ജലീലിന്റെ രാജിക്കായി യുവജന പ്രക്ഷോഭം; പലേടങ്ങളിലും പോലീസുമായി ഏറ്റുമുട്ടൽ

കോഴിക്കോട്: യുഎഇ കോൺസുലേറ്റ് വഴി വിദേശ രാജ്യത്തുനിന്നും അനുമതിയില്ലാതെ കൊണ്ടുവന്ന പാഴ്സലുകൾ സ്വീകരിച്ച വിഷയത്തിൽ എൻഫോഴ്‌സ്‌മെന്റ്  ഡയറക്റ്ററേറ്റ് ചോദ്യം ചെയ്ത ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിന്റെ രാജിയാവശ്യപ്പെട്ടു സംസ്ഥാനമെങ്ങും ശക്തമായ യുവജന പ്രക്ഷോഭം. മലപ്പുറത്തു  വളാഞ്ചേരിയിൽ യുവമോർച്ചാ പ്രവർത്തകർ ജലീലിന്റെ വീട്ടിലേക്കു മാർച്ച് നടത്തി. കോഴിക്കോട്, കൊല്ലം തുടങ്ങിയ പ്രദേശങ്ങളിൽ പോലീസ് സമരക്കാർക്കെതിരെ ജലപീരങ്കി പ്രയോഗിച്ചു.

 കണ്ണൂർ-കോഴിക്കോട് ദേശീയപാത  യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ ഉപരോധിച്ചു. നഗരത്തിൽ യൂത്ത് ലീഗ്  പ്രവർത്തകരും പോലീസും തമ്മിൽ ശക്തമായ ഉന്തും തള്ളുമുണ്ടായി . കാസർഗോഡ്, കോഴിക്കോട് നഗരങ്ങളിൽ പോലീസ്   ജലപീരങ്കി പ്രയോഗിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ്സ്, യൂത്ത് ലീഗ്,  യുവമോർച്ചാ പ്രവർത്തകരാണ് ജലീലിന്റെ രാജി ആവശ്യപ്പെട്ടു പ്രക്ഷോഭ രംഗത്തു ഇറങ്ങിയത്. തിരുവനന്തപുരത്തു സെക്രട്ടറിയറ്റിനു മുന്നിലും വിവിധ യുവജന സംഘടനകൾ മഴയെ കൂസാതെ സമര രംഗത്തുണ്ട്.

കേന്ദ്ര ഏജൻസികളുടെ ചോദ്യം ചെയ്യലിനു വിധേയനായ ജലീൽ  മന്ത്രിസഭയിൽ നിന്നു രാജി വെക്കണമെന്ന് മുസ്ലിംലീഗ് ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഇന്നുരാവിലെ മലപ്പുറത്തു ആവശ്യപ്പെട്ടു. ജലീൽ രാജിവെക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജലീലിനെ മുഖ്യമന്ത്രി  സംരക്ഷിക്കുകയാണെന്നു ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ ആരോപിച്ചു. നേരത്തെ ഇത്തരം ആരോപണം വന്നപ്പോൾ ഇ പി    ജയരാജനെപ്പോലുള്ള സീനിയർ നേതാവിന്റെ രാജി ചോദിച്ചു വാങ്ങിയ ആളാണ് മുഖ്യമന്ത്രി. എന്നാൽ ജലീലിന്റെ കാര്യത്തിൽ അദ്ദേഹം  ആ നിലപാടല്ല സ്വീകരിക്കുന്നത്. ജയരാജനും  ശിവശങ്കരനും ബാധകമായ മാനദണ്ഡങ്ങൾ ജലീലിനും ബാധകമാകണമെന്നും അഴിമതിക്കാരനെ സംരക്ഷിക്കാൻ മുഖ്യമന്ത്രി തയ്യാറാകരുതെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

എന്നാൽ ചോദ്യം ചെയ്യലിന്റെ പേരിൽ മന്ത്രിയെ മാറ്റിനിർത്തണം എന്ന ആവശ്യത്തോടു യോജിക്കാൻ സാധ്യമല്ലെന്ന  നിലപാടിലാണ് സിപിഎം കേന്ദ്ര- സംസ്ഥാന നേതൃത്വങ്ങളുള്ളത്. രാജി ആവശ്യം   അംഗീകരിക്കേണ്ടതില്ല  എന്ന സമീപനമാണ് പാർട്ടി ജലീലിന്റെ കാര്യത്തിൽ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. 

Leave a Reply