മതവും രാഷ്ട്രീയവും കൂട്ടിക്കുഴക്കാനുള്ള മന്ത്രിയുടെ നീക്കങ്ങൾ വിവാദത്തിൽ

കോഴിക്കോട്:  വിവാദ സ്വർണക്കടത്തു കേസിലെ പ്രതികളുമായുള്ള ബന്ധം ന്യായീകരിക്കാനായി മതത്തെ കൂട്ടുപിടിക്കാനുള്ള ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിന്റെ നീക്കങ്ങൾക്കു ഇസ്ലാം മതത്തിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ നിന്ന് കടുത്ത വിമർശനം.

നയതന്ത്ര  ബാഗേജ് എന്നപേരിൽ സ്വർണം കടത്തിയ യുഎഇ കോൺസുലേറ്റുമായി മന്ത്രിയുടെ  ബന്ധങ്ങൾ സംബന്ധിച്ച ചോദ്യങ്ങൾക്കു ജലീൽ നൽകിയ മറുപടി റംസാൻ മാസത്തിൽ സക്കാത്തു വിതരണത്തിനും ഖുർആൻ വിതരണത്തിനും കോൺസുലേറ്റ് തന്റെ സഹായം തേടിയിരുന്നു എന്നാണ്. അതിന്റെ ഭാഗമായാണ് തിരുവനന്തപുരത്തെ കോൺസുൽ ജനറലുമായും അദ്ദേഹത്തിന്റെ സെക്രട്ടറിയെന്ന നിലയിൽ സപ്നാ സുരേഷുമായും ബന്ധപ്പെട്ടതെന്നും മന്ത്രി വിശദീകരിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ഈ വാദങ്ങൾ ആവർത്തിക്കുകയുണ്ടായി.  കേരളത്തിൽ വഖ്ഫ് കാര്യങ്ങളുടെ ചുമതലയുള്ള മന്ത്രി എന്ന നിലയിൽ ജലീലിന്റെ ഇക്കാര്യങ്ങളിലുള്ള ഇടപെടലുകളിൽ സംശയിക്കേണ്ടതായ ഒന്നുമില്ല എന്ന വാദമാണ് മുഖ്യമന്ത്രി ഉയർത്തിയത്.

എന്നാൽ മന്ത്രിയുടെ അവകാശവാദങ്ങൾ വാസ്‌തവവിരുദ്ധമാണെന്ന് മലബാറിലെ മുസ്ലിം സമുദായ സംഘടനകളുമായി ബന്ധപ്പെട്ടവർ ചൂണ്ടിക്കാണിക്കുന്നു.  സക്കാത്തു പോലെയുള്ള കാര്യങ്ങൾക്കു മന്ത്രിയെ ബന്ധപ്പെടേണ്ട കാര്യമില്ലെന്നു  സമുദായ നേതാക്കൾ ചൂണ്ടിക്കാട്ടി.  യുഎഇ സർക്കാരിന്റെ പ്രതിനിധിയായ കോൺസുൽ ജനറൽ അക്കാര്യത്തിൽ കേരള സർക്കാരിനെ ബന്ധപ്പെടേണ്ട ആവശ്യമില്ല. കാരണം  സക്കാത്തു നൽകുന്നത് സർക്കാരല്ല; വ്യക്‌തികളാണ്. അതിനായി   വ്യക്തികൾ നേരിട്ടോ സമുദായ സംഘടനകൾ വഴിയോ ആണ് കാര്യങ്ങൾ നിർവഹിക്കുന്നത്. സർക്കാരിനു  ഇക്കാര്യത്തിൽ ഒരുപങ്കുമില്ല. അതിനാൽ മന്ത്രിയുടെ  അവകാശവാദങ്ങളിൽ കഴമ്പില്ല.

രണ്ടാമത്തെ അവകാശവാദം, യുഎഇ കോൺസുലേറ്റ് സംഭാവന നൽകിയ മതഗ്രന്ഥങ്ങൾ മന്ത്രി സ്വീകരിച്ചു വിതരണം ചെയ്യുകയാണ് ഉണ്ടായതെന്നാണ്. അതിൽ അദ്ദേഹത്തെ സംശയിക്കുന്നതു ശരിയല്ലെന്നും സർക്കാർ പറയുന്നു. പക്ഷേ  മതഗ്രന്ഥങ്ങൾ എന്നപേരിൽ വന്ന കെട്ടുകളിൽ യഥാർത്ഥത്തിൽ അവ മാത്രമാണോ എന്ന കാര്യത്തിലാണ് സംശയമുള്ളതെന്നു പല നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നു. ഈ കെട്ടുകൾ  സ്വകാര്യമായി മന്തിയുടെ വകുപ്പിനു കീഴിലുള്ള സി-ആപ്റ്റ് എന്ന സ്ഥാപനതിന്റെ വാഹനത്തിൽ കയറ്റി  മലപ്പുറത്തേക്കു കൊണ്ടുപോകുകയായിരുന്നു. അതിൽ 20  കിലോ  തൂക്കവ്യത്യാസസമുണ്ടെന്നും അതു വിശദീകരിക്കാൻ മന്ത്രിക്കു സാധ്യമാവുന്നില്ലെന്നും ഇന്നലെ യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് പത്രസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.

മതഗ്രന്ഥങ്ങൾ വിതരണം ചെയ്യുന്ന  പ്രവർത്തി ഒരു മതേതര സർക്കാരിന്റെ മന്ത്രി നേരിട്ടു ഏറ്ററെടുക്കുന്നതു  പതിവില്ലെന്നു പലരും ചൂണ്ടിക്കാണിക്കുന്നു.  ഇസ്ലാം മതഗ്രന്ഥങ്ങൾ വിതരണം ചെയ്യാനായി മന്ത്രി തന്നെ നേരിട്ടു ഇറങ്ങേണ്ടതില്ല. കേരളത്തിൽ നിരവധി മുസ്ലിം സമുദായ സംഘടനകളും അവയ്ക്കു പുറമെ വഖഫ് ബോർഡും ശക്തമായി പ്രവർത്തിക്കുന്നുണ്ട്. ഖുർആൻ കോപ്പികൾ വിതരണത്തിനായി അവയെ ഏല്പിക്കുന്നതാണ് സാധാരണ നിലയിൽ പതിവുള്ളത്.  സക്കാത്തിന്റെയും ഖുർആൻ വിതരണത്തിന്റെയും  പതിവു രീതികളിൽ നിന്നു  വ്യതിചലിച്ചു മന്ത്രി തന്നെ ഇതെല്ലം നേരിട്ടു ഏറ്റെടുത്തു നടത്താനിറങ്ങിയത് വളരെയേറെ അസ്വാഭാവികമാണെന്നു പലരും ചൂണ്ടിക്കാട്ടി.

 മതപരമായ കാര്യങ്ങളിൽ മന്ത്രിയുടെയും അദ്ദേഹത്തിന്റെ ഓഫീസിന്റെയും ഇടപെടൽ പലതരത്തിലുള്ള ആരോപണങ്ങൾക്കും ഇടയാക്കിയതായും സമുദായ വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഉദാഹരണത്തിന് വഖ്ഫ് ബോർഡിൽ ശിയാ സമുദായ പ്രതിനിധി എന്നപേരിൽ സർക്കാർ നോമിനേറ്റ് ചെയ്തതു ശിയാ സമുദായത്തിലെ അംഗത്തെയല്ല. അരൂരിലെ ഒരു പ്രമുഖ വ്യവസായിയായ മന്ത്രിയുടെ സുഹൃത്തിനെയാണ് സമിതിയിൽ ശിയാ പ്രതിനിധിയായി ഇരുത്തിയിരിക്കുന്നത്. ഇതു   ന്യൂനപക്ഷ അവകാശങ്ങളെ ബോധപൂർവം അട്ടിമറിക്കുന്ന  പ്രവൃത്തിയാണ്.  അത്തരത്തിൽ പ്രവർത്തിക്കുന്നയാൾ സ്വന്തം താല്പര്യത്തിനു മതത്തെ മറയാക്കുന്നതിൽ അത്ഭുതമില്ലെന്നും പലരും അഭിപ്രായപ്പെടുന്നു. 

Leave a Reply