അലന്‍- താഹ കേസ് വിധി സര്‍ക്കാരിന് തിരിച്ചടി: മനുഷ്യാവകാശ കമ്മിറ്റി

കോഴിക്കോട് :അലന്‍ താഹ കേസ് വിധി കേരള സര്‍ക്കാരിനേറ്റ
തിരിച്ചടിയാണെന്ന്അലന്‍ താഹ മനുഷ്യാവകാശ കമ്മിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി.

മാവോയിസ്റ്റ് ബന്ധം ആരോപിച്ചു പൊലീസ് അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബിനും താഹ ഫസലിനും ജാമ്യം അനുവദിച്ചു എറണാകുളം എന്‍ഐഎ കോടതിയുടെ വിധി പൗരാവകാശ സംരക്ഷണത്തിനുള്ള ജനകീയ മുന്നേറ്റത്തിന് വലിയ ഉത്തേജനം നല്‍കുന്നതാണെന്നു അലന്‍-താഹ മനുഷ്യാവകാശ സമിതി അഭിപ്രായപ്പെട്ടു. യാതൊരു തെളിവുമില്ലാതെ ഭീകരവാദി മുദ്ര ചാര്‍ത്തി രണ്ടു വിദ്യാര്‍ത്ഥികളെയും തടങ്കലില്‍ തള്ളാനുള്ള നീക്കങ്ങള്‍ക്കു ശക്തമായ തിരിച്ചടിയുമാണ് കോടതി വിധി.

കഴിഞ്ഞ നവംബര്‍ ഒന്നിനാണ് അലനെയും താഹയെയും അറസ്റ്റ് ചെയ്തത്. യു എ പി എ വിരുദ്ധ നിലപാടു പ്രഖ്യാപിച്ച ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിലുള്ള കേരള സര്‍ക്കാരിന്റെ പൊലീസാണ് ഇവരെ യു എ പി എ ചുമത്തി തടവിലിട്ടത്. വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിക്കുന്നതിനു പകരം ഇരുവരും മാവോവാദികളാണ് എന്നു പ്രഖ്യാപിക്കാനും അവരുടെ ജീവിതത്തെ കാരാഗൃഹത്തിന്റെ ഇരുളില്‍ അടച്ചിടാനുമാണ് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ പല പ്രമുഖ നേതാക്കളും തയ്യാറായത്. എന്നാല്‍ അത്തരം ആരോപണങ്ങളില്‍ യാതൊരു കഴമ്പുമില്ലെന്നും രാഷ്ട്രീയ അഭിപ്രായങ്ങളുടെ പേരില്‍ പൗരന്മാര്‍ക്കെതിരെ നടപടികള്‍ എടുക്കുന്നത് അംഗീകരിക്കാനാവുകയില്ല എന്നുമുള്ള സുപ്രീം കോടതിയുടെ നേരത്തെയുള്ള നിലപാട് ഉയര്‍ത്തിപ്പിടിക്കുന്ന വിധിന്യായമാണ് എന്‍ഐഎ കോടതിയില്‍ നിന്നും വന്നിരിക്കുന്നത്. അതിനെ കമ്മിറ്റി സര്‍വാത്മനാ സ്വാഗതം ചെയ്യുന്നു.

അലന്‍- താഹമാരുടെ പേരിലുള്ള സമിതി പ്രവര്‍ത്തനം ഈ ഘട്ടത്തില്‍ അവസാനിപ്പിക്കാനും വിപുലമായ മനുഷ്യാവകാശ പ്രശ്‌നങ്ങളോടു പ്രതികരിക്കുന്ന പ്രവര്‍ത്തന കേന്ദ്രമായി മാറാനും തീരുമാനിച്ചു. അലന്‍- താഹമാരുടെ പേരിലുള്ള യു എ പി എ എടുത്തുമാറ്റാനും ഇത്തരം കേസുകളില്‍ യു എ പി എ റദ്ദാക്കാനും വിപുലമായ കാമ്പെയിന്‍ ആവശ്യമുണ്ട്. ഇതുവരെ പുലര്‍ത്തിപോന്ന ഐക്യവും സഹകരണവും തുടര്‍ന്നും അഭ്യര്‍ത്ഥിക്കുന്നു.

. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ ചെയര്‍മാന്‍ ബി ആര്‍ പി ഭാസ്‌കര്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ഡോ. ആസാദ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ അജിത, ഡോ. പി കെ പോക്കര്‍, എന്‍ പി ചെക്കുട്ടി, കെ പി പ്രകാശന്‍, ഡോ. കെ എന്‍ അജോയ്കുമാര്‍, വിജി പെണ്‍കൂട്ട്, വി എ ബാലകൃഷ്ണന്‍, ഗുലാബ്ജാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply