ഇന്ത്യാ -ചൈനാ വിദേശകാര്യമന്ത്രിതല ചർച്ച: പ്രശ്നപരിഹാരത്തിന് അഞ്ചിന ഫോർമുല
മോസ്‌കോ: ഇന്ത്യാ-ചൈനാ വിദേശകാര്യമന്ത്രിമാരുടെ സുപ്രധാന സമ്മേളനത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തി സംഘർഷങ്ങൾക്ക് പരിഹാരം കാണാൻ അഞ്ചിന ഫോർമുല അംഗീകരിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തി. അതിർത്തിയിലെ സംഘർഷം കുറയ്ക്കാനും സൈന്യങ്ങളെ മുൻനിലകളിലേക്കു പിൻവലിക്കാനും ഇരുപക്ഷവും അടിയന്തിര നടപടികൾ എടുക്കും. സമാധാനം പുനസ്ഥാപിക്കുകയാണ് അടിയന്തിര ചുമതലയെന്നു ഇരുവിഭാഗവും അംഗീകരിച്ചു.
ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയ്‌ശങ്കറും ചൈനയുടെ വിദേശകാര്യമന്ത്രി വാങ് യിയും മോസ്‌കോയിൽ ഇന്നലെ നടത്തിയ ചർച്ച രണ്ടുമണിക്കൂറിലേറെ നീണ്ടുനിന്നു. അതിനുശേഷം ഇരുരാജ്യങ്ങളും പുറത്തിറക്കിയ ഔദ്യോഗിക കമ്മ്യൂണിക്കേകളിലാണ് പ്രശ്നപരിഹാരത്തിന് അഞ്ചിന നിർദേശങ്ങൾ ഉയർന്നുവന്നതായി വ്യക്തമാക്കിയത്.
മോസ്‌കോയിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ സമ്മേളനത്തിന്റെ ഭാഗമായുള്ള വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനു ശേഷമാണ് ഇരുനേതാക്കളും ഉഭയകക്ഷി ചർച്ചയിൽ ഏർപ്പെട്ടത്. അതിനുമുമ്പായി ഇന്ത്യ, റഷ്യ,ചൈന എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ പ്രത്യേക യോഗവും നടക്കുകയുണ്ടായി. സെപ്റ്റംബർ അഞ്ചിനു ഇതേവേദിയിൽ ഇരുരാജ്യങ്ങളുടെയും പ്രതിരോധമന്ത്രിമാർ തമ്മിലും ചർച്ച നടന്നിരുന്നു. എന്നാൽ അതിൽ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിരുന്നില്ല. തുടർന്നാണ് ഇന്നലെ വിദേശകാര്യമന്ത്രിതല ചർച്ചകൾ നടന്നത്.
ചൈനയുടെ അതിർത്തിയിലെ കടന്നുകയറ്റം സംബന്ധിച്ചു ഇന്ത്യയുടെ ശക്തമായ പ്രതിഷേധം യോഗത്തിൽ പ്രകടിപ്പിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. 1993ലും 1996ലും ഇരുരാജ്യങ്ങളും അംഗീകരിച്ച മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണ് അതിർത്തിയിലെ ചൈനീസ് സൈനിക നീക്കമെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.
ഇന്ത്യയും ചൈനയും തമ്മിലുള്ള തർക്കങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളെ വഷളാക്കുന്ന വിധത്തിൽ മാറാൻ അനുവദിച്ചുകൂടെന്നു ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ചൂണ്ടിക്കാട്ടിയതായി ചൈനയുടെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. സമാധാനം പുനസ്ഥാപിക്കാ നുള്ള പ്രായോഗിക നീക്കങ്ങളുടെ ആവശ്യകതയും അദ്ദേഹം ഉയർത്തി.
ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നപരിഹാര ചർച്ചകൾക്കു റഷ്യൻ അധികൃതരാണ് പ്രധാനമായും ചുക്കാൻ പിടിക്കുന്നത്. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് കഴിഞ്ഞദിവസം ഇന്ത്യൻ വിദേശകാര്യമന്ത്രിയുമായി മോസ്‌കോയിൽ ചർച്ച നടത്തിയിരുന്നു. വിവിധ വിഷയങ്ങളെ സംബന്ധിച്ചു ഫലപ്രദമായ ചർച്ചയാണ് ലാവ്‌റോവുമായി നടന്നതെന്നു ജയ്‌ശങ്കർ പിന്നീട് ട്വീറ്റ് ചെയ്യുകയുണ്ടായി .