ചൈനാ അതിർത്തിയിൽ സംഘർഷം കുറഞ്ഞെന്നു ഔദ്യോഗിക വൃത്തങ്ങൾ

ന്യൂഡൽഹി: കഴിഞ്ഞ വെള്ളിയാഴ്ച മോസ്‌കോയിൽ ഇന്ത്യയുടേയും ചൈനയുടെയും വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തിൽ ഒപ്പുവെച്ച അഞ്ചിന ഫോർമുലയുടെ അടിസ്ഥാനത്തിൽ ഇരുഭാഗത്തും സംഘർഷ ലഘൂകരണത്തിനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പടുത്തി.

കഴിഞ്ഞ  ആഴ്ചകളിൽ ഇരുപക്ഷവും തമ്മിൽ കടുത്ത സംഘർഷത്തിൽ ഏർപ്പെട്ട കിഴക്കൻ ലഡാക്കിലെ വിവിധ മേഖലകളിൽ മുൻനിലയിലേക്കു തിരിച്ചുപോക്ക് നടക്കുന്നതായി ഇന്ത്യയിലെ ഉന്നത സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടു ദി ഹിന്ദു ഇന്നു റിപ്പോർട്ട് ചെയ്തു.  ലഡാക്കിലെ പാങ്കോങ് തടാക പ്രദേശത്തു  ഏതാനും ദിവസങ്ങൾക്കു മുമ്പ് സംഘർഷവും ആകാശത്തേക്ക് വെടിവെപ്പും നടന്നിരുന്നു. അവിടെ ഇരുഭാഗവും കൂടുതൽ മുൻപോട്ടു നീങ്ങി നിലയുറപ്പിച്ചത് ഒഴിവാക്കിത്തുടങ്ങി. ഈ പ്രദേശത്തു ആഗസ്റ്റ് 30നും  സെപ്റ്റംബർ ഏഴിനും രണ്ടു തവണ വെടിവെപ്പ് ഉണ്ടായതാണ്.1975നു  ശേഷം ആദ്യമായാണ് അതിർത്തിയിൽ വെടിവെപ്പ് നടക്കുന്നത്. അതിനാൽ സെപ്റ്റംബർ പത്തിനു മോസ്‌കോയിൽ നടന്ന ചർച്ചയിൽ സംഘർഷ ലഘൂകരണത്തിനുള്ള അടിയന്തിര നടപടികളിലാണ് ഇരുപക്ഷവും പ്രധാനമായി ഊന്നിയാണ്. സൈന്യങ്ങളെ മുൻ സ്ഥിതിയിലേക്കു പിൻവലിക്കുക, തർക്കപ്രദേശങ്ങളിൽ  ഇരുപക്ഷവും ചർച്ച നടത്തുക, പരസ്പര വിശ്വാസം ശക്തിപ്പെടുത്തുന്നതിന് മറ്റു നടപടികൾ സ്വീകരിക്കുക എന്നിങ്ങനെ ചില നീക്കങ്ങളാണ് മോസ്‌കോ ചർച്ചയിൽ ഉയർന്നുവന്നത്.

അതിർത്തിയിൽ ഇതിന്റെ  ഭാഗമായ നീക്കങ്ങൾ  ഇരുപക്ഷവും ആരംഭിച്ചിട്ടുണ്ട് എന്നാണ് ഇന്ത്യയുടെ ഔദ്യോഗിക വൃത്തങ്ങൾ ഇന്നലെ വെളിപ്പെടുത്തിയത്.  അതേസമയം,പ്രശ്നങ്ങൾ തുടങ്ങിയ ഏപ്രിലിനു മുമ്പുള്ള സ്ഥിതിയിലേക്കു ചൈനീസ് സേനകൾ മടങ്ങിയിട്ടില്ല. ഏപ്രിലിനു ശേഷം അവർ പ്രദേശത്തു നടത്തിയ മുന്നേറ്റങ്ങളിൽ നിന്നാണ് തൽകാലം പിന്മാറിയിരിക്കുന്നത്. ഏപ്രിലിനു മുമ്പത്തെ  അവസ്ഥയിലേക്കു അവർ പിന്മാറണമെന്നും അതിനായി പ്രാദേശിക കമാണ്ടർ തല ചർച്ചകൾ നടക്കുന്നുണ്ടെന്നും ഇന്ത്യൻ അധികൃതർ വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യാ-ചൈനാ സംഘർഷം മേഖലയിലെ സമാധാനത്തിനു  ഗുരുതരമായ പ്രതിസന്ധിയാകുന്നതു ഒഴിവാക്കാനായി വിവിധ തലങ്ങളിൽ കഴിഞ്ഞ ആഴ്ചകളിൽ  ഇടപെടലുകൾ നടക്കുന്നുണ്ടായിരുന്നു. മോസ്‌കോയിൽ നടന്ന ചർച്ചകൾക്ക് പശ്ചാത്തലം ഒരുക്കിയതു റഷ്യയുടെ ഇടപെടലുകളാണ്. പ്രശ്നപരിഹാരത്തിനായി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ഇന്ത്യയുടേയും ചൈനയുടെയും ഉന്നത നേതൃത്വമായി ഒന്നിലേറെ തവണ ചർച്ചകൾ നടത്തിയിരുന്നു. അതിന്റെ കൂടി വിജയമായാണ് അതിർത്തിയിലെ പുതിയ പിന്മാറ്റ നീക്കങ്ങളെ  മാധ്യമങ്ങൾ വിലയിരുത്തുന്നത്

Leave a Reply