ലൈഫ് മിഷൻ തകർക്കാൻ ശ്രമമെന്നു മുഖ്യമന്ത്രി; പക്ഷേ പദ്ധതിയെ കുഴപ്പത്തിലാക്കിയത് ആരാണ്?
തിരുവനന്തപുരം: കേരള സർക്കാരിന്റെ അഭിമാനപദ്ധതിയായ ലൈഫ് മിഷനിലൂടെ സാധാരണ ജനങ്ങൾക്കുണ്ടായ നേട്ടങ്ങൾ മറച്ചുവെക്കാനുള്ള നെറികെട്ട നീക്കമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. ലക്ഷക്കണക്കിന് ഭവനരഹിതർക്കു കിടപ്പാടം നൽകിയ പദ്ധതിയാണിത്. അതിനെ കരിതേച്ചു കാണിക്കാനാണ് പ്രതിപക്ഷശ്രമമെന്നു വളരെ ക്ഷുഭിതനായാണ് ഇന്നു മാധ്യമങ്ങളോടു അദ്ദേഹം പ്രതികരിച്ചത്.
എന്നാൽ പദ്ധതിയെ കുഴപ്പത്തിലാക്കിയത് സർക്കാർ തന്നെയാണെന്നും അഴിമതി നടത്താനുള്ള ഒരു മാർഗമായാണ് ഭരണകക്ഷി അതിനെ ഉപയോഗിച്ചതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരിച്ചടിച്ചു. ആസകലം കരിയിൽ മുങ്ങിക്കിടക്കുന്ന സർക്കാരിനെ തങ്ങൾ ഇനിയെങ്ങിനെയാണ് കരിതേക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
ലൈഫ് മിഷനും അതിന്റെ മറവിൽ നടന്ന വൻ സാമ്പത്തിക അഴിമതികളും ഇതോടെ വീണ്ടും ഒരു പൊതുചർച്ചയിലേക്കു വരികയാണ്. ഏതാണ്ട് രണ്ടേകാൽ ലക്ഷം ഭവനരഹിത കുടുംബങ്ങൾക്ക് പദ്ധതി വഴി നേട്ടമുണ്ടായിട്ടുണ്ട് എന്നാണ് സർക്കാർ അവകാശപ്പെടുന്നത്. ഇതുസംബന്ധിച്ച സ്വതന്ത്രമായ ഒരു പരിശോധന ഇതുവരെ നടന്നിട്ടില്ലെങ്കിലും എഴുപതുകളിൽ സിപിഐ നേതാവ് എം എൻ ഗോവിന്ദൻ നായരുടെ നേതൃത്വത്തിൽ നടപ്പാക്കിയ ലക്ഷം വീട് പദ്ധതിക്കു ശേഷം സംസ്ഥാനത്തു നടന്ന ഏറ്റവും പ്രധാനമായ വീടുനിർമാണ പദ്ധതിയാണ് ലൈഫ് മിഷൻ എന്നു പൊതുവിൽ വിലയിരുത്തലുണ്ട്. ലക്ഷം വീട് പദ്ധതിയിൽ നിന്നു വ്യത്യസ്തമായി ത്രിതല പഞ്ചായത്ത് രാജ് സംവിധാനത്തെയും സ്വകാര്യ ഏജൻസികളെയും സന്നദ്ധ സംഘടനകളെയും യോജിപ്പിച്ചു അണിനിരത്തിക്കൊണ്ടുള്ള ലൈഫ് മിഷൻ പദ്ധതിയിൽ കൂടുതൽ മെച്ചപ്പെട്ട വീടുകൾ സംസ്ഥാനമെങ്ങും നിർമിക്കപ്പെട്ടിട്ടുണ്ട് എന്നതു വസ്തുതയാണ്. പൊതുവിൽ വലിയ തർക്കങ്ങളോ ആരോപണങ്ങളോ ഇല്ലാതെയാണ് വീടുകളുടെ നിർമാണവും അതിന്റെ ഉടമകളുടെ തിരഞ്ഞെടുപ്പും സംബന്ധിച്ച കാര്യങ്ങളും നടന്നുവന്നിട്ടുള്ളതും.
കഴിവുറ്റ ഉദ്യോഗസ്ഥനെന്നു പേരുകേട്ടിട്ടുള്ള യു വി ജോസ് നേതൃത്വം നൽകുന്ന ലൈഫ് മിഷൻ ആരോപണ-പ്രത്യാരോപണങ്ങളുടെ നടുക്കടലിലേക്ക് എടുത്തെറിയപ്പെടുന്നത് സ്വർണക്കടത്തു കേസിൽ അറസ്റ്റിലായ സ്വപ്നാ സുരേഷ് അവരുടെ ബാങ്ക് ലോക്കറിൽ കാണപ്പെട്ട ഒരു കോടി രൂപ സംബന്ധിച്ചു എൻഐഎയ്ക്കു നൽകിയ മൊഴിയിലൂടെയാണ്. ആ പണം വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്‌ളാറ്റുകളുടെ നിർമാണം ഏറ്റെടുത്ത സ്വകാര്യ കമ്പനിയിൽ നിന്നു ഉപഹാരമായി തനിക്കു കിട്ടിയതാണ് എന്നാണ് സ്വപ്‌നാ സുരേഷ് മൊഴിനൽകിയത്.
പ്രതിപക്ഷവും അതിനപ്പുറം ഈ വിഷയത്തിൽ ആരോപണമൊന്നും ഉന്നയിച്ചിരുന്നില്ല. എന്നാൽ സിപിഎം നിയന്ത്രണത്തിലുള്ള കൈരളി ടിവി ഓർക്കാപ്പുറത്തു കൊണ്ടുവന്ന വാർത്തയിലെ അവകാശവാദമാണ് സർക്കാരിനെ യഥാർത്ഥത്തിൽ കുഴപ്പത്തിൽ ചാടിച്ചത്. കൈരളിയുടെ എംഡിയും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകനുമായ ജോൺ ബ്രിട്ടാസ് തന്നെയാണ് ലൈഫ് മിഷനിൽ നാലര കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ട് എന്ന വാർത്ത നൽകിയത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യുഎഇ സന്ദർശിച്ച സംഘമാണ് ലൈഫ് മിഷനിൽ വീടുകൾ നിർമിക്കുന്നതിന് യുഎഇയിലെ റെഡ് ക്രെസന്റ് സംഘടനയുമായി കരാർ ഉണ്ടാക്കിയത്. പ്രസ്തുത സംഘത്തിൽ മുഖ്യമന്ത്രിയുടെ ഉപദേശകരടക്കം നിരവധി പേർ ഉൾപ്പെട്ടിരുന്നു. മാത്രമല്ല, ഈ വാർത്തയിൽ വസ്തുതയുണ്ടെന്നു ധനകാര്യമന്ത്രി തോമസ് ഐസക്ക് വെളിപ്പെടുത്തുകയും ചെയ്തു.
അതോടെയാണ് ലൈഫ് മിഷനിലെ അഴിമതി സംബന്ധിച്ച കാര്യങ്ങളിൽ കേരളത്തിലെ പ്രതിപക്ഷവും മാധ്യമങ്ങളും കൂടുതൽ ശ്രദ്ധ നല്കാൻ തുടങ്ങിയത്. ലൈഫ് മിഷനിൽ വടക്കാഞ്ചേരി പദ്ധതി നടപ്പിലാക്കാൻ നേരത്തെ തിരഞ്ഞെടുത്തിരുന്നത് പ്രശസ്ത ആർകിടെക്ട് ശങ്കർ നേതൃത്വം നൽകുന്ന ഹാബിറ്റാറ്റ് എന്ന സഹകരണ പ്രസ്ഥാനത്തെയായിരുന്നു. പിന്നീട് ചില സാങ്കേതിക കാരണങ്ങൾ പറഞ്ഞു ഹാബിറ്റാറ്റിനെ ഒഴിവാക്കി യൂണിറ്റാക് എന്ന സ്വകാര്യ കമ്പനിക്കു കരാർ നൽകുകയായിരുന്നു. അവരിൽ നിന്നാണ് യുഎഇ കോൺസുലേറ്റിലെ പ്രമുഖർക്കും മറ്റുപലർക്കും വൻസംഖ്യ കോഴയായി ലഭിച്ചത്. മൊത്തം 20 കോടിയുടെ വടക്കാഞ്ചേരി പദ്ധതിയിൽ 9.5 കോടിയും കോഴയായി പോയിട്ടുണ്ടെന്നും അതിൽ അഞ്ചു കോടി രൂപ ലഭിച്ചത് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുമായി ബന്ധപ്പെട്ടവർക്കാണെന്നും നിയമസഭയിൽ അവിശ്വാസപ്രമേയം അവതരിപ്പിച്ച വി ഡി സതീശൻ ആരോപിച്ചു. അതിനും ആഴ്ചകൾക്കു ശേഷം ഈ സംഖ്യയിൽ ഒരുകോടി കൈപ്പറ്റിയതു വ്യവസായമന്ത്രി ഇ പി ജയരാജന്റെ മകനാണെന്നും ആരോപണം ഉയർന്നുവന്നത്. ബാക്കിതുക സംബന്ധിച്ച ഒരുപാടു ഊഹാപോഹങ്ങൾ അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നു. ഇപ്പോൾ കേരള സർക്കാരിനെയും പ്രധാന സിപിഎം നേതാക്കളെയും മന്ത്രിമാരെയും മൊത്തത്തിൽ ആരോപണങ്ങളുടെയും സംശയങ്ങളുടെയും പുകമറയിൽ നിർത്തിയിരിക്കുകയാണ് ലൈഫ് മിഷൻ അഴിമതി സംബന്ധിച്ച പ്രശ്നങ്ങൾ.
ലൈഫ് മിഷനിലെ സർക്കാരിന്റെ എടുത്തുപറയത്തക്ക നേട്ടങ്ങൾ പൊതുസമൂഹത്തിനു മുന്നിൽ എണ്ണിപ്പറഞ്ഞു നേട്ടങ്ങൾ കൊയ്തെടുക്കാൻ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ഈ സന്ദർഭത്തിൽ എൽഡിഎഫിനോ സർക്കാരിനോ കഴിയുന്നില്ല എന്നതു സത്യമാണ്. എന്നാൽ ആരാണ് അതിനു ഉത്തരവാദി എന്ന പരിശോധന എത്തിച്ചേരുന്നത് പ്രതിപക്ഷത്തിന്റെ വാതിൽക്കലല്ല, മറിച്ചു സർക്കാറിന്റെയും മുഖ്യമന്ത്രിയുടെയും അടുപ്പക്കാരിലും അന്തപ്പുരങ്ങളിലും തന്നെയാണ്. നാലര കോടിയിടെ അഴിമതി സംബന്ധിച്ച വാർത്ത പുറത്തുവിട്ട കൈരളി ചാനൽ സാധാരണ നിലയിൽ പിന്നീട് അതിന്റെ അന്വേഷണങ്ങളുടെ ഭാഗമായി ആ പണം ആർക്കൊക്കെ കിട്ടി, എങ്ങനെയാണു കൊള്ളമുതൽ ഭാഗിച്ചത് തുടങ്ങിയ വിവരങ്ങൾ കൂടി പുറത്തു വിടേണ്ടതായിരുന്നു. സാധാരണ നിലയിൽ ഏതു അന്വേഷണാത്മക വാർത്തകളിലും ഇത്തരം വിശദാംശങ്ങങ്ങൾ പിന്നീടുള്ള ദിവസങ്ങളിൽ ബന്ധപ്പെട്ടവർ പുറത്തു കൊണ്ടുവരും. കാരണം അത്തരം ബലമുള്ള വാർത്താ സോഴ്‌സുകളെ അവലംബിച്ചു കൊണ്ടാണ് മാധ്യമങ്ങൾ അന്വേഷണ റിപ്പോർട്ടുകൾ കൊണ്ടുവരുന്നത്. രാജീവ് ഗാന്ധിയെ പ്രതിസന്ധിയിലാക്കിയ ബൊഫോഴ്‌സ് അന്വേഷണ റിപ്പോർട്ടുകൾ ഉദാഹരണം. വാർത്ത പ്രസിദ്ധീകരിച്ച ദി ഹിന്ദു അടക്കമുള്ള പത്രങ്ങൾ മാസങ്ങളോളം അതിന്റെ തുടർവിവരങ്ങൾ പ്രസിദ്ധപ്പെടുത്തി. നരേന്ദ്ര മോദിയെ അഴിമതി ആരോപണങ്ങളുടെ നിഴലിലാക്കിയ റഫാൽ വിമാനക്കരാർ സംബന്ധിച്ച വാർത്തകൾ നോക്കുക. ദിനംപ്രതി പുതിയ വിവരങ്ങൾ അതു ആദ്യം പ്രസിദ്ധീകരിച്ച ഹിന്ദു പത്രം നൽകുകയുണ്ടായി. അന്വേഷണ വാർത്തകളുടെ പൊതുസ്വഭാവമിതാണ്. ഒരു വസ്തുത പുറത്തുകൊണ്ടുവന്നാൽ പിന്നീട് മുങ്ങിക്കിടക്കുന്ന മറ്റു ഭാഗങ്ങൾ കൂടി വെളിയിൽ വരും. തുടർവാർത്തകൾ അവയുടെ അടിസ്ഥാന സ്വഭാവമാണ്. എന്നാൽ കൈരളിയുടെ പ്രമാദമായ റിപ്പോർട്ട് കായംകുളം വാളുപോലെ ഇപ്പോൾ സർക്കാരിനെയും മുഖ്യമന്ത്രിയെയും തന്നെ തിരിഞ്ഞുകുത്തുകയാണ്. വാർത്ത പുറത്തുവിട്ട വ്യക്തികളും ചാനലുമാകട്ടെ, അങ്ങനെയൊരു സംഭവമേ ഈ ലോകത്തു നടന്നതായി ഭാവിക്കുന്നതുമില്ല.