മന്ത്രി ജലീലിനെ ചോദ്യം ചെയ്തു; മന്ത്രിസഭ പ്രതിസന്ധിയിലേക്കു നീങ്ങുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ  പ്രിൻസിപ്പൽ  സെക്രട്ടറി ശിവശങ്കരന് പിന്നാലെ പിണറായി മന്ത്രിസഭയിലെ ഉന്നത വിദ്യാഭ്യസ വകുപ്പു മന്ത്രിയും മുഖ്യമന്ത്രിയുടെ വിശ്വസ്തനുമായ കെ ടി ജലീലിനെ ഇന്നു മൂന്നു മണിക്കൂറോളം കൊച്ചിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത് സർക്കാരിനു മുന്നിൽ ഗുരുതരമായ പ്രശ്നങ്ങളാണ്  ഉയർത്തുന്നത്.

ജലീലിനെ ഇന്നു രാവിലെ മുതൽ ചോദ്യം ചെയ്തതായി  ഇ ഡി അധികൃതർ തന്നെയാണ് വെളിപ്പെടുത്തിയത്. യുഎഇ കോൺസുലേറ്റുമായി മന്ത്രിയുടെ ബന്ധങ്ങൾ സംബന്ധിച്ച  കാര്യങ്ങളാണ് മന്ത്രിയോട് ചോദിച്ചതെന്നു അറിയുന്നു .കോൺസുലേറ്റിനു വന്ന ബാഗുകളിൽ നിന്നു സ്വർണം പിടിച്ച അവസരത്തിലാണ് മന്ത്രിയുടെ ഓഫീസിലേക്ക് കോൺസുലേറ്റ് വഴി നിരവധി പാഴ്സലുകൾ വന്ന വിവരം പുറത്തായത്., മന്തിയുടെ കീഴിലുള്ള സി -ആപ്റ്റ് എന്ന  സ്ഥാപനത്തിന്റെ വാഹനത്തിൽ തിരുവനന്തപുരത്തു നിന്നും  മലപ്പുറത്തു  എടപ്പാളിലേക്കു കൊണ്ടുപോയ പാഴ്സലുകളിൽ ഉണ്ടായിരുന്നതു ഗൾഫിൽ നിന്നും ഇവിടെ വിതരണം ചെയ്യാനായി കൊടുത്തയച്ച ഖുർആൻ പ്രതികളാണെന്നു  മന്ത്രി അവകാശപ്പെടുകയുണ്ടായി.എന്നാൽ  പുസ്തകങ്ങൾക്ക്  പുറമെ അതിൽ മറ്റെന്തെങ്കിലും വസ്തുക്കൾ കടത്തുകയുണ്ടായോ എന്ന കാര്യമാണ് എൻഫോഴ്‌സ്‌മെന്റ് അധികൃതർ അന്വേഷിക്കുന്നത്. കോൺസുലേറ്റ് അധികൃതരുടെ ഒത്താശയോടെയാണ് നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയത് എന്നു വെളിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പാഴ്സലുകളുമായി ബന്ധപ്പെട്ട അന്വേഷണം. ചോദ്യം ചെയ്യൽ ഒന്നാം ഘട്ടം മാത്രമേ   കഴിഞ്ഞിട്ടുള്ളൂ എന്നും വെളിപ്പെടുത്തിയ വിവരങ്ങൾ വിശകലനം ചെയ്തു വീണ്ടും വിളിക്കാനിടയുണ്ടെന്നും ഇ ഡി വൃത്തങ്ങൾ പറയുന്നുണ്ട്. കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി   കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ 11 മണിക്കൂർ ഇ ഡി ചോദ്യം ചെയ്തതിനു പിന്നാലെയാണ് ഇന്നു മന്ത്രിയെ ചോദ്യം ചെയ്തത്.ഇതു രാഷ്ട്രീയമായി സിപിഎമ്മിനേയും സർക്കാരിനെയും പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.

നേരത്തെ മുസ്ലിം യൂത്ത് ലീഗിന്റെ സംസ്ഥാന   അധ്യക്ഷനായിരുന്ന കെ ടി ജലീൽ ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുമായുണ്ടായ ഭിന്നതകൾ കാരണമാണ് ലീഗിൽ നിന്നും പുറത്തായത്. ഐസ് ക്രീം കേസിൽ ആരോപണം നേരിട്ട കുഞ്ഞാലിക്കുട്ടിയെ 1997 നിയമസഭാ തിരഞ്ഞെടുപ്പിൽ  കുറ്റിപ്പുറത്തു എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ച  ജലീൽ പരാജയപ്പെടുത്തി. പിന്നീട് സിപിഎമ്മുമായി അടുത്ത ജലീൽ ഇപ്പോൾ മുസ്ലിം സമുദായ നേതൃത്വവുമായി പാർട്ടിയെ ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയാണ്.  സിപിഎം ആഭിമുഖ്യത്തിൽ മുസ്ലിം സമുദായ കാര്യങ്ങൾക്കായി പ്രസിദ്ധീകരിക്കുന്ന മുഖ്യധാര എന്ന ത്രൈമാസികയുടെ പത്രാധിപരുമാണ് അദ്ദേഹം .

ജലീൽ രാജി വെക്കണമെന്നും അല്ലെങ്കിൽ അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്നു പുറത്താക്കണമെന്നും വിവിധ പ്രതിപക്ഷ കക്ഷികൾ വെള്ളിയാഴ്‌ച  ആവശ്യപ്പെട്ടു. 

Leave a Reply