തിന് വിധേയമാക്കുന്നതിനും അതു പൂർത്തിയാകുന്ന മുറയ്ക്ക് ഇന്ത്യയിൽ വിതരണം ചെയ്യുന്നതിനും കരാറായി. ഹൈദരാബാദ് ആസ്ഥാനമായ ഡോ .റെഡ്‌ഡി’സ് ലബോറട്ടറീസ് എന്ന പ്രമുഖ ഫർമാ സ്ഥാപനവുമായാണ് റഷ്യൻ അധികൃതർ ഇന്നലെ കരാർ കരാർ ഒപ്പുവെച്ചത്.
റഷ്യയിൽ ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങൾ കഴിഞ്ഞ വാക്‌സിൻ ഇപ്പോൾ അവിടെ വ്യാപകമായി ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. അടിയന്തിര സാഹചര്യത്തെ നേരിടാനാണ് റഷ്യൻ അധികൃതർ പരീക്ഷണ ഘട്ടത്തിൽ തന്നെ വാക്‌സിൻ പ്രയോഗിക്കുന്നതിനു അനുമതി നൽകിയത്. എന്നാൽ മൂന്നാം ഘട്ട പരീക്ഷണങ്ങൾ തുടരുകയുമാണ്. ഇന്ത്യയിൽ പരീക്ഷണങ്ങൾ നടത്തുന്നതിനായി ഡോ. റെഡ്‌ഡിസ് എന്ന സ്ഥാപനവുമായാണ് കരാറിൽ ഏർപ്പെട്ടതെന്നു റഷ്യൻ കമ്പനിയുടെ വക്താക്കൾ അറിയിച്ചു. വാക്‌സിൻ ഇന്ത്യയിൽ വിതരണം ചെയ്യുന്നതിനു അനുമതി ലഭ്യമായാൽ ഒന്നാം ഘട്ടത്തിൽ 10 കോടി യൂണിറ്റ് മരുന്നുകൾ കമ്പോളത്തിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ വർഷം തന്നെ അതു സാധ്യമാകും എന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
അതേസമയം ലാഭം മുൻനിർത്തിയല്ല വാക്‌സിൻ സംബന്ധിച്ച പ്രവർത്തനങ്ങൾ വേഗത്തിലാക്കിയതെന്നു കമ്പനി അവ കാശപ്പെട്ടു. തങ്ങൾ ലാഭം ഈടാക്കാൻ ഉദ്ദേശിക്കുന്നില്ല. പൊതുതാത്‌പര്യം കണക്കാക്കി മരുന്നു വികസനത്തിനു വേണ്ടി വന്ന കനത്ത ചെലവ് തിരിച്ചുപിടിക്കാൻ മാത്രമാണ് ഉദ്ദേശിക്കുന്നത്. മരുന്ന് ഇന്ത്യയിൽ നിർമിക്കുന്നതിനു അനുയോജ്യരായ സ്ഥാപനങ്ങളുമായി സംസാരിക്കുന്നുണ്ടെന്നും അതു വൈകാതെ പൂർത്തിയാക്കുമെന്നും കമ്പനി അറിയിച്ചു. ബ്രിട്ടനിലെ ഒക്സ്ഫോർഡ് സർവ്വകലാശാലയുടെ വാക്‌സിൻ ഇന്ത്യയിൽ നിർമിക്കുന്നതിനു അസ്ത്ര സെനേക്കാ കമ്പനിയും പൂനയിലെ സെറം ഇൻസ്റിറ്റ്യൂമായി കരാറിൽ നേരത്തെ എത്തിയിട്ടുണ്ട്. റഷ്യൻ വാക്‌സിൻ കരാർ ഇന്ത്യയിൽ രണ്ടാമത്തെ വാക്‌സിൻ കരാറാണ്. കഴിഞ്ഞയാഴ്ച സാങ്കേതിക കാരണങ്ങളാൽ നിർത്തിവെച്ച ഓക്സ്ഫോർഡ് വാക്‌സിൻ മൂന്നാം ഘട്ട പരീക്ഷണം ഇന്ത്യയിൽ വീണ്ടും ആരംഭിച്ചിട്ടുണ്ട്. ഈ വാക്‌സിനും വർഷാവസാനം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്