സ്റ്റേറ്റ് കാറില്ലാതെ മന്ത്രി; മന്ത്രിയില്ലാതെ സ്റ്റേറ്റ് കാർ: ജലീലിന്റെ യാത്രയുടെ ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം:  ഉന്നത വിദ്യാഭ്യാസമന്ത്രി കെ ടി ജലീലിന്റെ കൊച്ചി എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റിലേക്കുള്ള യാത്രയെ കുറിച്ചും പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. മന്ത്രിയുടെ കാർ ഡ്രൈവർ മാത്രമായി അരൂരിൽ നിന്നു പുറത്തേക്കു പോയതിന്റെയും കൊച്ചിയിൽ സ്വകാര്യ കാറിൽ ഇ ഡി ഓഫീസിനു മുന്നിൽ ഇന്നലെ രാവിലെ മന്ത്രി എത്തുന്നതിന്റെയും  ദൃശ്യങ്ങൾ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ ശേഖരിച്ചതായി ദൃശ്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇന്നലെ രാവിലെ ഒമ്പതുമണിക്കാണ് മന്ത്രി ജലീൽ ഇ ഡി ഓഫീസിൽ ചോദ്യം ചെയ്യലിനായി ഹാജരായത്. മൂന്നുമണിക്കൂർ നേരം അദ്ദേഹം ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്കു ഉത്തരം നൽകി. വീണ്ടും വിളിക്കും എന്ന മുന്നറിയിപ്പോടെയാണ് അദ്ദേഹത്തിന്റെ ചോദ്യം ചെയ്യൽ ഇന്നലെ ഇ   ഡി അധികൃതർ അവസാനിപ്പിച്ചത്.

എന്നാൽ  മന്ത്രിയുടെ  രഹസ്യയാത്രയും മാധ്യമങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടവും ഇന്നു കൂടുതൽ ഗൗരവമുള്ള ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. കാരണം അരൂരിലെ ഒരു സ്വകാര്യ വ്യവസായിയുടെ വീട്ടിലേക്കു മന്ത്രിയുടെ ഔദ്യോഗിക കാർ പോകുന്നതും പിന്നീട് അതു ഡ്രൈവർ മാത്രമായി പുറത്തേക്കു പോകുന്നതുമായ ദൃശ്യങ്ങൾ മാധ്യമങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ രാവിലെ അരൂരിലെ അനസ്‌  എന്ന പേരുള്ള ഒരാളുടെ പേരിൽ രജിസ്റ്റർ ചെയ്ത കാറിൽ മന്ത്രി ഇ ഡി ഓഫീസിൽ വന്നിറങ്ങുന്ന സിസിടിവി ദൃശ്യങ്ങളും മാധ്യമങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

എന്നാൽ തിരുവനന്തപുരത്തു മന്ത്രിയുടെ   ഓഫീസിൽ നിന്നു മാധ്യമങ്ങളെ അറിയിച്ചത്‌ അദ്ദേഹം നാട്ടിൽ പോയി എന്നാണ്. അതേസമയം, മലപ്പുറം വളാഞ്ചേരിയിലെ വീട്ടിൽ വിളിച്ച മാധ്യമപ്രവർത്തകർക്കു കിട്ടിയ വിവരം മന്ത്രി തിരുവനന്തപുരത്തു   ഓഫീസിലാണെന്നാണ്. മാധ്യമങ്ങളെ ഒഴിവാക്കാനാണ് മന്ത്രിയുടെ ഓഫീസും വീടും ഇങ്ങനെ വസ്തുതാവിരുദ്ധമായ വിവരങ്ങൾ മാധ്യമപ്രവർത്തകർക്കു നൽകിയത് എന്ന ആരോപണമുണ്ട്. അതിനാൽ യഥാർത്ഥത്തിൽ ഈ   സമയത്തു മന്ത്രി എന്തുചെയ്യുകയായിരുന്നു, ആരുമായിട്ടാണ്  അദ്ദേഹം ബന്ധപ്പെട്ടത് തുടങ്ങിയ വിവരങ്ങളാണ് രഹസ്യാന്വേഷണ വിഭാഗം ശേഖരിക്കുന്നത്.

 യുഎഇ കോൺസുലേറ്റുമായുള്ള ബന്ധങ്ങൾ സംബന്ധിച്ചു ജലീൽ നൽകിയ വിശദീകരണങ്ങളിൽ ചില വൈരുധ്യങ്ങൾ ഇ ഡി അധികൃതർ കണ്ടെത്തിയതായി ഇന്നു രാവിലെ മുതൽ ദൃശ്യമാധ്യമങ്ങൾ പറയുന്നുണ്ട്. അതിന്റെ അർഥം ജലീൽ കൂടുതൽ  വിശദമായ ചോദ്യം ചെയ്യലുകൾക്കു വിധേയനാകേണ്ടി വരും എന്നാണ്. അതിനിടയിൽ അദ്ദേഹം നടത്തുന്ന ഒളിച്ചുകളി മന്ത്രിയെ കൂടുതൽ പ്രതിസന്ധിയിലാക്കും എന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്. മന്ത്രിസഭയിൽ അദ്ദേഹത്തിന്റെ സഹപ്രവർത്തകരായ എംഎം മണിയും കടകംപള്ളി സുരേന്ദ്രനും ഇന്നു ജലീലിനെ ന്യായീകരിച്ചുകൊണ്ടു രംഗത്തു വന്നിട്ടുണ്ട്. കഴിഞ്ഞ സർക്കാരിന്റെ കാലത്തു മുഖ്യമന്ത്രിയടക്കം ഇങ്ങനെ ചോദ്യം ചെയ്യലിനു വിധേയരായിട്ടുണ്ട് എന്നും അതിനാൽ ജലീലിന്റെ രാജി ആവശ്യത്തിൽ  പ്രസക്തിയില്ല എന്നുമാണ് കടകംപള്ളിയുടെ ന്യായീകരണം. എന്നാൽ കഴിഞ്ഞ മന്ത്രിസഭയുടെ കാലത്തു  മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ശിവരാജൻ കമ്മീഷനു മുമ്പിൽ ഹാജരായതു രഹസ്യമായിട്ടല്ല, മറിച്ചു പൂർണമായും മാധ്യമങ്ങളുടെ ശ്രദ്ധയിൽ തന്നെയാണ് എന്ന കാര്യമാണ് ചർച്ചയാകുന്നത്. മന്ത്രി എവിടെയാണ് എന്ന കാര്യത്തിൽ ഇപ്പോഴും  കൃത്യമായ വിവരങ്ങൾ അദ്ദേഹത്തിന്റെ സ്റ്റാഫ് അറിയിക്കുന്നില്ല. എന്തിനാണ്  മന്ത്രി ഒളിവിൽ പോകുന്നത്

Leave a Reply