പിടിമുറുകുമ്പോള്‍ രക്ഷപ്പെടാനുള്ള തന്ത്രം:രമേശ്‌

അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്ന് ഓരോ പത്രസമ്മേളനത്തിലും പറഞ്ഞിരുന്ന മുഖ്യമന്ത്രി ഇപ്പോള്‍ എന്തുകൊണ്ടാണ് മലക്കം മറിഞ്ഞതെന്നു പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പത്രലേഖകരോട് സംസാരിക്കവേ ചോദിച്ചു. . അന്വേഷണ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതെന്തിന്, അവര്‍ ശരിയായ ദിശയില്‍ അന്വേഷണം നടത്തട്ടെ, എന്നാണ് മുഖ്യമന്ത്രി വാര്‍ത്താ ലേഖകരോട് പറഞ്ഞിരുന്നത്. എന്നാല്‍ ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവനയില്‍ പറയുന്നത് അന്വേഷണ ഏജന്‍സിയായ ഇഡിക്ക് രാഷ്ട്രീയ താത്പര്യമെന്നാണ്.

എന്നു മുതലാണ് ഇങ്ങനെ തോന്നിത്തുടങ്ങിയത്? അത് പാര്‍ട്ടി സെക്രട്ടറി കോടിയേരിയുടെ മകനെ ചോദ്യം ചെയ്തതു മുതലാണ്. അത് മന്ത്രിസഭയിലെ ഒരു മന്ത്രിയെ ചോദ്യം ചെയ്തതു മുതലാണ്. അത് മറ്റൊരു മന്ത്രി പുത്രന്‍ കൂടി കുടുങ്ങുമെന്ന് വന്നപ്പോഴാണ്. അപ്പോഴാണ് ഇ ഡിക്ക് രാഷ്ട്രീയ താത്പര്യമെന്ന് സിപിഎമ്മിന് തോന്നിത്തുടങ്ങിയത്. പിടി മുറുകുമ്പോള്‍ രക്ഷപ്പെടാനുള്ള തന്ത്രമാണ് ഇത്- പ്രതിപക്ഷ നേതാവ് ആരോപിച്ചു

അന്വേഷണം പുരോഗമിക്കുമ്പോള്‍ ആരുടെയൊക്കെ നെഞ്ചിടിപ്പ് വര്‍ദ്ധിക്കുമെന്ന് കാണാമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇപ്പോള്‍ എവിടെ? അദ്ദേഹത്തെ കാണാനില്ല. ഇടതു വ്യതിയാനം നോക്കി നടക്കുന്ന കാനം രാജേന്ദ്രനെ കണ്ടവരുണ്ടോ? കാനം കാശിക്ക് പോയോ? സി.പി.ഐക്കാര്‍ മാളത്തിലൊളിച്ചോ? -രമേശ്‌ ചോദിച്ചു.

എല്ലാ കുറ്റങ്ങളും ചെയ്ത കെ.ടി ജലീല്‍ ഫേസ് ബുക്കില്‍ പറയുന്നത് എന്താണ്? തങ്ങളറിയാതെ ഒരീച്ച പോലും പാറില്ലെന്ന് കരുതിയ പത്രക്കാരെ കബളിപ്പിച്ചെന്നാണ്. ഒരീച്ച പോലും അറിയാതെ കള്ളം ചെയ്യുന്നവരെയാണ് പഠിച്ച കള്ളന്മാരെന്ന് പറയുന്നത്. മാദ്ധ്യമങ്ങളെ കളിയാക്കിയിട്ട് കാര്യമില്ല.

മന്ത്രിസഭ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ യു.ഡി.എഫ് തീരുമാനിച്ചിരിക്കുന്നു. സപ്തംബര്‍ 22 ന് യു.ഡി.എഫ് സെക്രട്ടേറിയറ്റ് പടിക്കലും ജില്ലാ കളക്ടറേറ്റുകളിലും സത്യാഗ്രഹമനുഷ്ഠിക്കും.

ഒരു മന്ത്രി പുത്രനെതിരെ ഇന്ന് വന്നിട്ടുള്ള ആരോപണം ഗൗരവതരമാണ്. പാവങ്ങളുടെ പേരിലെ ലൈഫ് മിഷനില്‍ നിന്ന് കമ്മീഷനടിച്ച സ്വപ്നാ സുരേഷുമായി മന്ത്രി പുത്രന് എന്തു ബന്ധം? മന്ത്രി പുത്രനും കമ്മീഷന്‍ കിട്ടിയോ? അറിയേണ്ട കാര്യങ്ങളാണ്. ഈ വാര്‍ത്തകള്‍ പുറത്തു വരുമ്പോള്‍ മുഖ്യമന്ത്രി മൗനത്തിലാണ്.ഏതു കുറ്റം ചെയ്താലും മുഖ്യമന്ത്രി ജലീലിനെ സംരക്ഷിക്കുന്നതെന്തിനെന്ന് ഞങ്ങള്‍ക്കും മനസിലാവുന്നില്ല. മാര്‍ക്ക് ദാനത്തിലും, ബന്ധു നിയമനത്തിലും, ഭൂമി വിവാദത്തിലുമെല്ലാം തെറ്റു ചെയ്തിട്ടും മറ്റു മന്ത്രിമാര്‍ക്കില്ലാത്ത പരിഗണന ജലീലന് നല്‍കുന്നു. മുഖ്യമന്ത്രിക്ക് ജലീലിനെ ഭയമാണെന്ന് ഞാന്‍ പറഞ്ഞത് അതിനാലാണ്.-രമേശ്‌ തുടര്‍ന്നു.

Leave a Reply